Connect with us

Articles

സീസറും ഭാര്യയും മാന്യനായ ബ്രൂട്ടസും

Published

|

Last Updated

സീസറിന്റെ ഭാര്യ സംശയാതീതയായിരിക്കണം എന്ന കാര്യം കെ എം മാണിക്ക് ബോധ്യപ്പെടാന്‍ ഹൈക്കോടതിയിലെ ജസ്റ്റിസ് കമാല്‍ പാഷയുടെ വിധിന്യായം പുറത്ത് വരേണ്ടിവന്നു. അപ്പോഴാണ് മാണി സീസറാണെന്നും അദ്ദേഹത്തിന്റെ ഭാര്യ ആരാണെന്നുമൊക്കെ തിരിച്ചറിഞ്ഞത്. അതുവരെയും അദ്ദേഹം വിചാരിച്ചത് സീസര്‍ എന്നാല്‍ മന്ത്രി ബാബുവിന്റെ ബിവറേജസ് കോര്‍പ്പറേഷന്‍ വഴി വിറ്റഴിക്കുന്ന ഒരു ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം ആണെന്നാണ്. പാവം മാണി സാര്‍! വിധി വന്ന് 48 മണിക്കൂറുകള്‍ കഴിഞ്ഞപ്പോഴേക്കും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെ യു ഡി എഫ് നേതാക്കളുടെ യോഗവും സ്വന്തം ഔദ്യോഗിക വസതിയിലെ കേരളാ കോണ്‍ഗ്രസ് യോഗവും മാരത്തോണ്‍ ചര്‍ച്ചകളും ആയി മുന്നേറുന്നതിനിടയിലും രാജി അങ്ങനെയൊന്നും സംഭവിക്കാനേ പോകുന്നില്ല എന്ന നിലപാടില്‍ ഉറച്ചു നിന്നു അദ്ദേഹം. അതിനിടയിലാണ് കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതി യോഗത്തിന് സമാന്തരമായി മന്ത്രി പി ജെ ജോസഫിന്റെ വസതിയില്‍ മറ്റൊരു സമിതി സമ്മേളിച്ചതും. ഉമ്മന്‍ ചാണ്ടിയുടെ ദൂതുമായി മന്ത്രി കെ സി ജോസഫ്, പി ജെ ജോസഫിനേയും അനുയായികളേയും കാണുന്നതും ആവശ്യപ്പെടുന്നതെന്തും തന്ന് കൊള്ളാം, തല്‍ക്കാലം മാണിയോടൊപ്പം തങ്ങളെ വിട്ടുപോകരുതെന്ന സന്ദേശം കൈമാറുന്നതും. അതോടെ ജോസഫ് പക്ഷം, മാണിയോടൊപ്പം രാജിവെക്കില്ലെന്നും വെളിപ്പെടുത്തുന്നു. ജോസഫ് മനസ്സില്‍ കാണുന്നത് മാണി മരത്തേല്‍ കാണും. ജോസഫിനെ ഇപ്പോള്‍ ഒപ്പം നിര്‍ത്തിയില്ലെങ്കില്‍ മുമ്പ് താന്‍ ഇടതു മുന്നണിയിലേക്ക് നടന്നുകയറാന്‍ പണിതുെവച്ച പാലത്തിലൂടെ ജോസഫും ചങ്ങാതിമാരും അക്കരെ കടന്നെന്ന് വരും. അങ്ങനെ സംഭവിച്ചാല്‍ നാണം മറയ്ക്കാന്‍ തല്‍ക്കാലം കൈവശമുള്ള രണ്ടിലകള്‍ കൂടെ കൈവിട്ടുപോയി എന്നു വരും. അപ്പോഴാണ് അദ്ദേഹത്തിന് ബോധോദയം വന്നത്; സീസറാരാണെന്നും സീസറുടെ ഭാര്യ ആരാണെന്നും! നീതിന്യായ വ്യവസ്ഥയോടുള്ള ആദരവ് നിയമ മന്ത്രിയായ താന്‍ പാലിച്ചില്ലെങ്കില്‍ ഇന്ത്യന്‍ നീതിന്യായവ്യവസ്ഥ ഒന്നാകെ അന്ത്യശ്വാസം വലിച്ചേക്കുമെന്ന ആശങ്ക മാണി സാറിനെ കലശലായി ബാധിച്ചു. പിന്നെ ഒട്ടും വൈകിയില്ല. ഉണ്ണിയാടനേയും ഒപ്പം കൂട്ടി സംസ്ഥാന ഭരണകൂടം എന്ന മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലില്‍ നിന്ന് ഒറ്റ ചാട്ടം.
“മാണി സാറു കുറ്റക്കാരനല്ല, കുറ്റക്കാരനല്ല” എന്നിങ്ങനെ നൂറ്റൊന്നു പ്രാവശ്യം ഉരുവിട്ടിട്ടേ ഉമ്മന്‍ചാണ്ടി വാ പൂട്ടാറുള്ളു. കെ എം മാണിയും ഉമ്മന്‍ ചാണ്ടിയെ സ്തുതിക്കുന്നതില്‍ ഒട്ടും പുറകോട്ടു പോയിട്ടില്ല. തന്റെ രക്തത്തിനു വേണ്ടി ദാഹിക്കുന്നത് ആരാണെന്ന് അദ്ദേഹത്തിന് നന്നായി അറിയാം. തനിക്കെതിരെ ഗൂഢാലോചന നടത്തിയതും ആരൊക്കെയെന്ന് നന്നായി അറിയാം. പക്ഷേ, അതൊന്നും ഇപ്പോള്‍ പറയില്ല. ഉമ്മന്‍ചാണ്ടി ആളു വളരെ വളരെ മാന്യനാണെന്നും ഗൂഢാലോചനയില്‍ അദ്ദേഹമോ മറ്റാരെങ്കിലുമോ പങ്കാളിയായിട്ടുണ്ടെങ്കില്‍ നിങ്ങള്‍ പത്രക്കാര്‍ കണ്ടുപിടിച്ചുകൊള്ളാനുമാണ് മാണി പറയുന്നത്.
കെ എം മാണിയും ഉമ്മന്‍ ചാണ്ടിയും ചെറുപ്പത്തില്‍ ബി എ രണ്ടാം വര്‍ഷ ക്ലാസില്‍ വില്ല്യം ഷെയ്ക്‌സ്പിയറുടെ ജൂലിയസ്സ് സീസര്‍ നാടകം പഠിച്ചിരിക്കാന്‍ ഇടയുണ്ട്. ഈ നാടകത്തില്‍ സീസറുടെ ഭാര്യ അല്ല സീസറും സീസറുടെ അടുത്ത അനുചരന്മാരും ആയ മാര്‍ക്ക് ആന്റെണിയും ബ്രൂട്ടസും ആണ് മുഖ്യ കഥാപാത്രങ്ങള്‍. രാജിയെ തുടര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പിറ്റേന്നു മാണിയും നടത്തിയ പത്രസമ്മേളനം ജൂലിയസ് സീസര്‍ നാടകത്തിലെ മൂന്നാം അങ്കത്തിലെ രണ്ടാം രംഗത്തെ അതേപടി പകര്‍ത്തിയതു പോലുണ്ട്. നാടകരംഗം ഇങ്ങനെ. ബ്രൂട്ടസിന്റെ പിന്നില്‍ നിന്നുള്ള കുത്തേറ്റു കൊല്ലപ്പെട്ട സീസറിന്റെ മരണ വൃത്താന്തം അറിഞ്ഞ പൗരസഞ്ചയം തെരുവില്‍ ഒത്തുകൂടി. ബ്രൂട്ടസ് അവരെ നല്ല വാക്കുകള്‍ പറഞ്ഞ് അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നു. റോമന്‍സ് ആന്റ് കണ്‍ട്രിമെന്‍ എന്ന് തുടങ്ങുന്ന ബ്രൂട്ടസിന്റെ പ്രസിദ്ധമായ പ്രസംഗത്തില്‍ താനൊരു മാന്യനാണെന്ന കാര്യം കൂടെക്കൂടെ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. 13-ാം തീയതി തിരുവനന്തപുരം മുതല്‍ പാലാ വരെ മാണി നടത്തിയ തെരുവ് പ്രസംഗങ്ങളില്‍ ഉടനീളം താന്‍ മാത്രമല്ല ഉമ്മന്‍ചാണ്ടിയും മാന്യനാണെന്ന് ആവര്‍ത്തിച്ചു പറഞ്ഞു കൊണ്ടിരുന്നു. ജനത്തിനു കാര്യം മനസ്സിലായി. ബ്രൂട്ടസിന്റെ അതേ വാക്കുകള്‍.
താന്‍ സീസറിനെ വധിച്ചത് സീസറിനോട് തനിക്ക് ഒട്ടും സ്‌നേഹം കുറവായതുകൊണ്ടല്ല, പിന്നെയൊ റോമിനെ കൂടുതല്‍ സ്‌നേഹിച്ചു പോയത് കൊണ്ടാണ്. നവംബര്‍ 11നു നമ്മള്‍ കേട്ട ഉമ്മന്‍ ചാണ്ടിയുടെ പത്രസമ്മേളനത്തിലും അതേ വാചകങ്ങള്‍ തന്നെയാണ് പറഞ്ഞൊപ്പിച്ചത്.“കെ എം മാണി സാര്‍ ബഹുമാന്യനാണ്, കുറ്റവാളിയല്ല. അദ്ദേഹം രാജി വെക്കുന്നത് സ്വമേധയായാണ്. ആരും ഒരു സമ്മര്‍ദവും ചെലുത്തിയിട്ടില്ല. മറിച്ചുള്ള വാര്‍ത്തകള്‍ വെറും മാധ്യമസൃഷ്ടിയാണ്. ഇങ്ങനെയൊക്കെ പറയുന്നത് മാണിയോടു തനിക്ക് സ്‌നേഹമില്ലാത്തതു കൊണ്ടല്ല. പിന്നെയൊ യു ഡി എഫിന്റെ കെട്ടുറപ്പിനും ബാര്‍ കോഴ വിവാദം എന്ന തക്ഷക ധ്വംസനം തനിക്കും മറ്റു കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കും ഏല്‍ക്കുന്നതിനു തടയിടാനാണ്. അതിനാല്‍ ബഹുമാനപ്പെട്ട മാണി സാര്‍ എന്നെ സഹായിച്ചാല്‍ ഞാന്‍ അങ്ങോട്ടും സഹായിക്കും അല്ലെങ്കില്‍ ഞാന്‍ പുതുപ്പള്ളിയില്‍ നിന്നും മാണിസാര്‍ പാലായില്‍ നിന്നും തിരുവനന്തപുരത്തേക്കു വരേണ്ടി വരില്ല. ഐക്യമുന്നണി എന്നു പറഞ്ഞാല്‍ ഒരു പരസ്പര സഹായ മുന്നണി എന്നാണല്ലോ അര്‍ഥം. കേരളത്തിലെ ദരിദ്രനാരയണന്മാരായ കള്ളുകുടിയന്‍മാരുടെ കീശയില്‍ നിന്ന് അബ്കാരി മുതലാളിമാര്‍ പിടിച്ചുപറിക്കുന്ന കാശില്‍ ഒരോഹരി മാണി സാറിനു കൊണ്ടെത്തിച്ചു കൊടുക്കാന്‍ ബിജു രമേശനെ പാലായ്ക്കു പറഞ്ഞയച്ചപ്പോള്‍ ഇത്ര വലിയ ഒരപകടം ഞാന്‍ പ്രതീക്ഷിച്ചില്ല. ബഹുമാന്യനായ മാണി സാര്‍ തല്‍ക്കാലം മാപ്പ്. മന്ത്രിസഭയില്‍ അകത്തായാലും പുറത്തായാലും മാണിസാര്‍, അവിടുന്നാണ് ഈ മന്ത്രിസഭയുടെ കാവല്‍ പുണ്യാളന്‍; ദയവായി അടുത്ത ആറ് മാസം അവിടുത്തെ വാ തുറക്കാതിരുന്നാല്‍ കാശ് എത്ര ചെലവാക്കീട്ടായാലും സുപ്രീം കോടതിയിലോ അതിനപ്പുറത്തോ പോയി മാണിസാറിനെ കുറ്റവിമുക്തനാക്കുക മാത്രമല്ല 25 കോടിയുടെ കണക്കും പറഞ്ഞു നടക്കുന്ന ബിജുരമേശെന്ന കള്ളു മുതലാളിയുടെ തറവാട് കുളംതോണ്ടുന്ന പണി തുടങ്ങിക്കഴിഞ്ഞ മന്ത്രി ബാബുവിന് എല്ലാ ഒത്താശകളും ചെയ്തുകൊടുക്കുകയും ചെയ്യാം. ഭരണം ഉണ്ടെങ്കിലേ ആറു മാസം കൊണ്ട് ഈ ജോലിയത്രയും ചെയ്തു തീര്‍ക്കാനാകൂ. അതിനാല്‍ അതിനു മുമ്പ് എക്‌സൈസ് മന്ത്രി കെ ബാബു, യൂത്ത് കോണ്‍ഗ്രസ്, വി എം സുധീരന്‍, വി ഡി സതീശന്‍ എന്നൊക്കെ ജനത്തിനു സംശയം തോന്നുന്ന വാക്കുകളൊന്നും ഉച്ചരിക്കാതെ ദയവായി പാലായില്‍ അടങ്ങിയൊതുങ്ങിക്കഴിഞ്ഞു കൊള്ളണം. വേണ്ടത് എന്തെന്നാല്‍ അതവിടെ എത്തിച്ചുതരാം. ഇത്രയും ആണ് സംശുദ്ധ ജനാധിപത്യത്തിന്റെ പ്രതീകമായ സീസറെ കുത്തിമലര്‍ത്തിയ കേരള ബ്രൂട്ടസ് മാണിയുടെ രാജിയെ തുടര്‍ന്ന് നടത്തിയ പത്രസമ്മേളനത്തില്‍ പറയാതെ പറഞ്ഞ കാര്യങ്ങള്‍.
നമുക്കിനി നാടകത്തിലെ കൊല്ലപ്പെട്ട സീസറിന്റെ ശവവും വഹിച്ചുകൊണ്ട് ആള്‍ക്കൂട്ടത്തിനു മധ്യേ പ്രത്യക്ഷപ്പെട്ട മാര്‍ക്കാന്റണിക്ക് എന്താണ് പറയാനുള്ളത് എന്ന് കേള്‍ക്കാം. അതു കേള്‍ക്കാന്‍ നാടകം പഠിക്കേണ്ടതില്ല. രാജി വെച്ചതിന്റെ പിറ്റേ ദിവസം മുതല്‍ മാണി നടത്തിവരുന്ന പ്രസംഗങ്ങളിലെ വാക്കുകള്‍ ശ്രദ്ധിച്ചാല്‍ മതി. മാര്‍ക്ക് ആന്റണിയുടെ വേഷം ഈ രംഗത്തില്‍ കെ എം മാണിക്കു നന്നായി ചേരും. അദ്ദേഹം പറഞ്ഞു തുടങ്ങി ബ്രൂട്ടസിനു സീസറുടെ വധത്തില്‍ കൈയില്ലായിരുന്നു. എങ്കിലും അദ്ദേഹത്തിനാണ് സീസറുടെ മരണത്തിന്റെ പ്രയോജനം സിദ്ധിക്കുന്നത്. എന്റെ രാജി കൊണ്ട് ഉമ്മന്‍ ചാണ്ടിക്കും ഗുണം ഉണ്ടാകും എന്നദ്ദേഹം പ്രതീക്ഷിക്കുന്നു. പക്ഷേ അതു നടക്കാന്‍ പോകുന്നില്ലെന്നതു വ്യംഗ്യം. ഞാന്‍ വന്നിരിക്കുന്നത് സീസറെ മറവു ചെയ്യാനാണ്, അദ്ദേഹത്തെ സ്തുതിക്കാനല്ല. ഇതു സാക്ഷാല്‍ ആന്റണിയുടെ വാക്കുകള്‍. ഇതിന്റെ സ്വയംകൃത പാരഡി എന്ന നിലയില്‍ മാണി എന്തുതന്നെ പറയട്ടെ, നമുക്ക് നാടകത്തിലെ ആന്റണിയുടെ വാക്കുകള്‍ തന്നെ കേള്‍ക്കാം. അതില്‍ മഹാനായ ഷേക്‌സ്പിയര്‍ ആ കാലത്തിന്റെ മാത്രമല്ല ഭാവിയിലെ രാഷ്ട്രിീയക്കാര്‍ ശ്രദ്ധിച്ചു മനസ്സിലാക്കേണ്ട ഒട്ടേറേ രാഷ്ട്രീയ തത്വസംഹിതകള്‍ ഒളിപ്പിച്ചുെവച്ചിരിക്കുന്നു.
മനുഷ്യര്‍ ചെയ്യുന്ന തിന്‍മകള്‍ അവര്‍ക്കു ശേഷവും ജീവിക്കും. നന്മകള്‍ മിക്കപ്പോഴും അവരുടെ അസ്ഥികളോടൊപ്പം മണ്ണില്‍ മറവുചെയ്യപ്പെടും. നീണ്ട അമ്പത് വര്‍ഷത്തെ ജനസേവനം, പാലായുടെ മാണിക്യം. പാലായെ കേരളത്തിലേക്കു വികസിപ്പിക്കാനായിരുന്നില്ല കേരളത്തേ പാലായിലേക്കു സങ്കോചിപ്പിക്കാനായിരുന്നു മാണിയുടെ രാഷ്ട്രീയം എന്നെന്നും ശ്രമിച്ചുപോന്നത്. കറ തീര്‍ന്ന ആശ്രിതവാത്സല്ല്യം. പാലായുടെ കഥാകാരന്‍ സഖറിയുടെ കഥയിലെ തൊമ്മി പട്ടേലര്‍ ബന്ധം അതായിരുന്നു മാണിയും പാലാക്കാരും തമ്മില്‍ പുലര്‍ത്തിയിരുന്നത്. അതിനാല്‍ പാലായിലെ തൊമ്മിമാര്‍ പട്ടേലരെ ഒരു തിരഞ്ഞെടുപ്പിലും നിരാശപ്പെടുത്തിയില്ല. പി ടി ചാക്കോ ആയിരുന്നു പ്രചോദനം. ചാക്കോയുടെ അകാല നിര്യാണം മധ്യതിരുവിതാംകൂറിലെ നസ്രാണി നായര്‍ ഈഴവ ബന്ധത്തില്‍ കമ്മ്യൂണിസം വരുത്തിവെച്ച വിള്ളലുകള്‍, പുലയനും പറയനും തിരിഞ്ഞ് നിന്നു കണക്ക് പറഞ്ഞ് കൂലി ചോദിക്കാനും മുണ്ട് മടക്കിക്കുത്തിയും അരയില്‍ കൊച്ചു പിച്ചാത്തി തിരുകി ചെറു ബീഡിവലിച്ച് നായര്‍ നസ്രാണി പ്രമാണിമാരുടെ മുന്നില്‍ ഓച്ഛാനിച്ചു നില്‍ക്കാന്‍ തയ്യാറല്ലന്ന പ്രഖ്യാപനം!
ഇതിനിടയില്‍ കമ്മ്യൂണിസ്റ്റുകാരെ മാത്രമല്ല ആര്‍ ശങ്കറെ പോലുള്ള ശ്രീനാരയണീയരെയും മൂലക്കിരുത്താന്‍ കോട്ടയം അച്ചായന്‍മാര്‍ക്കു മുമ്പില്‍ അവതരിച്ച മിശിഹ ആയിരുന്നു കേരളകോണ്‍ഗ്രസ് എന്ന രാഷ്ട്രീയ പ്രസ്ഥാനം. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസായിരുന്നു മുഖ്യശത്രു. കെ എം ജോര്‍ജ്, ജെ എ ചാക്കോ, നാരയണകുറുപ്പ്, ആര്‍ ബാലകൃഷ്ണ പിള്ള, ഇ ജോണ്‍ ജേക്കബ്, പിന്നീട് പി ടി ചാക്കോയുടെ മകന്‍ പി സി തോമസ്, പൂഞ്ഞാര്‍ പുലി പി സി ജോര്‍ജ്, ഓരോരുത്തരായി തനിക്കു പാര പണിയുന്നു എന്ന് മനസ്സിലാക്കിയ പട്ടേലര്‍ ഓരോരുത്തരെയായി വെട്ടി ഒതുക്കി. താന്‍ ചൂണ്ടിക്കാണിച്ചിടത്ത് ഇരിക്കാന്‍ വിസമ്മതിച്ചവരെ രാഷ്ട്രീയ വനവാസത്തിനു പറഞ്ഞയക്കാന്‍ അദ്ദേഹത്തിന് ഒട്ടും തന്നെ അധ്വാനിക്കേണ്ടി വന്നില്ലായിരുന്നു. ഒടുവില്‍ തനിക്ക് ശേഷം ആരെന്ന ചോദ്യത്തിനും സ്വന്തം മകനിലൂടെ ഉത്തരം കണ്ടെത്തിയതിലൂടെ നോട്ടം കേന്ദ്രത്തിലെ മന്ത്രിപദത്തിലേക്കായി. ഒടുവില്‍ അധ്വാനവര്‍ഗ സിദ്ധാന്തത്തിനു പിന്നാലെ വളരുംതോറും പിളരുകയും പിളരുംതോറും വളരുകയും ചെയ്യുന്ന കേരള കോണ്‍ഗ്രസിനെ മറ്റു പാര്‍ട്ടികള്‍ക്കു മുന്നില്‍ മാതൃകയായി അവതരിപ്പിച്ചു. ഉദ്ദിഷ്ടകാര്യത്തിനുള്ള ഉപകാരസ്മരണ, അവസരങ്ങളെ മുതലാക്കല്‍ ഇങ്ങനെ അതു വരെയും രാഷ്ട്ര മീമാംസ വിദ്യാര്‍ഥികള്‍ക്കു പരിചിതമല്ലാത്ത ഒട്ടേറേ പദാവലികള്‍ കേരള രാഷ്ട്രീയത്തിനു സംഭാവന ചെയ്തുകൊണ്ടാണ് ഈ ഭീഷ്മാചാര്യന്‍ ശരശയ്യയെ അവലംബിച്ചിരിക്കുന്നുത്. ഒരു ശ്രീനാരായണീയനെതിരെ(ആര്‍ ശങ്കര്‍) വിജയം വരിച്ചു മുന്നേറിയപ്പോള്‍ കെ എം മാണി മറ്റൊരു ശ്രീനാരായണീയന്റെ (ബിജു രമേശ്)വെട്ടേറ്റ് നിലംപതിച്ചിരിക്കുന്നു. ഇതിനൊക്കെതന്നെയായിരിക്കാം ചരിത്രത്തിന്റെ ഐറണി എന്നൊക്കെ പറയുന്നത്.
കെ സി വര്‍ഗീസ്- 9446268581