Connect with us

Malappuram

എസ് എസ് എഫ് ജില്ലാ സമ്മേളനം ഇന്ന്: പുതിയ പ്രഖ്യാപനം കാതോര്‍ത്ത് പതിനായിരങ്ങള്‍ മലപ്പുറത്തേക്ക്

Published

|

Last Updated

മലപ്പുറം: ചരിത്ര ഭൂമിക അണിഞ്ഞൊരുങ്ങി. മലപ്പുറം നഗരിയില്‍ ഇന്നത്തെ സായാഹ്നം വിദ്യാര്‍ഥി വിപ്ലവ പ്രസ്ഥാനത്തിന്റെ പുതിയ കരുത്തിന്റെ കേന്ദ്രമാകും. ജില്ലയിലെ വത്യസ്തമായ യൂനിറ്റുകളില്‍ നിന്നുള്ള പതിനായിരങ്ങളാണ് ഐലന്‍ പോയിന്റില്‍ സംഗമിക്കുക. ചരിത്ര പ്രസിദ്ധമായ എസ് എസ് എഫ് ജില്ലാ സമ്മേളനം മദീനാമഖ്ദൂമിന്റെ ഓര്‍മകളില്‍ നിന്ന് പത്ത് വര്‍ഷം പിന്നിടുമ്പോഴാണ് ഐലന്‍ പോയിന്റ് പുതിയ ചരിത്ര മുന്നേറ്റത്തിന് സാക്ഷിയാവുന്നത്. വീര ചരിതങ്ങളും വിപ്ലവ പോരാട്ടങ്ങളും അയവിറക്കുന്ന മാപ്പിള മലബാറിന്റെ ഭൂമികയാണ് മലപ്പുറം. ഇന്നലെകളിലെ പ്രഖ്യാപനങ്ങളും സമ്മേളനങ്ങളും സംഘടനയുടെ കരുത്താണ് തെളിയിക്കുന്നത്. എസ് എസ് എഫ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മൂന്ന് സമ്മേളനങ്ങള്‍ക്ക് ഇന്ന് മലപ്പുറം സാക്ഷിയാവുകയാണ്.
കോളജിലെ വിദ്യാര്‍ഥികള്‍ക്കായി ക്യാമ്പസ് കോണ്‍ഫറന്‍സ്, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി ഹയര്‍ സെക്കന്‍ഡറി സമ്മേളനം, പൊതുജനങ്ങള്‍ക്കായി പൊതുസമ്മേളനം എന്നിവയാണ് നടക്കുന്നത്. ന്യൂ ജനറേഷന്‍ തിരുത്തെഴുതുന്നു എന്ന സന്ദേശത്തിലാണ് സമ്മേളനങ്ങള്‍ നടക്കുക. അരാഷ്ട്രീയതയും ആഭാസങ്ങളും നിറഞ്ഞ ക്യാമ്പസ് മുറ്റങ്ങളില്‍ ധാര്‍മികതയുടെ ധര്‍മാവിഷ്‌കാരങ്ങള്‍ പകരം വെക്കാനുള്ള ചിന്തകളും പഠനങ്ങളുമാണ് സമ്മേളനത്തിലുണ്ടാവുക. രാവിലെ ഒമ്പത് മണിക്ക് മലപ്പുറം വലിയങ്ങാടി ശുഹദാ മഖാം സിയാറത്തിന് സ്വാഗത സംഘം ചെയര്‍മാന്‍ പി ഇബ്രാഹീം ബാഖവി നേതൃത്വം നല്‍കും.
സുന്നീ യുവജന സംഘം സംസ്ഥാന സെക്രട്ടറി പിഎം മുസ്തഫ മാസ്റ്റര്‍ എസ് എസ് എഫിന്റെ പതാക ഉയര്‍ത്തും. ഇസ്‌ലാമിക വൈജ്ഞാനിക നവോഥാനത്തെ സൂചിപ്പിക്കുന്ന വിസ്ഡം സ്‌ക്വയറിലാണ് ക്യാമ്പസ് കോണ്‍ഫറന്‍സ് നടക്കുന്നത്. മലപ്പുറം വലിയങ്ങാടിയിലെ താജ് ഓഡിറ്റോറിയത്തിലാണ് വിസ്ഡം സ്‌ക്വയര്‍ ഒരുക്കുന്നത്.
രാവിലെ 9. 30 മുതല്‍ വൈകീട്ട് നാല് മണി വരെയാണ് ക്യാമ്പസ് കോണ്‍ഫറന്‍സ് നടക്കുന്നത്. ഡോ: ഹുസൈന്‍ സഖാഫി ചുള്ളിക്കോട് ക്യാമ്പസ് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യും. മുന്‍ ഐ എസ് ആര്‍ ഒ ശാസ്ത്രജ്ഞന്‍ ഡോ: അബ്ദുസ്സലാം, എന്‍ അലി അബ്ദുല്ല, ഡോ: അബ്ദുല്‍ ഹഖീം അസ്ഹരി, മലയാളം യൂനിവേഴ്‌സിറ്റി പ്രൊഫസര്‍ ലാല്‍മോഹന്‍, മുഹമ്മദലി കിനാലൂര്‍, ഡോ: നൂറുദ്ധീന്‍ റാസി, മുഹമ്മദ് ശൗക്കത്ത് ബുഖാരി കശ്മീര്‍, വി പി എം ഇസ്ഹാഖ് തുടങ്ങിയ പ്രമുഖര്‍ ക്യാമ്പസ് കോണ്‍ഫറന്‍സില്‍ അഭിസംബോധന ചെയ്യും.
ജില്ലയിലെ നൂറില്‍പരം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളില്‍ നിന്നുള്ള ആയിരം പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുക. ഇബനു ഹൈസം സ്‌ക്വയറിലാണ് ഹയര്‍ സെക്കന്‍ഡറി സമ്മേളനം നടക്കുന്നത്. മലപ്പുറം കുന്നുമ്മല്‍ ടൗണ്‍ ഹാളിലാണ് ഇബ്‌നു ഹൈസം സ്‌ക്വയര്‍ സജജ്ജീകരിച്ചിരിക്കുന്നത്. റീഡ് പ്രസ് ഡയറക്ടര്‍ എന്‍ അലി അബ്ദുല്ല, എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി സി കെ ശക്കീര്‍ അരിമ്പ്ര, അലിബാഖവി ആറ്റുംപുറം, കലാം മാവൂര്‍, മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി സഫറുല്ല തുടങ്ങി പ്രമുഖര്‍ ഹയര്‍ സെക്കന്‍ഡറി സമ്മേളനത്തില്‍ സംസാരിക്കും. ജില്ലയിലെ ഇരുനൂറിലധികം ഹയര്‍ സെക്കന്‍ഡറി വിദ്യാലയങ്ങളില്‍ നിന്നുള്ള രണ്ടായിരം പ്രതിനിധികള്‍ സമ്മേളനത്തിലെത്തും. വൈകുന്നേരം അഞ്ചിന് ഇരു സമ്മേളനങ്ങളിലേയും പ്രതിനിധികള്‍ അണിനിരക്കുന്ന വിദ്യാര്‍ഥി റാലി നടക്കും.
ഇരു റാലികളും കോട്ടപ്പടി ഐലന്‍ പോയിന്റില്‍ സംഗമിക്കും. അഭയാര്‍ഥികളുടെ നോവുകള്‍ ലോകത്തിനു കാണിച്ചുതന്ന ഐലന്‍ കുര്‍ദിയോട് ഐക്യദാര്‍ഢ്യപ്പെട്ടാണ് ഐലന്‍പോയിന്റ് നഗരി ഒരുക്കിയിരിക്കുന്നത്. ഐലന്‍പോയിന്റില്‍ സമാപന സമ്മേളനം രാത്രി 6. 30ന് ആരംഭിക്കും. അഖിലേന്ത്യാ സുന്നീ ജംഇയ്യതുല്‍ ഉലമാ കാര്യദര്‍ശി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യും. സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍, സയ്യിദ് യൂസുഫുല്‍ ബുഖാരി വൈലത്തൂര്‍, സയ്യിദ് ഇബ്രാഹീം ഖലീലുല്‍ ബുഖാരി, സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍ മലേഷ്യ, പൊന്‍മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയര്‍, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, കെ എം എ റഹീം സാഹിബ്, കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് എന്‍ വി അബ്ദുര്‍റസാഖ് സഖാഫി, എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി സി എന്‍ ജഹ്ഫര്‍ സ്വാദിഖ്, എസ് എസ് എഫ് മലപ്പുറം ജില്ലാ പ്രസിഡന്റ് എം ദുല്‍ഫുഖാറലി സഖാഫി, ജില്ലാ സെക്രട്ടറി എം അബ്ദുറഹ്മാന്‍, തുടങ്ങിയവര്‍ പ്രഭാഷണം നടത്തും.
ജില്ലയിലെ എസ് എസ് എഫിന്റെ വളര്‍ച്ചയെ അടയാളപ്പെടുത്തുന്ന പുതിയ മുന്നേറ്റത്തിന്റെ ഔദ്യോഗിക പ്രഖ്യാപനവും കാന്തപുരം നിര്‍വ്വഹിക്കും. എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവ് പ്രതിഭകള്‍ അണിനിരക്കുന്ന ഗസല്‍ രാവോടെയാണ് സമ്മേളനങ്ങള്‍ക്ക് സമാപ്തിയാവുക.

---- facebook comment plugin here -----

Latest