Connect with us

Malappuram

ലിംഗ സമത്വ വിവാദം ഇസ്‌ലാമിന് നേരെയുള്ള ഒളിയമ്പ്: കാന്തപുരം

Published

|

Last Updated

മലപ്പുറം: ലിംഗ സമത്വ വിവാദം ഇസ്‌ലാമിന് നേരെയുള്ള ഒളിയമ്പാണെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. ഇത്തരം വാദങ്ങള്‍ തെറ്റാണെന്നും ബുദ്ധിപരമല്ലെന്നും അദ്ദേഹം പറഞ്ഞു.
ന്യൂ ജനറേഷന്‍ തിരുത്തെഴുതുന്നു എന്ന പ്രമേയത്തില്‍ നടന്ന എസ് എസ്എഫ് ജില്ലാ സമ്മേളനത്തിന്റെ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുസ്‌ലിം സമുദായത്തെ ഭീകരവാദികളായും തീവ്രവാദികളായും മുദ്രകുത്തി മാറ്റിനിര്‍ത്താന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഒരു ചെറിയ വിഭാഗം മാത്രമാണ് ഇത്തരം പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നത്. അതില്‍ എല്ലാ മതത്തില്‍ നിന്നുള്ളവരുമുണ്ട്. എന്നാല്‍ മുസ്‌ലിംകള്‍ മാത്രമാണ് ഇതിന് പിന്നിലെന്ന് വരുത്തി തീര്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
എസ് എസ് എഫ് മലപ്പുറം ജില്ലാ കമ്മിറ്റിയെ ഈസ്റ്റ്, വെസ്റ്റ് എന്നിങ്ങനെ രണ്ടായി വിഭജിക്കുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനവും കാന്തപുരം നടത്തി. എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി , എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് എന്‍ വി അബ്ദുര്‍റസാഖ് സഖാഫി, സംസ്ഥാന സെക്രട്ടറി സി എന്‍ ജഅ്ഫര്‍, ജില്ലാ പ്രസിഡന്റ് ദുല്‍ഫുഖറലി സഖാഫി, ജനറല്‍സെക്രട്ടറി എം അബ്ദുര്‍റഹ്മാന്‍ സമാപന സമ്മേളനത്തില്‍ പ്രസംഗിച്ചു. ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി ഇബ്‌നു ഹൈസം സ്‌ക്വയറില്‍ ഹയര്‍സെക്കന്‍ഡറി സമ്മേളനവും കാമ്പസ് വിദ്യാര്‍ഥികള്‍ക്കായി വിസ്ഡം സ്‌ക്വയറില്‍ ക്യാമ്പസ് കോണ്‍ഫറന്‍സും നടന്നു.

Latest