Connect with us

National

ഭീകരാക്രമണം: നഷ്ടപരിഹാരം ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് വിദ്യാഭ്യാസമായി നല്‍കി യുവാവ്

Published

|

Last Updated

ശ്രീനഗര്‍: ഭീകരാക്രമണത്തിന് ഇരയായതിന് സര്‍ക്കാറില്‍ നിന്ന് കിട്ടിയ ധനസഹായം കൊണ്ട് എന്തൊക്കെ ചെയ്യാം? അരയ്ക്ക് കീഴ്‌പോട്ട് തളര്‍ന്നുപോയ കാശ്മീര്‍ സ്വദേശി ജാവേദ് അഹ്മദ് തക്കിന് ഒരു ഉത്തരമേ ഉണ്ടായിരുന്നുള്ളു- കൂട്ടികളെ സൗജന്യമായി പഠിപ്പിക്കാം. ഏതെങ്കിലും കുട്ടികളെയല്ല, ഭിന്നശേഷിയുള്ള കുട്ടികളെ.
സര്‍ക്കാര്‍ നല്‍കിയ 75,000 രൂപകൊണ്ട് പത്ത് വര്‍ഷം മുമ്പ് ജാവേദ് തുടങ്ങിയ ട്യൂഷന്‍ സെന്ററില്‍ ഇന്ന് അംഗവൈകല്യങ്ങളുള്ള അമ്പതിലധികം കുട്ടികള്‍ പഠിക്കുന്നുണ്ട്. തെക്കന്‍ കാശ്മീരിലെ ബിജ്‌ബെഹറയിലാണ് ജാവേദിന്റെ സെബ അപാ സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. എല്ലാവര്‍ക്കും ഈ ലോകത്ത് ചില ദൗത്യങ്ങളുണ്ടെന്നും വ്യത്യസ്തമായി ചിലത് ചെയ്യുക എന്നതാണ് തന്റെ നിയോഗമെന്നും ജാവേദ് പറയുന്നു.
ഭീകരാക്രമണത്തില്‍ മാരകമായി പരുക്കേറ്റ ജാവേദ് രണ്ട് വര്‍ഷമാണ് ശയ്യാവലംബിയായി കഴിഞ്ഞത്. വീല്‍ചെയറില്‍ സഞ്ചരിക്കാമെന്ന സ്ഥിതിയായപ്പോള്‍ അദ്ദേഹം സാമൂഹിക സേവനത്തില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കി. അതോടൊപ്പം ഭിന്നശേഷിയുള്ള കുട്ടികളെ പഠിപ്പിക്കുന്നതില്‍ പരിശീലനവും നേടി.
ഇന്ന് അദ്ദേഹത്തിന്റെ ലക്ഷ്യം വലുതാണ്. “കൈയില്‍ ഒന്നുമില്ലാത്ത കാലത്താണ് എനിക്ക് ഭീകാരക്രമണത്തിന്റെ നഷ്ടപരിഹാരമായി ഇത്രയും തുക ലഭിച്ചത്. അത് ഈ വിധം ഉപയോഗപ്പെടുത്തിയിരുന്നില്ലെങ്കില്‍ ഈ സ്‌കൂള്‍ ഇന്ന് ഉണ്ടാകില്ല. ഭിന്നശേഷിയുള്ളവരുടെ അവകാശങ്ങള്‍ക്ക് വേണ്ടിയാണ് ഞാന്‍ വാദിക്കുന്നത്”- 39കാരനായ ജാവേദ് പറയുന്നു.

Latest