Connect with us

Ongoing News

പറക്കട്ടെ, ചതുര്‍വര്‍ണ പതാകകള്‍ രാജ്യമെങ്ങും

Published

|

Last Updated

യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം രക്തദാനത്തില്‍ പങ്കെടുത്തപ്പോള്‍ (ഫയല്‍)

ഡിസംബര്‍ രണ്ട് ദേശീയദിനത്തിന് മുന്നോടിയായി യു എ ഇയിലെങ്ങും ആഘോഷങ്ങള്‍ തുടങ്ങിയിരിക്കുന്നു. ചതുര്‍ വര്‍ണ ദേശീയ പതാകകള്‍, ഭരണാധികാരികളുടെ ചിത്രങ്ങള്‍ എന്നിവയാല്‍ അലംകൃതമാണ് മന്ത്രാലയങ്ങളും സ്ഥാപനങ്ങളും മറ്റും. രക്തദാനം അടക്കം, സന്നദ്ധ സംഘടനകളുടെ സേവനങ്ങള്‍ വേറെ.
ഇത്തവണത്തെ ദേശീയ ദിനാഘോഷത്തിന് പ്രത്യേകതകളുണ്ട്. യമനില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനിടയില്‍ നിരവധി സൈനികര്‍ ധീരമൃത്യു വരിച്ചത് ഓര്‍മിക്കപ്പെടുന്നു. എണ്ണയിതര സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്താന്‍ പദ്ധതി പ്രഖ്യാപിക്കപ്പെട്ടു.
യമനില്‍ രക്തസാക്ഷികളായ സൈനികരുടെ ആശ്രിതര്‍ക്ക് നിരവധി സഹായമാണ് ഭരണകൂടം ചെയ്യുന്നത്. കുടുംബാംഗങ്ങള്‍ ആകട്ടെ, ഭരണകൂടത്തിന്റെ ഐക്യദാര്‍ഡ്യത്തില്‍ വലിയ സംതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്.
പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം എന്നിവരുടെ ദീര്‍ഘ വീക്ഷണ നേതൃത്വം യു എ ഇ ജനതയെ ഒറ്റക്കെട്ടായി നിര്‍ത്തുന്നു. എണ്ണ വിലയിടിവിന്റെ ആഘാതം ജനങ്ങളിലെത്താതിരിക്കാന്‍ 30,000 കോടി ദിര്‍ഹത്തിന്റെ പദ്ധതികളാണ് പ്രഖ്യാപിച്ചത്.
ശാസ്ത്രം, സാങ്കേതികത എന്നിവയില്‍ വന്‍ കുതിപ്പാണ് ലക്ഷ്യമിടുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം, ബഹിരാകാശം, ജലം എന്നീ രംഗങ്ങളില്‍ 100 പദ്ധതികള്‍ നടപ്പാക്കും. യു എ ഇയെ വിജ്ഞാനാധിഷ്ഠിത സമ്പദ് വ്യവസ്ഥയിലേക്ക് മാറ്റും.
ഭാവി തലമുറയുടെ ജീവിതം ഭദ്രമാക്കുകയാണ് ലക്ഷ്യമെന്ന് ശൈഖ് ഖലീഫ ചൂണ്ടിക്കാട്ടി. ഊര്‍ജ കമ്പോളത്തിന്റെ ചാഞ്ചാട്ടം ഗള്‍ഫ് മേഖലക്ക് പുതിയ പാഠങ്ങള്‍ നല്‍കുന്നത് യു എ ഇ ഉള്‍കൊള്ളുകയാണ്.
ഗവേഷണം, വികസനം എന്നിവക്ക് ഊന്നല്‍ നല്‍കണമെന്ന് ശൈഖ് മുഹമ്മദ് നിര്‍ദേശിച്ചു. 2021ഓടെ വിജ്ഞാനാധിഷ്ഠിത ജീവനക്കാരുടെ എണ്ണം 40 ശതമാനം വര്‍ധിപ്പിക്കണം. പരിസ്ഥിതി സൗഹൃദ ഊര്‍ജ മേഖലക്ക് 12,800 കോടിയും വ്യോമ ഗവേഷണത്തിന് 4,000 കോടിയും ചെലവ് ചെയ്യുമെന്ന് ശൈഖ് മുഹമ്മദ് ചൂണ്ടിക്കാട്ടി.
നിലവില്‍ ലോകത്ത് ഏറ്റവും ചലനാത്മകതമായ സമ്പദ് വ്യവസ്ഥയുള്ള രാജ്യങ്ങളിലൊന്നാണ് യു എ ഇ. എണ്ണ വരുമാനം മാത്രമല്ല, അതിന് കാരണം സഞ്ചാരികളെ ആകര്‍ഷിക്കാന്‍ വലിയ തോതില്‍ മുതല്‍ മുടക്കുകയും റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍ നടപ്പാക്കുകയും ചെയ്യുകവഴി സമ്പദ് വ്യവസ്ഥയെ വൈവിധ്യവത്കരിച്ചത്‌കൊണ്ടു കൂടിയാണിത്.
ലോകത്തെ വലിയ സൗരോര്‍ജ പാടം അബുദാബിയിലും പൊക്കമുള്ള കെട്ടിടം ദുബൈയിലും സ്ഥാപിക്കുകയും മറ്റും ചെയ്യുക വഴി യു എ ഇ ലോകശ്രദ്ധ നേടിയിട്ടുണ്ട്. പല നിലയിലും മേഖലയില്‍ ഒന്നാമതാണ് യു എ ഇ. രാജ്യത്തിന്റെ വാണിജ്യ തലസ്ഥാനമായ ദുബൈയിലെ മെട്രോ സംവിധാനം അസൂയാര്‍ഹമാണ്. ഇനി 2020ല്‍ ലോക പ്രദര്‍ശനവും യു എ ഇയെ ബന്ധിപ്പിക്കുന്ന ഇത്തിഹാദ് റെയിലും യാഥാര്‍ഥ്യമാകുമ്പോള്‍ വന്‍ കുതിപ്പാണ് സംഭവിക്കുക.
യു എ ഇയുടെ ഓരോ പുരോഗതിയിലും ഇന്ത്യക്കാരടക്കമുള്ള വിദേശികള്‍ ആഹ്ലാദിക്കുന്നു. ലക്ഷക്കണക്കിന് വിദേശികളുടെ പോറ്റമ്മ രാജ്യവുമാണിത്.