Connect with us

Wayanad

റോഡ് സുരക്ഷാ വിദ്യാഭ്യാസം; അധ്യാപകര്‍ക്ക് നാറ്റ്പാക് പരിശീലനം നല്‍കി

Published

|

Last Updated

കല്‍പ്പറ്റ: കുട്ടികളില്‍ ഗതാഗതത്തെ കുറിച്ച് അറിവ് വളര്‍ത്താനും, സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ റോഡ് സുരക്ഷാ വിദ്യാഭ്യാസം ഉള്‍പ്പെടുത്തി യുവതലമുറയില്‍ മെച്ചപ്പെട്ട റോഡ് സംസ്‌കാരം വളര്‍ത്തുന്നതിനും ദേശീയ ഗതാഗത ആസൂത്രണ ഗവേഷണ കേന്ദ്രത്തിന്റെ (നാറ്റ്പാക്) ആഭിമുഖ്യത്തില്‍ ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 100 അധ്യാപകര്‍ക്ക് ദ്വിദിന പരിശീലന ക്ലാസ് നടത്തി. റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ പി എ സത്യന്‍ ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്തെ റോഡ് അപകടങ്ങള്‍ കുറക്കുന്നതിന് വളര്‍ന്ന് വരുന്ന കുട്ടികളില്‍ മെച്ചപ്പെട്ട റോഡ് സംസ്‌കാരം വളര്‍ത്തിയെടുക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികളില്‍ റോഡ് സുരക്ഷയെ കുറിച്ച് അവബോധം വളര്‍ത്തി റോഡില്‍ സുരക്ഷിതരായി സഞ്ചരിക്കുന്നതിന് അവസരമൊരുക്കുകയും സൂക്ഷ്മ നിരീക്ഷണ കഴിവുകള്‍ വളര്‍ത്തിയെടുക്കുകയാണ് റോഡ് സുരക്ഷാ വിദ്യാഭ്യാസത്തിന്റെ മുഖ്യ ലക്ഷ്യം.
റോഡ്-റെയില്‍-ജല-തുറമുഖ- വിമാന ഗതാഗത വികസനങ്ങളുടെ ഗവേഷണ സ്ഥാപനമായ നാറ്റ്പാക് ആണ് ബോധവല്‍ക്കരണത്തിന് നേതൃത്വം നല്‍കുന്നത്.
സ്‌കൂളുകളില്‍ റോഡ് സുരക്ഷാ വിദ്യാഭ്യാസം ഒന്നാം തരത്തില്‍ നിന്നാണ് ആരംഭിക്കുന്നത്. സ്‌കൂളിലേക്ക് ഒരു സുരക്ഷിത പാത, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് റോഡ് സുരക്ഷാധിഷ്ഠിത ബോധവല്‍ക്കരണം, റോഡ് സുരക്ഷാ സെല്‍ രൂപീകരണ പ്രവര്‍ത്തനങ്ങള്‍, അദ്ധ്യാപകര്‍ക്ക് പഠന സഹായി എന്നിങ്ങനെ വിവിധ പാഠപുസ്തകങ്ങളും നാറ്റ്പാക് തയ്യാറാക്കിയിട്ടുണ്ട്.
കാല്‍നടയാത്രക്കാരായ കുട്ടികളാണ് അപകടങ്ങള്‍ക്ക് ഇരയാകുന്നത് എന്ന കണക്കുകളുടെ അടിസ്ഥാനത്തില്‍ റോഡ് സുരക്ഷാ വിദ്യാഭ്യാസത്തിന്റെ ആദ്യ പടിയായി വിദ്യാര്‍ത്ഥികളെ പ്രാദേശിക റോഡ് വ്യവസ്ഥയുമായി പരിചയപ്പെടുത്തുകയാണ് ചെയ്യുക.
ചിത്രരചന, ഉപന്യാസം, റോഡ്‌സുരക്ഷാ പ്രവര്‍ത്തനങ്ങള്‍, ഗൃഹപാഠം, പ്രശ്‌നോത്തരി എന്നിവ ഉള്‍പ്പെടുത്തിയാണ് വിദ്യാര്‍ഥികളെ റോഡ് നിയമങ്ങള്‍ പഠിപ്പിക്കുന്നത്. റോഡ് സുരക്ഷാ പഠനങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിനും വിദ്യാര്‍ത്ഥികളുടെ സുരക്ഷാ സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും സ്‌കൂള്‍ തലത്തില്‍ റോഡ് സുരക്ഷാ സെല്‍ രൂപീകരിക്കും. പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ രക്ഷാധികാരിയും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ചെയര്‍മാനുമായാണ് സെല്ല് പ്രവര്‍ത്തിക്കുക.
പരിശീലന പരിപാടിയില്‍ നാറ്റ്പാക് കണ്‍സള്‍ട്ടന്റ് ടി.വി സതീഷ് അധ്യക്ഷത വഹിച്ചു. നാറ്റ്പാക് കണ്‍സള്‍ട്ടന്റ് ടി.വി ശശികുമാര്‍, ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എസ്. പ്രഭാകരന്‍, വി.ജി. ശശി എന്നിവര്‍ സംസാരിച്ചു.