Connect with us

Wayanad

സ്‌കൂളുകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ന്നു വരണം- ഗ്ലോറി ജോര്‍ജ്

Published

|

Last Updated

കല്‍പ്പറ്റ: പഠനനിലവാരവും ഭൗതിക സാഹചര്യങ്ങളും മെച്ചപ്പെടുത്തി സര്‍ക്കാര്‍ വിദ്യാലയങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരണമെന്ന് ബാലാവകാശ കമ്മീഷന്‍ അംഗം ഗ്ലോറി ജോര്‍ജ് അഭിപ്രായപ്പെട്ടു. ബാലാവകാശ സംരക്ഷണ ബോധവത്കരണ യാത്ര ചൈല്‍ഡ്‌റൈറ്റ്‌സ് എക്‌സ്പ്രസിന്റെ ഫഌഗ് ഓഫ് കര്‍മം മാനന്തവാടി ഗവ. എച്ച്.എസ്.എസില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍. ഭൗതിക സാഹചര്യങ്ങള്‍ മികവുറ്റതാക്കുന്നതിന് ജില്ലാ പഞ്ചായത്ത്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണം ആവശ്യമാണെന്നും കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് കുട്ടികളില്‍ അതിജീവനം, സംരക്ഷണം, വികാസം, പങ്കാളിത്തം എന്നിവ ഉറപ്പു വരുത്തണമെന്നും അവര്‍ ചൂണ്ടിക്കാട്ടി.ഇന്ത്യന്‍ ഭരണഘടന കുട്ടികളുടെ മൗലികാവകാശങ്ങള്‍ക്ക് ഏറെ പരിഗണന നല്‍കുന്നു. 1989ല്‍ ഐക്യരാഷ്ട്ര സംഘടന അംഗീകരിച്ച കുട്ടികളുടെ അവകാശ ഉടമ്പടി അതിജീവനം, സംരക്ഷണം, വികസനം, പങ്കാളിത്തം എന്നീ അടിസ്ഥാന അവകാശങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കുന്നു. ശൈശവ വിവാഹം, ബാലവേല, മാനസികവും ശാരീരികവും ലൈംഗികവുമായ പീഡനം എന്നിവയില്‍ നിന്നും സംരക്ഷണം, സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം തുടങ്ങിയവയും കുട്ടികളുടെ അവകാശങ്ങളില്‍പ്പെടുന്നു.
കേരളത്തില്‍ കുട്ടികളുടെ മേലുളള അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായുളള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കുട്ടികള്‍ക്ക് സംരക്ഷണവും പരിപാലനവും ഉറപ്പുവരുത്തുന്നതിന് അവരുടെ അവകാശബോധത്തെ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി നടപ്പാക്കിയത്. ശിശുദിനാഘോഷത്തിന്റെ ഭാഗമായി നവംബര്‍ 14 നാണ് ചൈല്‍ഡ് റൈറ്റ് എക്‌സ്പ്രസ് തിരുവനന്തപുരത്തു നിന്ന് പര്യടനം ആരംഭിച്ചത്.
മാനന്തവാടി ഗവ. എച്ച്.എസ്.എസിലെ എന്‍.സി.സി, എസ്.പി.സി വിദ്യാര്‍ഥികളുടെ അകമ്പടിയോടെ ആവേശകരമായ സ്വീകരണമാണ് ചൈല്‍ഡ്‌റൈറ്റ് എക്‌സ്പ്രസിനു നല്‍കിയത്. ബാലാവകാശ ബോധവത്കരണ പ്രദര്‍ശനം, ലഘുസിനിമാ പ്രദര്‍ശനം, കുട്ടികളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട പ്രധാന അവകാശങ്ങള്‍, സംസ്ഥാന ബാലാവകാശ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയാണ് എക്‌സ്പ്രസിനകത്ത് ഒരുക്കിയിട്ടുള്ളത്. പെണ്‍ ഭ്രൂണഹത്യ, കുടുംബം എന്ന ആശയത്തിനപ്പുറത്ത് ഡേ കെയറുകളെയും അനാഥ മന്ദിരങ്ങളെയും ഹോസ്റ്റലുകളെയും ആശ്രയിക്കുന്നതിനെയും കുട്ടികളുടെ അവകാശങ്ങളെയും ആവിഷ്‌ക്കരിച്ച് ചിരിക്കാനും ചിന്തിപ്പിക്കാനും അവസരമൊരുക്കി സുല്‍ത്താന്‍ബത്തേരി സോഷ്യല്‍ വര്‍ക്ക് പി.ജി കോളേജിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച തെരുവുനാടകം, ഓപ്പണ്‍ ക്വിസ് എന്നിവയും വിദ്യാര്‍ത്ഥികള്‍ക്ക് വ്യത്യസ്താനുഭവമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷകുമാരി അധ്യക്ഷത വഹിച്ചു. മാനന്തവാടി മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ വി. ആര്‍. പ്രവീജ്, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. ഫാ.തോമസ് ജോര്‍ജ്ജ് തേരകം, ഗവ. ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കെ.ബി മാനുവല്‍, ഹയര്‍ സെക്കണ്ടറി വിഭാഗം പ്രിന്‍സിപ്പല്‍ അബ്ദുള്‍ അസീസ്, വി.എച്ച്.എസ്.ഇ. വിഭാഗം പ്രിന്‍സിപ്പല്‍ ദിലിന്‍ സത്യനാഥ്, ചൈല്‍ഡ് ലൈന്‍ ഡയറക്ടര്‍ സി.കെ. ദിനേശന്‍, ജില്ലാ കോര്‍ഡിനേറ്റര്‍ വിക്ടര്‍ ജോര്‍ജ്ജ്, ശിശു സംരക്ഷണ യൂണിറ്റ് ജില്ലാ ഓഫീസര്‍ ടി.സുരേഷ് ബാബു, സാമൂഹ്യനീതി വകുപ്പ് പ്രതിനിധി പ്രജിത്ത് കാരായി, സിസ്റ്റര്‍ മേഴ്‌സി, ജോബി തുടങ്ങിയവര്‍ പങ്കെടുത്തു.
സംസ്ഥാന ബാലാവകാശകമ്മീഷന്‍, ചൈല്‍ഡ്‌ലൈന്‍, സംസ്ഥാന സര്‍ക്കാര്‍, ജില്ലാ ശിശുക്ഷേമ കൗണ്‍സില്‍, എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.