Connect with us

Gulf

മുഹമ്മദ് ബിന്‍ റാശിദ് സിറ്റിയില്‍ 8.4 കിലോമീറ്റര്‍ സൈക്കിള്‍ പാത തുറന്നു

Published

|

Last Updated

മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം സിറ്റിയിലെ ഡിസ്ട്രിക്ട് ഒന്നിലെ സൈക്കിള്‍ പാത

ദുബൈ: ആരോഗ്യമുളള സമൂഹത്തെ വാര്‍ത്തെടുക്കുന്നതിന്റെ ഭാഗമായി 8.4 കിലോമീറ്റര്‍ പുതിയ സൈക്കിള്‍ പാത തുറന്നു. മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം സിറ്റിയിലെ ഡിസ്ട്രിക്ട് ഒന്നിലാണ് പാത യാഥാര്‍ഥ്യമാക്കിയിരിക്കുന്നത്.
സൈക്കിള്‍ പാതയോടൊപ്പം കാല്‍നടക്കാര്‍ക്കായി സ്‌പോട്‌സ് ട്രാക്കും സജ്ജമാക്കിയിട്ടുണ്ട്. 8.1 കോടി ദിര്‍ഹം മുടക്കിയാണ് പാത നിര്‍മിച്ചിരിക്കുന്നതെന്ന് ഡിസ്ട്രിക്ട് ഒന്നിലെ നിര്‍മാണങ്ങള്‍ക്ക് ചുക്കാന്‍പിടിക്കുന്ന കമ്പനി വക്താവ് വ്യക്തമാക്കി. എട്ടു മാസം കൊണ്ടാണ് സൈക്കിള്‍ പാതയുടെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. താമസക്കാര്‍ക്കും പൊതുജനങ്ങള്‍ക്കുമെല്ലാം ആരോഗ്യകരമായ ജീവിതശൈലി പിന്തുടരാന്‍ പാത ഉപകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ശാന്തമായ അന്തരീക്ഷത്തില്‍ കാല്‍നട യാത്ര സാധ്യമാക്കാന്‍ ലക്ഷ്യമിട്ടാണ് സൈക്കിള്‍ പാത നിര്‍മിച്ചിരിക്കുന്നത്. കായിക വിനോദങ്ങളോട് താല്‍പര്യമുള്ളവരും ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധചെലുത്തുന്നവരും കൂടുതല്‍ നാടപ്പാതകള്‍ക്കായി ആവശ്യപ്പെടുന്ന സാഹചര്യത്തിലാണ് അധികൃതര്‍ പുതിയ പാത സജ്ജമാക്കിയിരിക്കുന്നത്.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ വിവിധയിടങ്ങളിലായി 150 കിലോമീറ്ററിലധികം സൈക്കിള്‍ പാതയാണ് ആര്‍ ടി എയുടെ നേതൃത്വത്തില്‍ പൂര്‍ത്തീകരിച്ചിരിക്കുന്നത്. ജുമൈറ റോഡില്‍ 25 കിലോമീറ്റര്‍, ബര്‍ ദുബൈയിലെ 11 കിലോ മീറ്റര്‍, സീഹ് അസ്സലാമിലെയും അല്‍ ഖുദ്‌റയിലെയും 115 കിലോമീറ്റര്‍ തുടങ്ങിയവ ഇതില്‍ ഉള്‍പെടും. ദുബൈ ഇന്റര്‍നാഷ്ണല്‍ പാരച്യൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പ്, എമിറേറ്റ്‌സ് എയര്‍ലൈന്‍ ദുബൈ റഗ്ബി സെവന്‍സ്, ദുബൈ ഡസേര്‍ട്ട് ക്ലാസിക് ഗോള്‍ഫ്, ദുബൈ ഡ്യൂട്ടി ഫ്രീ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ് ഡസേര്‍ട്ട് ട്രയത്‌ലോണ്‍, ദുബൈ വേള്‍ഡ് കപ്പ് തുടങ്ങിയ നിരവധി രാജ്യാന്തര മത്സരങ്ങള്‍ക്കാണ് ദുബൈ വേദിയാവുന്നത്. നഗരത്തെ കായികപ്രേമികളുടെ ഇഷ്ടയിടമാക്കുന്നതിനൊപ്പം ആരോഗ്യ സംരക്ഷണത്തിന് മികച്ച പരിഗണന നല്‍കുന്ന നഗരമാക്കി മാറ്റാനും ലക്ഷ്യമിട്ടാണ് നടപടി.