Connect with us

Articles

ചന്ദനമരത്തിലെ വിഷപ്പാമ്പ്

Published

|

Last Updated

കടലില്‍ ഒഴുക്കില്‍പ്പെട്ട കുട്ടിയെ രക്ഷിച്ചതടക്കം നൗഷാദിന്റെ സാഹസിക പ്രവര്‍ത്തനത്തിലൂടെ ജീവിതത്തിലേക്ക് തിരിച്ചുവന്ന കുറേയാളുകള്‍ ശശികല പറയുന്നതും കേട്ട് തലകുനിച്ച് കരയുന്നുണ്ട്. നൗഷാദ് കാണിച്ചത് മണ്ടത്തരമെന്നും മക്കളെ അങ്ങനെ ചെയ്യാന്‍ പഠിപ്പിക്കരുതെന്നും പറയുന്ന ശശികലയുടെ സംസ്‌കാരം അമ്മമാരും കുട്ടികളും അപ്പടി സ്വീകരിച്ചിരുന്നുവെങ്കില്‍ ജീവിച്ചിരിക്കുന്ന കുറേപേരുടെ ജീവന്‍ അന്നേ നഷ്ടപ്പെട്ടേനെ. മനുഷ്യത്വം മാറി വര്‍ഗീയതയുടെ മുഴുഭ്രാന്ത് പറയുന്ന ഇവരെ ടീച്ചര്‍ എന്നു വിളിക്കുന്നത് ലജ്ജാകരമാണ്.
നൗഷാദിന്റെ കുടുംബം അനാഥമായപ്പോള്‍ നാടിന്റെ കടമ നിര്‍വഹിക്കാന്‍ മുഖ്യമന്ത്രിയും നേതാക്കളും ഓടിയെത്തി സഹായവും ഭാര്യക്ക് ജോലിയും വാഗ്ദാനം ചെയ്തു. കേരളം മുഴുവന്‍ മുഖ്യമന്ത്രിയെ വാഴ്ത്തി. എന്നാല്‍ മനുഷ്യര്‍ അറപ്പോടെ കേള്‍ക്കാനാഗ്രഹിക്കുന്ന ചര്‍ച്ചയിലേക്ക് ആ നടപടിയെ ചിലര്‍ മാറ്റാന്‍ ശ്രമിക്കുന്നതാണ് പിന്നീട് നാം കണ്ടത്.
പത്ത് പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് എസ് എന്‍ ഡി പി നേതൃത്വം വെളളാപ്പളളി നടേശന്‍ പിടിച്ചടക്കിയപ്പോള്‍ നടേശനെ “എസ് എന്‍ ഡി പി എന്ന ചന്ദനമരത്തിലെ വിഷപ്പാമ്പ്” എന്ന് അഴീക്കോട് വിശേഷിപ്പിക്കുകയുണ്ടായി. ആ വാക്കുകള്‍ ഇന്ന് കേരളം മനസ്സിലാക്കുന്നു. ഇന്ന് വെളളാപ്പളളി തന്റെ വിഷം പൊതു സമൂഹത്തിലേക്കും ചീറ്റിത്തുടങ്ങി. മാനവ സ്‌നേഹം കൊണ്ട് ഒരു ജനതയെ ഉണര്‍ത്തിയ നൗഷാദിനെ പരിഹാസച്ചിരി ഉയര്‍ത്തി അപമാനിച്ചപ്പോള്‍ മതേതര കേരളം നൊന്തു. അഴീക്കോടിനെയും എം എന്‍ വിജയനെയും പോലെയുളള സാംസ്‌കാരിക നായകര്‍ അപ്രത്യക്ഷമായതോടെ കേരളത്തില്‍ ഇത്തരം ഇടപെടലുകളില്ലാതായിരിക്കുന്നു. അവരെപ്പോലുളളവര്‍ ഇന്ന് സ്വന്തം താത്പര്യത്തിനപ്പുറത്ത് പൊതുതാത്പര്യം പറയുന്നത് നമുക്ക് കാണാന്‍ കഴിയുന്നില്ല.
“മരിക്കുന്നെങ്കില്‍ മുസ്‌ലിമായി മരിക്കണം. കോഴിക്കോട് ഓവുചാലില്‍ വീണ് മരിച്ച നൗഷാദിന് സര്‍ക്കാര്‍ പത്ത് ലക്ഷവും ഭാര്യക്ക് ജോലിയും നല്‍കി. മുസ്‌ലിമായത് കൊണ്ടാണ് അത് കൊടുത്തത്. ഒരു ഹിന്ദുവായിരുന്നെങ്കില്‍ ഒരു നായാ പൈസ കിട്ടില്ല” വിഷം വമിക്കുന്ന കൊലച്ചിരിയോടെ വെള്ളാപ്പള്ളി പറഞ്ഞ വാക്കുകള്‍. നമ്മെ ഭയപ്പെടുത്തുന്നു; ആര്‍ എസ് എസ്. എസ് എന്‍ ഡി പിയെ വിഴുങ്ങുന്നത് നാം നേരിട്ട് കാണുകയാണ്. എത്ര വിഷം ചീറ്റിയിട്ടും കേരളത്തില്‍ ക്ലച്ച് പിടിക്കാന്‍ കഴിയാതിരുന്നപ്പോള്‍ അമിത്ഷാ കണ്ട് പിടിച്ച തന്ത്രമാണ് നടേശനെ വെച്ചുളള ഈ തീക്കളി. ഉത്തരേന്ത്യയില്‍ പരീക്ഷിച്ച വിഭജനത്തിലൂടെ മനസ്സിലും പുറത്തും കലാപം സൃഷ്ടിച്ച് അധികാരം പിടിച്ചെടുക്കാനുളള തന്ത്രം. അവിടെയാണ് രാഷ്ട്രപതിയുടെ വാക്കുകള്‍ പ്രസക്തമാകുന്നത്. മാലിന്യം തെരുവിലല്ല മനുഷ്യന്റെ മനസ്സിലാണ്.
ഗുരുവിന്റെ പാരമ്പര്യം സംരക്ഷിക്കേണ്ട എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി അത് ചെയ്യാതെ അധികാരത്തിന്റെ ദുര മൂത്ത് വര്‍ഗീയാഭിഷേകം നടത്തുന്നു; കല്ല് വെച്ച നുണ പറഞ്ഞു നടക്കുന്നു. “ഈ ലോകം സത്യത്തിലാണ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് കള്ളം പറയരുത്, സത്യം മാത്രം പറയുക.” ഗുരുവിന്റെ ഈ വചനം പ്രചരിപ്പിക്കേണ്ട വെള്ളാപ്പള്ളി കുമാരനാശാനിരുന്ന സ്ഥാനത്തിരുന്ന് ഗുരു പറഞ്ഞതിന് നേരെ എതിര്‍ ദിശയിലേക്കാണ് നയിക്കുന്നത്.
വെള്ളാപ്പള്ളിയും സംഘവും പറയുന്ന കള്ളപ്രചാരണങ്ങള്‍ക്ക് എന്ത് അടിസ്ഥാനമാണുള്ളതെന്ന് പരിശോധിക്കാം. ഇന്ത്യന്‍ നേവി ഉദ്യോഗസ്ഥനായ വിഷ്ണുവിനെ കുറിച്ച് അമ്മാവനായ പ്രതീഷ് നീലകണ്ഠന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ ചുരുക്കം: “വെള്ളാപ്പള്ളി നടേശാ… താന്‍ വിഷ്ണു പി ഉണ്ണി എന്ന ഇന്ത്യന്‍ നേവിയില്‍ ഉദ്യോഗസ്ഥനായിരുന്ന തൃത്താല സ്വദേശിയെക്കുറിച്ച് കേട്ടിട്ടുണ്ടോ? കഴിഞ്ഞ ഒക്‌ടോബര്‍ മൂന്നിന് കൊച്ചി വെണ്ടുരുത്തി പാലത്തില്‍ നിന്ന് ആത്മഹത്യക്ക് ശ്രമിച്ച ഒരമ്മയേയും കുഞ്ഞിനെയും രക്ഷിക്കുകയും പുഴയുടെ ആഴങ്ങളിലേക്ക് മറയുകയും ചെയ്ത വിഷ്ണു പി ഉണ്ണിയെ കുറിച്ച്. ഇന്നുവരെ സേനക്ക് പോലും മൃതശരീരം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. സേനയുടെയും കേന്ദ്രത്തിന്റെയും എല്ലാ സഹായവും ഉണ്ടെന്നറിഞ്ഞിട്ടും തൃത്താല എം എല്‍ എ. വി ടി ബല്‍റാം വഴി അഞ്ച് ലക്ഷം രൂപ സഹായം നല്‍കി. കോണ്‍ഗ്രസ് അധ്യക്ഷന്‍ വി എം സുധീരന്‍ രണ്ട് ലക്ഷവും നല്‍കി. വിഷ്ണു എന്റെ സ്വന്തം സഹോദരിയുടെ മകനാണ്. തെറ്റായ കാര്യങ്ങള്‍ വിളിച്ചു പറയുന്ന വെള്ളാപ്പള്ളിയും വി മുരളീധരനും, ശോഭ സുരേന്ദ്രനുമൊക്കെ ഒരു തവണ ആ വീട് സന്ദര്‍ശിച്ചിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നു. എന്നിട്ട് വര്‍ഗീയത പറഞ്ഞ് നടന്ന് സമൂഹത്തെ തകര്‍ക്കാന്‍ നടക്കുന്നു.” ഈ വാക്കുകളിലുണ്ട് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും നിലപാട്.
ട്രെയിന്‍ യാത്രക്കിടെ നിഷ്ഠൂരമായി കൊലചെയ്യപ്പെട്ട സൗമ്യയുടെ സഹോദരന് സര്‍ക്കാര്‍ ജോലി നല്‍കിയിട്ടുണ്ട്. 1998ല്‍ കണ്ണൂരില്‍ ആക്രി പെറുക്കി വില്‍ക്കുന്ന ഏഴു വയസ്സുകാരന്‍ അമാവാസിക്ക് ബോംബ് പൊട്ടി കണ്ണും കൈയും നഷ്ടപ്പെട്ടു. അമാവാസി അഞ്ചാം ക്ലാസ് മുതല്‍ തിരുവനന്തപുരത്തായിരുന്നു പഠനം. പ്ലസ്ടുവിന് ശേഷം സംഗീത കോളജില്‍ പഠിച്ചു. 2012 മെയ് രണ്ട് മുതല്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം സ്വാതി തിരുന്നാള്‍ സംഗീത കോളജില്‍ എല്‍ ഡി ക്ലാര്‍ക്കായി ജോലി നല്‍കി. ആദ്യ ശമ്പളം അമാവാസി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവ നല്‍കി.
1998ല്‍ കോളജില്‍ പോകാനായി കൊല്ലം റെയില്‍വെ സ്റ്റേഷനിലെത്തിയ ലാവണ്യ എന്ന വിദ്യാര്‍ഥിനിക്ക് കൂട്ടുകാരികള്‍ ട്രെയിനിന് മുന്നില്‍ പെടുന്നത് കണ്ട് രക്ഷിക്കാന്‍ ശ്രമിച്ച് പാളത്തില്‍ വീണ് കാലുകള്‍ നഷ്ടമായി. കൃത്രിമ കാലില്‍ തുടര്‍ ജീവിതം നയിക്കുന്നു. സുതാര്യകേരളം പരിപാടിയിലൂടെ ലഭിച്ച പരാതിയില്‍ സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പില്‍ എല്‍ ഡി കംപയിലര്‍ തസ്തികയില്‍ സ്ഥിരനിയമനം നല്‍കിയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കരുതല്‍ സന്ദേശം നല്‍കിയത്. പോത്തന്‍കോട് പഞ്ചരത്‌നയില്‍ പ്രേംകുമാറിന്റെ വിധവ രമാദേവിക്ക് തിരുവനന്തപുരം സഹകരണബേങ്കില്‍ ജോലി നല്‍കി. ഉത്ര, ഉത്രജ, ഉത്രജന്‍, ഉത്തര, ഉത്തമ എന്നീ കുട്ടികളുടെ പിതാവായ പ്രേംകുമാറിന്റെ മരണം നാടിനെ ദുഃഖത്തിലാഴ്ത്തിയതായിരുന്നു. ഭാര്യക്ക് ജോലി നല്‍കിയതോടൊപ്പം സഹകരണ ബേങ്കിലെ കടം എഴുതിത്തള്ളുകയും ചെയ്തു.
സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിന്റെ ഭാര്യ ജമന്തിക്ക് പത്ത് ലക്ഷം രൂപ നല്‍കി. പൊതുമേഖല സ്ഥാപനമായ ഔഷധിയില്‍ ജോലി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ കഴിഞ്ഞ പ്രസ്തുത നിയനം അടുത്തുതന്നെ നടക്കാനിരിക്കുന്നു. പാലക്കാട് കല്‍പ്പാത്തി രഥോല്‍ത്സവത്തില്‍ രഥത്തിന്റെ ചക്രം കയറി മരണപ്പെട്ട വിനീതിന്റെ കുടുംബത്തിന് ഷാഫി പറമ്പില്‍ എം എല്‍ എ മുഖാന്തിരം മുഖ്യമന്ത്രി മുന്‍കൈയെടുത്ത് രണ്ട് ലക്ഷം രൂപ പ്രത്യേക സഹായമായി നല്‍കുകയുണ്ടായി.
കേരള ചരിത്രത്തില്‍ ഏറ്റവും വലിയ സാമ്പത്തിക സഹായം നാദാപുരത്തെ പതിനേഴ് വയസ്സുള്ള ഷിബിനാണ് നല്‍കിയത്. 25 ലക്ഷം രൂപ. ഭാസ്‌കരന്റെ മകനായിരുന്നു 17കാരനായ ഷിബിന്‍. ഒരു നാടിന്റെ കലാപ സാഹചര്യം മനസ്സിലാക്കി, സമാധാനക്കമ്മിറ്റി നിര്‍ദേശപ്രകാരം പ്രത്യേകം നല്‍കുകയായിരുന്നു ഈ തുക. റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കോന്നി സ്‌കൂളിലെ ആതിര, ആര്യ, രാജി എന്നീ മൂന്ന് പെണ്‍കുട്ടികളുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതം നല്‍കി. ആത്മഹത്യ കേസുകള്‍ക്ക് പൊതുവെ സാമ്പത്തിക സഹായം നല്‍കാറില്ല. പക്ഷെ കുടുംബത്തിന്റെ സാഹചര്യം പരിഗണിച്ച് നല്‍കുകയായിരുന്നു. ഇന്ത്യന്‍ ആര്‍മിയില്‍ ജോലി ചെയ്യുകയായിരുന്ന നടുവണ്ണൂര്‍ സ്വദേശി പ്രവീണ്‍ അവധി കഴിഞ്ഞ് തരിച്ച് പോകാന്‍ ട്രെയിന്‍ ടിക്കറ്റ് എടുക്കാന്‍ പോകുമ്പോള്‍ അപകടത്തില്‍പെട്ട് മരണപ്പെട്ടു. ഭാര്യ ചിത്രക്ക് കെ എസ് എഫ് ഇയില്‍ ജോലി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
ഇങ്ങനെ ധാരാളം സംഭവങ്ങള്‍. ഇവയിലൊന്നും കേരളത്തില്‍ ആരും ജാതിയും മതവും ചോദിച്ചില്ല. കേരളീയ പൊതുസമൂഹം അവിടെയൊക്കെ മനുഷ്യനും അവന്റെ ജീവനും വേദനകളും മാത്രമേ കണ്ടുള്ളൂ. സര്‍ക്കാറും അത്തരത്തില്‍ മാത്രമേ കണ്ടുള്ളൂ. ഇനിയും കാണുകയുമുള്ളൂ. ജാതിയും മതവും തിരിച്ച് കണക്ക് ബോധിപ്പിക്കേണ്ട സാഹചര്യം അപമാനകരമാണ്. വര്‍ഗീയവാദികള്‍ രാഷ്ട്രീയ ലാഭത്തിന് വേണ്ടി ജാതിയും മതവും പറഞ്ഞ് മനുഷ്യനെ തമ്മിലടിപ്പിക്കുമ്പോള്‍ അവരെ സത്യം ബോധ്യപ്പെടുത്താന്‍ പറഞ്ഞെന്നേയുള്ളൂ.
മുകളില്‍ പറഞ്ഞവയിലേറിയവയും തങ്ങള്‍ക്ക് ലഭിച്ച സഹായം നാട്ടില്‍ പാട്ടാക്കാന്‍ ആഗ്രഹിക്കാത്തവരാണ്. സര്‍ക്കാറും പൊതുപ്രവര്‍ത്തകരും കുടുംബത്തിന്റെ താത്പര്യത്തിനാണ് അവിടെ മുന്‍തൂക്കം നല്‍കിയത്. അവരുടെ വീട്ടിലേക്കൊരുതവണയെങ്കിലും കയറി നോക്കാത്തവര്‍ മേല്‍പറഞ്ഞ പലപേരുകളും പറഞ്ഞ് കണക്ക് ചോദിക്കാന്‍ വന്നതും അതുകൊണ്ടുതന്നെയാണ്. അവരെയോര്‍ത്ത് ലജ്ജിക്കുകയല്ലാതെ എന്ത് ചെയ്യാന്‍.
“വരൂ, കാണൂ, ഈ തെരുവുകളിലെ രക്തം” എന്ന നെരൂദയുടെ വരികള്‍ നമ്മുടെ തെരുവുകളില്‍ നിന്ന് പറയേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കാന്‍ നാം മലയാളികള്‍ വര്‍ഗീയതയെയും വര്‍ഗീയ രാഷ്ട്രീയത്തെയും തിരിച്ചറിയണം.
(യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റാണ് ലേഖകന്‍)

Latest