Connect with us

Kerala

മുഖ്യമന്ത്രിയും മന്ത്രിമാരും ഡല്‍ഹിയില്‍; മുല്ലപ്പെരിയാര്‍ ആശങ്കയറിയിക്കും

Published

|

Last Updated

ന്യൂഡല്‍ഹി: കേരളത്തിന്റെ വികസന വിഷയങ്ങള്‍ കേന്ദ്രമന്ത്രിമാരുമായി ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മന്ത്രിമാരും ഡല്‍ഹിയില്‍. എം പിമാരുടെ സാന്നിധ്യത്തില്‍ മന്ത്രിതല സംഘം വിവിധ കേന്ദ്രമന്ത്രിമാരെ കാണും. സബര്‍ബന്‍ റെയില്‍വേ അടക്കമുള്ള ആവശ്യങ്ങളില്‍ കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവുമായി ചര്‍ച്ച നടത്തും. ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുമായി വല്ലാര്‍പ്പാടം- കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് വിഷയങ്ങളും സംസാരിക്കും. മറ്റ് മന്ത്രിമാര്‍, ഹഡ്‌കോ ചെയര്‍മാന്‍ തുടങ്ങിയവരുമായും സംസ്ഥാന സംഘം കൂടിക്കാഴ്ച നടത്തും.
കേന്ദ്ര ജലവിഭവമന്ത്രി ഉമാഭാരതിയുമായി കൂടിക്കാഴ്ചക്ക് സമയം ചോദിച്ചിട്ടുണ്ട്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സംസ്ഥാനത്തിന്റെ ആശങ്ക വകുപ്പ് മന്ത്രിയെ അറിയിക്കും.
പ്രധാനമന്ത്രി നരേന്ദ്രമോദി 15ന് കേരളത്തിലെത്തുന്നതിനാല്‍ തിരുവനന്തപുരത്താകും അദ്ദേഹവുമായുള്ള ചര്‍ച്ചകള്‍. തൃശൂരിലെയും കൊല്ലത്തെയും പരിപാടികള്‍ക്കായി ഈമാസം 14,15 തീയതികളിലാണ് മോദി കേരളം സന്ദര്‍ശിക്കുന്നത്. 15ന് ഡല്‍ഹിയിലേക്കുള്ള മടക്കയാത്രക്ക് തൊട്ടുമുമ്പ് തിരുവനന്തപുരം വിമാനത്താവളത്തില്‍ വൈകീട്ട് അഞ്ചിനാണ് ചര്‍ച്ച.
കേരളത്തിലെത്തുമ്പോള്‍ ചര്‍ച്ചക്കായി സമയം അനുവദിക്കണമെന്ന് പ്രധാനമന്ത്രിയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. കേരളത്തില്‍ തിരക്കിട്ട പരിപാടികളായതിനാലും തിരുവനന്തപുരത്ത് മറ്റ് പരിപാടികള്‍ ഇല്ലാത്തതിനാലുമാണ് വിമാനത്താവളത്തില്‍ ചര്‍ച്ചക്ക് സമയം അനുവദിച്ചതെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Latest