Connect with us

Malappuram

വേങ്ങരയില്‍ സ്റ്റേഡിയങ്ങള്‍ നിര്‍മിക്കാനും പ്ലസ് ടു വരെ വിദ്യാര്‍ഥികള്‍ക്ക് ബസ് യാത്ര സൗജന്യമാക്കാനും പദ്ധതി

Published

|

Last Updated

വേങ്ങര: ഗ്രാമപഞ്ചായത്തില്‍ നിലവാരമുയര്‍ന്ന സ്റ്റേഡിയങ്ങള്‍ നിര്‍മിക്കാന്‍ പദ്ധതി. ഇന്നലെ ചേര്‍ന്ന ഭരണ സമിതി യോഗമാണ് സ്റ്റേഡിയം പദ്ധതിക്ക് തീരുമാനമെടുത്തത്.
ടൗണ്‍ പരിസരത്ത് രണ്ടര ഏക്കര്‍ സ്ഥലം വില കൊടുത്താണ് പദ്ധതി യാഥാര്‍ഥ്യമാക്കുന്നത്. ഫുട്‌ബോള്‍ ഗ്രൗണ്ട്, നീന്തല്‍ കുളം, ഇന്റോര്‍ സ്റ്റേഡിയം, ആര്‍ട്ട് ഗ്യാലറി തുടങ്ങിയവ ഉള്‍പ്പെടുന്നതാവും സ്റ്റേഡിയ പദ്ധതി. പദ്ധതിക്കു വേണ്ട തുക ഗ്രാമ പഞ്ചായത്തിന് പുറമെ എം പി, എം എല്‍ എ ഫണ്ടുകള്‍, സന്നദ്ധ സംഘടന സഹായം എന്നിവ ഉപയോഗിച്ച് ജനകീയമാക്കും. മൂന്ന് വര്‍ഷം കൊണ്ട് തന്നെ പദ്ധതി പൂര്‍ത്തീകരിക്കും.
എന്റെ ഗ്രാമ സുന്ദര ഗ്രാമം പദ്ധതി പ്രകാരം നടപ്പിലാക്കുന്ന പ്ലസ് ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് സ്വകാര്യ ബസുകളില്‍ സൗജന്യ യാത്ര ലഭ്യമാക്കും. ഗ്രാമപഞ്ചായത്തില്‍ സ്ഥിര താമസക്കാര്‍ക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കുക. ഗുണഭോക്താക്കളെ കണ്ടെത്തി ബസ് ഉടമകള്‍ക്ക് ചാര്‍ജ് ഗ്രാമപഞ്ചായത്ത് തന്നെ അടക്കും. ഇതിനായി ട്രാന്‍സ്‌പോര്‍ട്ട് വകുപ്പു ഉദ്യോഗസ്ഥരടങ്ങുന്ന സമിതിയാണ് തീരുമാനമെടുക്കുക. അടുത്ത അധ്യായന വര്‍ഷം മുതല്‍ പദ്ധതി നടപ്പിലാവും.
ഇതു സംബന്ധമായി നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി കെ കുഞ്ഞാലന്‍ കുട്ടി, വൈസ് പ്രസിഡന്റ് കെ കെ ഖദീജാബി, അംഗങ്ങളായ കെ പി ഫസല്‍, പി അസീസ്, കെ മന്‍സൂര്‍ പങ്കെടുത്തു.

Latest