Connect with us

Gulf

റയ്യാനില്‍ വഖൂദ് സര്‍വീസ് സ്റ്റേഷന്‍ തുറന്നു

Published

|

Last Updated

ദോഹ: വഖൂദിന്റെ മുപ്പതാമത് സര്‍വീസ് സ്റ്റേഷന്‍ അല്‍ റയ്യാനില്‍ ആരംഭിച്ചു. രാജ്യവ്യാപകമായി സേവനം വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സ്റ്റേഷന്‍ തുറന്നത്. വഖൂദ് സി ഇ ഒ എന്‍ജിനീയര്‍ ഇബ്രാഹിം ജഹാം അല്‍ കുവാരി സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന മാനേജ്‌മെന്റ് പ്രതിനിധികള്‍, അതിഥികള്‍ പങ്കെടുത്തു.
6,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ 20 ദശലക്ഷം റിയാല്‍ ചെലവിലാണ് പുതിയ സ്റ്റേഷന്‍ നിര്‍മാണം പൂര്‍ത്തിയാക്കിയത്. വാഹനങ്ങള്‍ക്ക് ഇന്ധനം നിറക്കുന്നതിന് ആറു വരി സൗകര്യമാണിവിടെ ക്രമീകരിച്ചിരിക്കുന്നത്. ന്യൂ റയ്യാന്‍, റയ്യാന്‍, വജ്ബ, ഗര്‍റാഫ, പ്രദേശത്തുള്ളവര്‍ക്കും ഖത്വര്‍ ഫൗണ്ടേഷന്‍ കമ്യൂണിറ്റിക്കും ഈ പമ്പ് ഉപയോഗിക്കാനാകുമെന്ന് അധികൃതര്‍ പറഞ്ഞു. 24 മണിക്കൂര്‍ സേവനം ലഭ്യമാകും. സിദ്‌റ കണ്‍വീനിയന്‍സ് സ്റ്റോര്‍, കെനാര്‍ ഷോപ്പ്, എല്‍ പി ജി സിലിന്‍ഡര്‍ എന്നീ സൗകര്യങ്ങളും സ്റ്റേഷനോടനുബന്ധിച്ച് സജ്ജീകരിച്ചിട്ടുണ്ട്.
ഖത്വറില്‍ വാഹനങ്ങള്‍ വര്‍ധിക്കുകയും ഇന്ധനം നിറക്കാനുള്ള ആവശ്യക്കാര്‍ പെരുകുകയും ചെയ്യുന്ന സാഹചര്യം പരിഗണിച്ചാണ് കൂടുതല്‍ ഭാഗങ്ങളിലേക്ക് സ്റ്റേഷനുകള്‍ വികസിപ്പിക്കുന്നതെന്ന് ഇബ്‌റാഹീം ജഹാം അല്‍ കുവാരി പറഞ്ഞു. ഈ വര്‍ഷം ഏഴ് സര്‍വീസ് സ്റ്റേഷനുകള്‍ പുതുതായി തുറന്നിരുന്നു. റയ്യാന്‍, ബിന്‍ ദര്‍ഹം, അല്‍ ലഗ്തഫിയ്യ, വക്‌റ, വജ്ബ, ദഖീറ, ലിജിമിലിയ്യ എന്നിവിടങ്ങളിലാണ് സ്റ്റേഷനുകള്‍ തുറന്നത്. വാഹന പരിശോധനക്കായി മൂന്നു കേന്ദ്രങ്ങള്‍ ആസൂത്രണത്തിലുണ്ടെന്ന് അദ്ദേഹം അറിയിച്ചു. അല്‍ വുകൈര്‍, അല്‍ ഖോര്‍ എന്നിവിടങ്ങളിലായാണ് അടുത്ത വര്‍ഷം ആദ്യം ഫാഹിസ് കേന്ദ്രങ്ങള്‍ തുറക്കുക. 2020 ആകുമ്പോഴേക്കും വഖൂദ് സ്റ്റേഷനുകള്‍ 100 ആക്കി ഉയര്‍ത്തുകയാണ് ലക്ഷ്യം.

Latest