Connect with us

National

പ്രളയം: പുനരധിവാസത്തിന് കൂടുതല്‍ കേന്ദ്ര സഹായം വേണമെന്ന് തമിഴ്‌നാട്

Published

|

Last Updated

ചെന്നൈ: വെള്ളപ്പൊക്കത്തില്‍പ്പെട്ടവരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനത്തിന് കൂടുതല്‍ ഫണ്ട് അനുവദിക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് കേന്ദ്ര ഭവന, നഗര രാരിദ്ര്യ ലഘൂകരണ, ഗ്രാമവികസന മന്ത്രാലയങ്ങള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും പ്രധാനമന്ത്രിക്കയച്ച കത്തില്‍ ജയലളിത ആ വശ്യപ്പെട്ടു. പ്രളയദുരിതം അനുഭവിച്ച കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനായി 50,000 ബഹുനില കെട്ടിടങ്ങള്‍ പണിയുന്നതിനായി 5,000 കോടി രൂപ കൂടി അനുവദിക്കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. വീടുകള്‍ നിര്‍മിക്കുന്നതിനുള്ള സ്ഥലം സംസ്ഥാന സര്‍ക്കാര്‍ അനുവദിക്കും.
ചേരിപ്രദേശങ്ങളിലും കനത്ത നാശനഷ്ടം ഉണ്ടായിട്ടുണ്ട്. ചേരികളിലെ വീട് നിര്‍മാണത്തിന് ഒരു ലക്ഷം രൂപ വീതം സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്നും അവര്‍ പറഞ്ഞു. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് നേരത്തെ, 8,481 കോടിയുടെ സാമ്പത്തിക സഹായം സംസ്ഥാനം കേന്ദ്രത്തില്‍ നിന്ന് തേടിയിരുന്നു. 2,000 കോടിയുടെ അടിയന്തിര സഹായവും അഭ്യര്‍ഥിച്ചിരുന്നു.
ഇതിന് പിന്നാലെ, പ്രളയബാധിത മേഖലകളില്‍ കേന്ദ്ര സംഘം പരിശോധനക്കെത്തി റിപ്പോര്‍ട്ട് തയ്യാറാക്കി. നേരത്തെ പ്രഖ്യാപിച്ച 940 കോടി കൂടാതെ 1,000 കോടിയുടെ അധിക സഹായം ചെന്നൈ സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി പ്രഖ്യാപിക്കുകയും ചെയ്തു. ഒക്‌ടോബര്‍ മുതല്‍ സംസ്ഥാനത്തുണ്ടായ കനത്ത മഴയില്‍ 347 പേരാണ് മരിച്ചത്. 17.64 ലക്ഷം പേരെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി.