Connect with us

Gulf

അത്തിപ്പഴം പഴുക്കുമ്പോള്‍ കാക്കയ്ക്ക് വായ്പുണ്ണ്‌

Published

|

Last Updated

രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞത് വിദേശ ഇന്ത്യക്കാര്‍ക്ക് ഗുണകരമോ? പ്രത്യക്ഷത്തില്‍, ഡോളറോ ദിര്‍ഹമോ നല്‍കിയാല്‍ കൈനിറയെ രൂപ ലഭിക്കുമെങ്കിലും നാട്ടിലെ ജീവിതച്ചെലവിലെ വര്‍ധന, ഇവിടെയുള്ളവരുടെ കീശ കാലിയാക്കുക തന്നെ ചെയ്യും.
കഴിഞ്ഞ ദിവസം ഒരു ദിര്‍ഹം നല്‍കിയാല്‍ 18.26 രൂപ ലഭിച്ചു. അടുത്ത കാലത്തൊന്നും രൂപയുടെ മൂല്യം ഇത്രകണ്ട് ഇടിഞ്ഞിട്ടില്ല. എന്നാല്‍, വിദേശ ഇന്ത്യക്കാര്‍ക്ക് വരുമാനം കുറയുന്ന സന്ദര്‍ഭത്തിലാണ് മൂല്യമിടിവ് എന്നതിനാല്‍ ഈ സന്ദര്‍ഭം ഉപയോഗപ്പെടുത്താന്‍ ഗള്‍ഫ് ഇന്ത്യക്കാര്‍ക്ക് കഴിയുന്നില്ല.
ഗള്‍ഫില്‍ ജോലി ചെയ്യുന്നവരുടെ വരുമാനത്തില്‍ വര്‍ധനവില്ല. 10 വര്‍ഷത്തിനിടയില്‍ ശമ്പള വര്‍ധനവ് ലഭിച്ചവര്‍ തുലോം കുറവ്. മിക്കവരും സ്വകാര്യ സ്ഥാപനങ്ങളിലാണ് ജോലി ചെയ്യുന്നത്. കരാര്‍ അടിസ്ഥാനത്തിലാണ് ജോലിയെന്നതിനാല്‍, എപ്പോള്‍ വേണമെങ്കിലും പിരിച്ചുവിടാം എന്ന സാഹചര്യത്തില്‍, എങ്ങിനെയാണ് ശമ്പള വര്‍ധനവിന് വേണ്ടി ശബ്ദം ഉയര്‍ത്തുക? മാത്രമല്ല, ലോകത്തെല്ലായിടത്തും കുറഞ്ഞ ചെലവില്‍ ഇപ്പോള്‍ മാനവശേഷി ലഭ്യമാണ്. തൊഴില്‍ കമ്പോളത്തില്‍ വിദഗ്ധരായ യുവതീയുവാക്കള്‍ ധാരാളം.
എണ്ണ വിലിയിടിവ് ഗള്‍ഫ് വിദേശികളെയും ബാധിച്ചിട്ടുണ്ട്. മിക്ക സ്ഥാപനങ്ങളും ചെലവ് ചുരുക്കല്‍ പാതയിലാണ്. ഖത്വറിലും സഊദി അറേബ്യയിലും നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടമായി. അതുകൊണ്ടുതന്നെ നിലവിലെ ജോലി എങ്ങനെയെങ്കിലും തുടര്‍ന്നുകിട്ടാനാണ് മിക്കവരും പ്രാര്‍ഥിക്കുന്നത്.
അത്തിപ്പഴം പഴുത്തപ്പോള്‍ കാക്കയ്ക്ക് വായ്പുണ്ണ് എന്നതാണ് ഗള്‍ഫിലെ ഇന്ത്യക്കാരുടെ സ്ഥിതി. രൂപയുടെ മൂല്യശോഷണം ഉപയോഗപ്പെടുത്താന്‍ നാട്ടിലേക്ക് പണമയക്കാന്‍ അനുയോജ്യമായ സമയം. പക്ഷേ, ഭൂരിപക്ഷത്തിന്റെ കൈയിലും പണമില്ല.
നാട്ടില്‍ ജീവിതച്ചെലവ് കുത്തനെ കൂടിയതിനാല്‍ മാസത്തിന്റെ തുടക്കത്തില്‍ തന്നെ പണമെല്ലാം നാട്ടിലേക്കയക്കുന്നവരാണ് ഏറെയും. അവരെ കൊതിപ്പിച്ചുനിര്‍ത്താനേ രൂപയുടെ മൂല്യശോഷണം ഉപകരിക്കുകയുള്ളൂ.
നാട്ടില്‍ കോര്‍പറേറ്റുകളുടെ നിയന്ത്രണത്തിലുള്ള ഭരണമായതിനാല്‍, ജീവിതച്ചെലവ് കുറയാന്‍ സാധ്യതയില്ല. രാജ്യാന്തര കമ്പോളത്തില്‍ എണ്ണവില അടിത്തട്ടിലെത്തിയിട്ടും ഇന്ത്യയില്‍ ഒരു മാറ്റവുമില്ല. നാട്ടുകാര്‍ക്കാണെങ്കില്‍ അല്‍പം വര്‍ഗീയതയും ജാതീയതയും ലഭിച്ചാല്‍ വയര്‍ നിറയുന്നുണ്ട്.
അവശ്യ സാധനങ്ങള്‍ക്ക് പൊള്ളുന്ന വിലയാണെന്ന ഓര്‍മപ്പെടുത്തല്‍ മുമ്പൊക്കെ മാധ്യമങ്ങള്‍ നടത്താറുണ്ടായിരുന്നു. മാധ്യമങ്ങളും ഭരണകൂട പാദസേവകരായതോടെ അതിന്റെ കാലവും കഴിഞ്ഞു.

Latest