Connect with us

Eranakulam

ശാശ്വതീകാനന്ദയുടെ മരണം: തലയോട്ടി തുറന്ന് പരിശോധന നടത്തിയോയെന്ന് ഹൈക്കോടതി

Published

|

Last Updated

കൊച്ചി: സ്വാമി ശാശ്വതീകാനന്ദയുടെ പോസ്റ്റ്‌മോര്‍ട്ടം ദൃശ്യങ്ങളും രേഖകളും വിശദ പരിശോധനക്ക് വിധേയമാക്കേണ്ടതുണ്ടെന്ന് ഹൈക്കോടതി. ശാശ്വതീകാനന്ദയുടെ തലയോട്ടി പൊട്ടിയിട്ടുണ്ടോ എന്ന കാര്യം വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും ജസ്റ്റിസ് ബി കമാല്‍ പാഷ വ്യക്തമാക്കി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തലക്ക് മുറിവേറ്റതായി വ്യക്തമാകുന്നുണ്ടെന്നും മുറിവ് സംബന്ധിച്ച വിശദാംശങ്ങള്‍ കൂട്ടിച്ചേര്‍ത്തതായി കാണുന്നുണ്ടെന്നും കോടതി പറഞ്ഞു.
വീഡിയോയില്‍ ചിത്രീകരിച്ച പോസ്റ്റ്‌മോര്‍ട്ടം ദൃശ്യങ്ങള്‍ പരിശോധിച്ച് തലയോട്ടി പൊട്ടിച്ച് പരിശോധന നടത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാന്‍ കോടതി പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിനോട് ആവശ്യപ്പെട്ടു. പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടറുടെ കുറിപ്പും കോടതിയില്‍ ഹാജരാക്കണം. പോസ്റ്റ്‌മോര്‍ട്ടം നടത്തിയത് ബന്ധുക്കളുടെ സാന്നിധ്യത്തിലാണോ എന്ന് വ്യക്തമാക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
കേസില്‍ ഈ ഘട്ടത്തില്‍ സി ബി ഐ അന്വേഷണം ആവശ്യമില്ല. പോസ്റ്റ്‌മോര്‍ട്ടത്തിന്റെ ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ത്തന്നെ അരോപണത്തില്‍ കഴമ്പുണ്ടോയെന്ന് വ്യക്തമാകുമെന്നും കോടതി വ്യക്തമാക്കി. കൊലപാതകമാണെന്ന് കാണിക്കാന്‍ തന്റെ കൈയില്‍ യാതൊരു തെളിവുമില്ലെന്ന് ബിജു രമേശ് മൊഴി നല്‍കിയതായി പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടി അസിഫ് അലി വിശദീകരിച്ചു. കേസെടുത്ത് അന്വേഷിക്കാന്‍ ഉതകുന്ന യാതൊരു വസ്തുതയും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം ബോധിപ്പിച്ചു.
സ്വാമി ശ്വാശിതീകാനന്ദയുടെ തലക്ക് മുറിവേറ്റതായി വ്യക്തമാണെങ്കിലും അത് പോറല്‍ മാത്രമായിരുന്നോ തലയോട്ടിയില്‍ ക്ഷതമേല്‍പ്പിച്ച മുറിവായിരുന്നോ എന്ന് വ്യക്തമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. മരണകാരണം മാത്രം അന്വേഷിക്കാനാണ് അസ്വാഭാവിക മരണക്കേസില്‍ നിയമം അനുശാസിക്കുന്നത്. എന്നാല്‍, വിശദമായി അന്വേഷണം നടത്തിയത് എന്തിനെന്നും ഹൈക്കോടതി ചോദിച്ചു.
കേസില്‍ തുടരന്വേഷണമാവശ്യപ്പെട്ട് പാലക്കാട്ടെ അഴിമതി വിരുദ്ധ മനുഷ്യാവകാശ സംഘടനയും സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ആരോപണ വിധേയനായ പള്ളുരുത്തി പ്രിയനും സമര്‍പ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്. കേസുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കാന്‍ അനുവദിക്കണമെന്ന ബിജു രാമേശിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല. തെളിവുകള്‍ കൈവശമുണ്ടെങ്കില്‍ നേരിട്ട് കൊലക്കുറ്റത്തിന് കേസെടുക്കാന്‍ പാടില്ലേ എന്നും കേസ് വാദത്തിനിടെ ബിജു രമേശിന്റെ അഭിഭാഷകനോട് കോടതി പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം സംബന്ധിച്ച വിശദാംശങ്ങള്‍ പരിശോധിക്കാനായി രണ്ട് ഹരജികളും കോടതി മാറ്റിവെച്ചു.

Latest