Connect with us

National

ഡിഡിസിഎ അഴിമതി: ജെയ്റ്റ്‌ലിക്കെതിരെ തെളിവുകളുമായി കീര്‍ത്തി ആസാദ്

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനിലെ (ഡി ഡി സി എ) അഴിമതിയുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ പങ്ക് വ്യക്തമാക്കുന്ന ഒളിക്യാമറ ഓപറേഷന്‍ വീഡിയോ സി ഡി പുറത്തായി. നേരത്തെ വ്യക്തമാക്കിയത് പ്രകാരം ബി ജെ പി. എം പി കീര്‍ത്തി ആസാദാണ് അഞ്ച് ഭാഗങ്ങളിലായി 28 മിനുട്ട് ദൈര്‍ഘ്യമുള്ള വിക്കിലീക്‌സ് ഇന്ത്യയുടെ ഒളിക്യാമറ ഓപറേഷന്‍ വീഡിയോ വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടത്. തന്റെ പോരാട്ടം വ്യക്തിപരമല്ലെന്നും രാജ്യം നേരിടുന്ന അഴിമതിയെന്ന മഹാവിപത്തിനെതിരെയാണെന്നുമുള്ള മുഖവുരയോടെയാണ് കേന്ദ്ര ധനമന്ത്രിയെ കുരുക്കിലാക്കുന്ന ദൃശ്യ രേഖകള്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം കൂടിയായ കീര്‍ത്തി ആസാദ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചത്.
അരുണ്‍ ജെയ്റ്റ്‌ലി ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായിരുന്ന കാലത്ത് വ്യാജ വിലാസത്തിലുള്ള പതിനാല് കമ്പനികളുടെ പേരില്‍ കരാര്‍ നേടിയെടുത്ത് വന്‍ അഴിമതിക്ക് കളമൊരുക്കിയെന്നാണ് ജെയ്റ്റ്‌ലിക്കെതിരെ ആസാദ് തെളിവുകള്‍ നിരത്തി ഉന്നയിക്കുന്ന പ്രധാന ആരോപണം. ഡി ഡി സി എ നല്‍കിയ ബില്ലുകളിലെ മേല്‍വിലാസം വ്യാജമാണെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. ഉപകരണങ്ങള്‍ വാടകക്കെടുത്തതിലും വന്‍ ക്രമക്കേട് നടന്നതായി വ്യക്തമാണ്. ലാപ്‌ടോപ് 16,000 രൂപ ദിവസ വാടകക്കും പ്രിന്റര്‍ മൂവായിരം രൂപ ദിവസ വാടകയിലുമാണ് എടുത്തതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ചെക്കിന് പകരം പണമാണ് നല്‍കിയത്. വി കെ അഗര്‍വാള്‍ ആന്‍ഡ് കമ്പനി ആന്‍ഡ് എന്‍ജിനിയേഴ്‌സ് ലിമിറ്റഡിനും അഴിമതിയില്‍ പങ്കുണ്ടെന്ന് വിഡിയോയില്‍ പറയുന്നു.
അരുണ്‍ ജെയ്റ്റ്‌ലിക്കെതിരായ നീക്കത്തില്‍ നിന്ന് പിന്മാറണമെന്ന ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മുന്നറിയിപ്പ് അവഗണിച്ചാണ് കീര്‍ത്തി ആസാദ് രംഗത്തെത്തിയിരിക്കുന്നതെന്നത് ഏറെ ശ്രദ്ധേയമാണ്. നേരത്ത ജെയ്റ്റ്‌ലിക്കെതിരായ അഴിമതി ആരോപണവുമായി ആം ആദ്മി പാര്‍ട്ടി രംഗത്തെത്തിയപ്പോള്‍ എ എ പി പറഞ്ഞത് യാഥാര്‍ഥ്യത്തിന്റെ പതിനഞ്ച് ശതമാനത്തില്‍ താഴെയാണെന്ന് പറഞ്ഞ് ആരോപണത്തെ ശരിവെച്ച് കീര്‍ത്തി ആസാദ് രംഗത്തെത്തിയിരുന്നു. തൊട്ടടുത്ത ദിവസം ഇതിന്റെ മുഴുവന്‍ രേഖകളും പുറത്തുവിടുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നു. ഇതേത്തുടര്‍ന്നാണ് കീര്‍ത്തി ആസാദിനെ വിളിച്ചുവരുത്തി പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയത്. എന്നാല്‍, ഈ മുന്നറിയിപ്പ് തള്ളിയാണ് കീര്‍ത്തി ആസാദ് തെളിവുകളുമായി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്.
എന്നാല്‍, പത്രസമ്മേളനത്തില്‍ അരുണ്‍ ജെയ്റ്റ്‌ലിയുടെ പേര് പരാമര്‍ശിക്കുകയോ വ്യക്തിപരമായ ആരോപണങ്ങള്‍ ഉയര്‍ത്തുകയോ ചെയ്തിട്ടില്ല. തനിക്കാരോടും വ്യക്തിവിരോധം ഇല്ല. ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനിലെ അഴിമതി പുറത്തുകൊണ്ടുവരിക മാത്രമാണ് തന്റെ ലക്ഷ്യം. താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വലിയ ആരാധകനാണെന്നും അഴിമതിക്കെതിരെ അദ്ദേഹം നടത്തുന്ന പ്രചാരണം വലിയ ആവേശമുണ്ടാക്കുന്നതാണെന്നും കീര്‍ത്തി പറഞ്ഞു.

അതിനിടെ കേസ് അന്വേഷിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ പ്രത്യേക കമ്മീഷനെ നിയോഗിച്ചു. ഗോപാല്‍ സുബ്രഹ്മണ്യത്തോട് സമിതി കമ്മീഷന്‍ അധ്യക്ഷനാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.