Connect with us

Palakkad

കെ അച്ചുതന്‍ എം എല്‍ എക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ പടയൊരുക്കം

Published

|

Last Updated

പാലക്കാട്: ചിറ്റൂര്‍ എംഎല്‍എ കെ അച്യുതനെതിരേ പാര്‍ട്ടി ക്കുള്ളില്‍ പടയൊരുക്കം തുടങ്ങി. കോണ്‍ഗ്രസിലെ വിമതര്‍ തന്നെയാണ് കഴിഞ്ഞ ദിവസം ഇതിനു തുടക്കമിട്ടത്. കൊഴിഞ്ഞാമ്പാറയില്‍ ഡിസിസി അംഗമായ എ വിഭാഗം നേതാവിന്റെ വസതിയില്‍ ഇരുനൂറോളം മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്ത യോഗത്തിലാണ് എംഎല്‍എ ക്കെതിരേ പരസ്യമായി രംഗത്തുവരാന്‍ തീരുമാനമെടുത്തത്. യോഗ തീരുമാന പ്രകാശം വരുന്ന തിരഞ്ഞെടുപ്പില്‍ കെ അച്യുതനെതിരേ വിശാലമുന്നണി രൂപവത്ക്കരിച്ച് ഇടതുപക്ഷത്തിനു പരസ്യപിന്തുണ നല്‍കും. കൊഴിഞ്ഞാമ്പാറ, എരുത്തേംപതി, വടകരപ്പതി, നല്ലേപ്പിള്ളി എന്നീ പഞ്ചായത്തു പരിധിയിലെ മുന്‍ മണ്ഡലം പ്രസിഡന്റുമാര്‍, മുന്‍ ബ്ലോക്ക് പ്രസിഡന്റുമാര്‍, മുതിര്‍ന്ന നേതാക്കള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. യോഗം രഹസ്യമായിരുന്നില്ല. ജനശ്രദ്ധ പിടിച്ചുപറ്റുന്ന രീതിയില്‍ പരസ്യമായി മൈക്കുപയോഗിച്ചു തന്നെയായിരുന്നു യോഗനടപടികള്‍. പത്തുവര്‍ഷമായി മണ്ഡലത്തിലുണ്ടായ വികസന മുരടിപ്പും പാര്‍ട്ടി ക്കുള്ളിലെ എംഎല്‍എയുടെ ഒറ്റയാന്‍ നയത്തിലും പ്രതിഷേധിച്ചാണ് വിമതര്‍ സംഘടിച്ചത്. ഇതുസംബന്ധിച്ചു കാലങ്ങളായി ഡിസിസി, കെപിസിസി നേതൃത്വത്തിനു നല്‍കിയ പരാതികള്‍ അവഗണിക്കപ്പെട്ടതും വിമതരെ ചൊടിപ്പിച്ചിട്ടുണ്ട്. ഇടതുപക്ഷത്തിനു പരസ്യമായി പിന്തുണ ആഹ്വാനം ചെയ്ത് വരുന്ന ജനുവരി മൂന്നിന് വിപുലമായ കണ്‍വന്‍ഷന്‍ നടത്താനും യോഗം തീരുമാനിച്ചു. കള്ളുചെത്തു വ്യവസായ- തൊഴിലാളി ഫെഡറേഷന്റെ ആഭിമുഖ്യത്തിലാണ് കണ്‍വന്‍ഷന്‍. ചിറ്റൂര്‍ മണ്ഡലത്തില്‍ നേതൃത്വവുമായി അകന്നുനില്‍ക്കുന്നവരെ പങ്കെടുപ്പിച്ചായിരിക്കും കണ്‍വന്‍ഷന്‍. കൂടാതെ ഇക്കഴിഞ്ഞ തദ്ദേശ”രണ തിരഞ്ഞെടുപ്പില്‍ വിജയികളായ ഇടതുമുന്നണി, ബി ആര്‍സി മുന്നണി മെംബര്‍മാരെ ആദരിക്കും. കാലങ്ങളായി കോണ്‍ഗ്രസ്ഭരിച്ചിരുന്ന പഞ്ചായത്തായിരുന്നു കൊഴിഞ്ഞാമ്പാറ. എംഎല്‍എയ്‌ക്കെതിരായ ജനവികാരം ഏകോപിപ്പിച്ച് വിമതര്‍ നടത്തിയ ശ്രമഫലമായി ഇത്തവണ കൊഴിഞ്ഞാമ്പാറയില്‍ കോണ്‍ഗ്രസിനു ഭരണം നഷ്ടമായിരുന്നു. മൂലത്തറ ഇടതുകനാല്‍ വിഷയം പ്രതിഫലിച്ച തെരഞ്ഞെടുപ്പില്‍ വടകരപ്പതി ഭരണം ബിആര്‍സി കനാല്‍ സമിതിയും നേടിയെടുത്തു.
എം എല്‍ എയുടെ പാര്‍ട്ടിയിലെ നയങ്ങള്‍ കാരണമാണ് ഇവിടങ്ങളിലെ ഭരണം നഷ്ടമായതെന്നു വിമതര്‍ ആരോപിക്കുന്നു. പത്തുവര്‍ഷത്തോളമായി പാര്‍ട്ടി പരിപാടികളില്‍ നിന്നും തങ്ങളെ നിരന്തരം മാറ്റിനിര്‍ത്തിയതായും ആരോപിക്കുന്നുണ്ട്. പാര്‍ട്ടിയെ സ്വന്തം പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി കണ്ട് നടത്തുന്ന പ്രവൃത്തികളെ യഥാസമയം ഡിസിസി, കെപിസിസി നേതൃത്വത്തെ അറിയിച്ചിട്ടും നാളിതുവരെ നടപടിയുണ്ടായില്ല. പുനഃസംഘടനകള്‍ നടത്തിയിട്ടില്ല. മണ്ഡലം കമ്മിറ്റികള്‍ പലപ്പോഴും കടലാസു കമ്മിറ്റികളായി മാറി തുടങ്ങിയ ആരോപണങ്ങളും ഇവര്‍ നിരത്തുന്നു. ലോക്‌സഭാ, പഞ്ചായത്തു തെരഞ്ഞെടുപ്പുകളില്‍ നല്കിയതു പോലെ തിരിച്ചടി നല്കാനാണ് വിമതര്‍ ഇപ്പോള്‍ ഇടതുപക്ഷവുമായി സഹകരിക്കാനൊരുങ്ങുന്നത്. ഇടതു ജനപ്രതിനിധികളെ ആദരിക്കുന്നതിനൊപ്പം എം എല്‍ എ ക്കെതിരേ പരസ്യ സമരത്തിനാണ് വിമതര്‍ തയാറെടുക്കുന്നത്.

Latest