Connect with us

Kerala

നിയമസഭാ തിരഞ്ഞെടുപ്പ്: ഉഭയകക്ഷി ചര്‍ച്ചകള്‍ തുടങ്ങാന്‍ യു ഡി എഫ്

Published

|

Last Updated

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ സീറ്റ് വിഭജനത്തിനുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ നേരത്തെ തുടങ്ങാന്‍ യു ഡി എഫ് തീരുമാനം. ഈ മാസം 29, 31 തീയതികളില്‍ തിരുവനന്തപുരത്താണ് ചര്‍ച്ച. പ്രകടന പത്രികക്ക് രൂപം നല്‍കാനുള്ള ഉപസമിതിയും തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലകളില്‍ നടക്കുന്ന കണ്‍വെന്‍ഷനും യോഗം രൂപം നല്‍കി. ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തിയത് കൊണ്ട് മാത്രം കാര്യമില്ലെന്നും പ്രായോഗിക തലത്തില്‍ കൊണ്ട് വരികയാണ് വേണ്ടതെന്നും ജെ ഡി യു നേതാക്കള്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി.
29ന് മുസ്‌ലിം ലീഗ്, കേരള കോണ്‍ഗ്രസ്(എം), ആര്‍ എസ് പി കക്ഷികളുമായും 31ന് യു ഡി എഫിലെ മറ്റ് കക്ഷികളുമായും കോണ്‍ഗ്രസ് ഉഭയകക്ഷി ചര്‍ച്ച നടത്തും. ഈ മാസം 30ന് കേരളത്തില്‍ എത്തുന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി യു ഡി എഫ് ഘടകകക്ഷി നേതാക്കളുമായും കൂടിക്കാഴ്ച നടത്തും. കോട്ടയം നാട്ടകം ഗസ്റ്റ്ഹൗസിലായിരിക്കും കൂടിക്കാഴ്ച.
ഫെബ്രുവരി മാസത്തില്‍ എല്ലാ ജില്ലകളിലും വിപുലമായ കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിക്കും. മാര്‍ച്ച് മാസത്തില്‍ ഓരോ ജില്ലയിലെയും നാല് സ്ഥലങ്ങളില്‍ വന്‍പൊതുയോഗങ്ങള്‍ നടത്തുവാനും യോഗത്തില്‍ ധാരണയായി. യു ഡി എഫ് സംസ്ഥാന നേതാക്കള്‍ കണ്‍വെന്‍ഷനുകളിലും പൊതുയോഗങ്ങളിലും പങ്കെടുക്കും. ഘടക കക്ഷികള്‍ പ്രത്യേകം ജാഥ നടത്തുന്നതിനാല്‍ സംസ്ഥാനതലത്തില്‍ ജാഥ ആവശ്യമില്ലെന്നും യോഗം വിലയിരുത്തി. നിയമസഭാ തിരഞ്ഞെടുപ്പില്‍ അവതരിപ്പിക്കാനുള്ള പ്രകടന പത്രിക തയ്യാറാക്കുന്നതിന് കെ പി സി സി വൈസ് പ്രസിഡന്റ് എം എം ഹസന്‍ കണ്‍വീനറായ കമ്മിറ്റിക്കും യോഗം രൂപം നല്‍കി.
കെ പി എ മജീദ്, എന്‍ കെ പ്രേമചന്ദ്രന്‍ എം പി, ജോയി എബ്രഹാം എം പി, ഡോ.വര്‍ഗീസ് ജോര്‍ജ്, അഡ്വ.രാജന്‍ബാബു, സി പി ജോണ്‍, ജോണി നെല്ലൂര്‍ എന്നിവരായിരിക്കും പ്രകടന പത്രിക കമ്മിറ്റിയിലെ അംഗങ്ങള്‍.
മുഖ്യമന്ത്രിക്കെതിരെ കത്ത് അയച്ചിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും അത്തരമൊരു കത്തില്ലെന്ന് കോണ്‍ഗ്രസ് ഹൈകമാന്‍ഡും വ്യക്തമാക്കിയ സാഹചര്യത്തില്‍ ഇതൊരു അടഞ്ഞ അധ്യായമാണെന്ന് യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കണ്‍വീനര്‍ പി പി തങ്കച്ചന്‍ പറഞ്ഞു. കെ കരുണാകരന്‍ ശക്തനായ ഭരണാധികാരിയായിരുന്നു. അതുപോലെ തന്നെ കരുത്തനായ മുഖ്യമന്ത്രിയാണ് ഉമ്മന്‍ ചാണ്ടി. ഇരുവരുടെയും പ്രവര്‍ത്തനശൈലിയില്‍ വ്യത്യാസം ഉണ്ടാകാം. വെള്ളാപ്പള്ളി നടേശന്റെ വര്‍ഗീയ വിദ്വേഷ പ്രസംഗത്തിനെതിരെയുള്ള കേസില്‍ എല്ലാ പഴുതുകളും അടച്ചുള്ള നിയനടപടിയായിരിക്കും സ്വീകരിക്കുക. അറസ്റ്റ് ചെയ്യേണ്ടി വന്നാല്‍ വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
റബ്ബറിന്റെ വിലത്തകര്‍ച്ച ഒഴിവാക്കാന്‍ റബ്ബറിന്റെ ഇറക്കുമതി നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് യോഗം പ്രമേയം പാസാക്കി. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടണം. ഇക്കാര്യത്തില്‍ രൂപവത്കരിച്ച 15 അംഗ കമ്മിറ്റി ഉടന്‍ വിളിച്ചു ചേര്‍ക്കണം. വില സ്ഥിരതാ പദ്ധതി എല്ലാ കര്‍ഷകര്‍ക്കും ലഭ്യമാക്കാന്‍ റബ്ബര്‍ ബോര്‍ഡിന് മുന്നിലുള്ള എല്ലാ അര്‍ഹമായ അപേക്ഷകളും പരിഗണിക്കണമെന്നും പ്രമേയത്തില്‍ പറയുന്നു. കുട്ടനാട്, പാലക്കാട് എന്നീവിടങ്ങളിലെ നെല്ല് സംഭരണത്തിലെ കുടിശ്ശിക ഉടന്‍ കൊടുത്തു തീര്‍ക്കണമെന്നും ക്ഷേമ പെന്‍ഷന്‍ കുടിശ്ശിക അടിയന്തരമായി തീര്‍ക്കണമെന്ന മറ്റൊരു പ്രമേയവും യോഗം അംഗീകരിച്ചു. ഇന്ധനവില അഞ്ചുരൂപ കുറച്ച് തീരുവ ആറുരൂപ വര്‍ധിപ്പിക്കുന്ന നയമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇതിനെതിരെ ജനങ്ങളെ സംഘടിപ്പിച്ച് ശക്തമായ പ്രതിഷേധം ഉയര്‍ത്തും. അടുത്തമാസം ഒന്നിന് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനം നടത്തും.