Connect with us

Health

വൈറസ് പടരുന്നു; ബ്രസീലില്‍ ആരോഗ്യ അടിയന്തരാവസ്ഥ

Published

|

Last Updated

റിയോ ഡി ജനീറോ: രാജ്യത്ത് നൂറുകണക്കിന് കുട്ടികള്‍ മസ്തിഷ്‌ക വൈകല്യവുമായി ജനിച്ചതോടെ ബ്രസീലില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കൊതുകുകളിലൂടെ പടരുന്ന വൈറസ്ബാധ കാരണം 2,400 നവജാത ശിശുക്കളില്‍ മസ്തിഷ്‌ക വൈകല്യം കണ്ടെത്തിയതോടെയാണ് അതീവ ജാഗ്രത പാലിക്കാന്‍ ബ്രസീലിയന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്.
സികാ എന്നറിയപ്പെടുന്ന വൈറസ്ബാധ കാരണം സാധാരണഗതിയില്‍ ചെറിയ പ്രശ്‌നങ്ങളേ ഉണ്ടാകുകയുള്ളൂ. എന്നാല്‍, ഇതിന്റെ തീവ്രത കൂടിയ ഇനമാണ് ബാധിക്കുന്നതെങ്കില്‍ മരണം സംഭവിക്കാവുന്ന ഗുരുതര മസ്തിഷ്‌ക വൈകല്യം വരുത്തിവെക്കും. എഴുപത് വര്‍ഷം മുമ്പ് ആഫ്രിക്കന്‍ കാടുകളിലെ കുരങ്ങുകളിലാണ് ഈ വൈറസ് ആദ്യം കണ്ടെത്തിയത്.
കഴിഞ്ഞ മാസം 28നാണ് ബ്രസീലില്‍ സികാ ബാധ ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്ന് കൂടുതല്‍ നവജാത ശിശുക്കള്‍ കുഞ്ഞ് തലയുമായി ജനിക്കുകയായിരുന്നു. ഈ കുട്ടികളുടെ അമ്മമാരില്‍ സികാ ബാധയുണ്ടായായിരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
മൈക്രോസിഫിലി എന്ന് വിളിക്കപ്പെടുന്ന തലയോട്ടി ചുരുങ്ങുന്ന അവസ്ഥ കൂടുതല്‍ കുഞ്ഞുങ്ങളില്‍ കണ്ടെത്തുന്നുണ്ടെന്നും ഭീതിജനകമായ സാഹചര്യമാണ് നിവിലുള്ളതെന്നും ബ്രസീല്‍ ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ഇതിനകം 29 കുട്ടികള്‍ മരിച്ചിട്ടുണ്ട്. ശാസ്ത്രസമൂഹത്തിന് മുന്നില്‍ വെല്ലുവിളിയുയര്‍ത്തിയിരിക്കുകയാണ് കൊതുകുകള്‍ വഹിക്കുന്ന ഈ വൈറസ്. കുഞ്ഞുങ്ങള്‍ ഇങ്ങനെ രോഗത്തിന് അടിമപ്പെടുന്നത് വൈകാരികമായ സാഹചര്യമാണ്. ഈ പശ്ചാത്തലത്തിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്നും പ്രസ്താവനയില്‍ പറയുന്നു.