Connect with us

National

കേരളമുള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ വിഭാഗീയതയെന്ന് സി പി എം പ്ലീനം റിപ്പോര്‍ട്ട്

Published

|

Last Updated

കൊല്‍ക്കത്ത: കേരളമുള്‍പ്പെടെ പാര്‍ട്ടി താരതമ്യേന ശക്തിയുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ പാര്‍ട്ടി യില്‍ കടുത്ത വിഭാഗീയത നിലനില്‍ക്കുന്നുണ്ടെന്ന് സി പി എം പാര്‍ട്ടി പ്ലീനം റിപ്പോര്‍ട്ട്. കേരളം, ഒഡീഷ, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ വിഭാഗീയത പ്രകടമാണ്. കേരളത്തില്‍ പാര്‍ട്ടിക്കുള്ളില്‍ നടക്കുന്ന ചര്‍ച്ചകള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ന്ന് ലഭിക്കുന്നു. സ്വതന്ത്രവും നിഷപക്ഷവുമായ ചര്‍ച്ചകള്‍ പലപ്പോഴും ഉണ്ടാകുന്നില്ല.
തെറ്റുതിരുത്തലുകള്‍ നടപ്പാക്കിയ ശേഷവും പാര്‍ട്ടിക്കുള്ളില്‍ അരുതായ്മകള്‍ തുടരുന്നുണ്ട്. മദ്യ- റിയല്‍ എസ്റ്റേറ്റ് സംഘങ്ങളുമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ രാജിയാകുന്നത് ഗൗരവത്തോടെ കാണണം. ഇതാണ് ബൂര്‍ഷ്വാ രാഷ്ട്രീയ പാര്‍ട്ടികളുടെ സ്വാധീനം സി പി എമ്മിനെ ബാധിക്കുന്നത്. ഇതുവഴി ഉണ്ടാകുന്ന ധാര്‍മികച്യുതി പാര്‍ട്ടിയുടെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യുന്നതാണ്.
നേതാക്കള്‍ വരുമാനത്തിന് അപ്പുറത്തുള്ള ആര്‍ഭാട ജീവിതം നയിക്കുന്നതും വിവാഹ ധൂര്‍ത്ത് നടത്തുന്നതും സാമ്പത്തിക ക്രമക്കേടില്‍ ഉള്‍പ്പെടുകയും ചെയ്യുന്നത് ഭൂഷണമല്ല. അതുപോലെ അമിത മദ്യപാനം പ്രവര്‍ത്തകരെ ബാധിക്കാനും പാടില്ല. ഇതോടൊപ്പം പാര്‍ട്ടി പ്രവര്‍ത്തകരുടെ പാര്‍ലിമെന്ററി വ്യാമോഹവും യഥാര്‍ഥ ജനസേവനത്തിന് തടസ്സം സൃഷ്ടിക്കും തുടങ്ങിയ നിരീക്ഷണങ്ങള്‍ നടത്തുന്ന റിപ്പോര്‍ട്ട് ഓരോ വര്‍ഷവും അംഗത്വം പുതുക്കുമ്പോള്‍ തെറ്റുതിരുത്തല്‍ ഉറപ്പാക്കണമെന്നും നിര്‍ദേശിക്കുന്നുണ്ട്.
പാര്‍ട്ടിയെ ശക്തിപ്പെടുത്തുക, യുവാക്കളെ കൂടുതലായി പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കുക, വര്‍ഗീയതയെ ചെറുക്കുന്നതിന് സംഘടനയെ സജ്ജമാക്കുക തുടങ്ങിയവയാണ് സി പി എം പ്ലീനത്തിലെ പ്രധാന അജന്‍ഡയെന്ന് പ്ലീനത്തിന് മുന്നോടിയായി നടത്തിയ പത്രസമ്മേളനത്തില്‍ സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പ് വിജയത്തില്‍ സി പി എമ്മിന് പങ്കുണ്ടെങ്കില്‍ വി എസ് അച്യുതാനന്ദനും പങ്കുണ്ടെന്ന് യച്ചൂരി പറഞ്ഞു. നേതൃത്വ തീരുമാനത്തില്‍ ചെറുപ്പവും അനുഭവപരിചയവും പരിഗണിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ മുന്നണി രൂപവത്കരണം സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് സംസ്ഥാന ഘടകമാണെന്നും വി എസിനെയും പാര്‍ട്ടിയെയും രണ്ടായി കാണേണ്ടതില്ലെന്നും യച്ചൂരി കൂട്ടിച്ചേര്‍ത്തു. തദ്ദേശ തിരഞ്ഞെടുപ്പ് വിജയത്തില്‍ വി എസിന്റെ പങ്ക് സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പാക് യാത്ര വി ഐ പി നയതന്ത്ര ദൗത്യമാണെന്നും അദ്ദേഹം പ്രതികരിച്ചു. ഇന്ത്യാ-പാക്ക് ബന്ധം മെച്ചപ്പെടുന്നതിനെ സ്വാഗതം ചെയ്ത അദ്ദേഹം ഇത് നേതാക്കള്‍ക്കിടയിലെ ബന്ധം മാത്രമായി ഒതുങ്ങരുതെന്നും സാധാരണ ജനങ്ങള്‍ക്കിടയിലെ ബന്ധവും മെച്ചപ്പെടണമെന്നും അഭിപ്രായപ്പെട്ടു.

---- facebook comment plugin here -----

Latest