Connect with us

Gulf

'പുതിയ തൊഴില്‍നിയമം സമൂല മാറ്റം കൊണ്ടുവരും'

Published

|

Last Updated

സഖര്‍ ഗോബാഷ്‌

അബുദാബി: തൊഴില്‍ കമ്പോളത്തില്‍ സമൂലമായ മാറ്റമാണ് യു എ ഇ ലക്ഷ്യമിടുന്നതെന്ന് തൊഴില്‍ മന്ത്രി സഖര്‍ ഗൊബാഷ് വ്യക്തമാക്കി. ഒരു ഇംഗ്ലീഷ് പത്രത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. ജനുവരി ഒന്നിന് നിലവില്‍ വരുന്ന പുതിയ നിയമം ഒരു പ്രധാന നാഴികക്കല്ലാണ്. തൊഴില്‍ കമ്പോളം ഗുണപരമായ മാറ്റത്തിന് വിധേയമാകും. നിരവധി പഠനങ്ങളുടെയും നിര്‍ദേശങ്ങളുടെയും അടിസ്ഥാനത്തിലാണ് പുതിയ തൊഴില്‍നിയമം നടപ്പാക്കുന്നത്. 2011ല്‍ തൊഴില്‍ നിയമം മാറ്റി എഴുതിയിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഇനി വരാന്‍ പോകുന്ന നിയമം. വിദഗ്ധ തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട തൊഴില്‍ കണ്ടെത്താന്‍ പുതിയ നിയമം വഴിയൊരുക്കും. അവരുടെ കാര്യശേഷി 10 ശതമാനം വര്‍ധിപ്പിക്കാന്‍ കഴിയും.
മൂന്ന് പ്രധാനപ്പെട്ട മാറ്റങ്ങളാണ് വരുത്തുന്നത്. തൊഴിലുടമയും തൊഴിലാളിയും തമ്മിലുണ്ടാക്കുന്ന കരാറാണ് അതില്‍ പ്രധാനം. രണ്ടാമത്തേത് ഇരു കൂട്ടരുടെയും കടമകളും ഉത്തരവാദിത്വങ്ങളും രേഖപ്പെടുത്തിയിരിക്കും. തൊഴിലാളികളും തൊഴിലുടമയും തമ്മിലുള്ള ബന്ധം കുറേക്കൂടി ഊര്‍ജ സ്വലമാക്കും. ഏത് സമയത്തും പിരിച്ചുവിടാനും ജോലി രാജിവെക്കാനുമുള്ള സാഹചര്യം കരാറിന്റെ അടിസ്ഥാനത്തില്‍ പുനര്‍നിര്‍ണയിച്ചിട്ടുണ്ട്. യു എ ഇയില്‍ തൊഴിലാളി എത്തുന്നതിന് മുമ്പ്തന്നെ കരാര്‍ ഒപ്പുവെക്കും. ഇതിന് നിയമപരമായ സാധൂകരണം ഉണ്ടായിരിക്കും. വിദഗ്ധ തൊഴിലാളികളായി അറിയപ്പെടുന്നവര്‍ പ്രത്യേകം വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ഇതില്‍ ഒന്ന്, രണ്ട്, മൂന്ന് വിഭാഗത്തില്‍പെട്ടവര്‍ക്ക് തൊഴില്‍ മാറാന്‍ കുറഞ്ഞത് ആറ് മാസം വേണമെന്ന നിബന്ധന ഒഴിവാക്കിയിട്ടുണ്ട്. ഒരു തൊഴിലുടമയുടെ കീഴില്‍ കുറഞ്ഞ സമയത്തേക്കാണ് തൊഴിലെടുത്തെത് എങ്കില്‍പോലും വേറെ ഒരു തൊഴില്‍ കണ്ടെത്താന്‍ അത് തടസ്സമല്ല, മന്ത്രി വ്യക്തമാക്കി.

Latest