Connect with us

National

പശ്ചിമ ബംഗാളില്‍ മമതയുടെ വേരിളകുന്നു

Published

|

Last Updated

കൊല്‍ക്കത്ത: ദേശീയതലത്തില്‍ ഫെഡറല്‍ മുന്നണി എന്ന വലിയ ആശയവുമായി മുന്നോട്ടുപോകുമ്പോഴും തൃണമൂല്‍ കോണ്‍ഗ്രസിന് (ടി എം സി) പശ്ചിമ ബംഗാളില്‍ ക്ഷീണം സംഭവിക്കുന്നതായി വിലയിരുത്തല്‍. സംസ്ഥാന നിയമസഭയിലേക്ക് തിരഞ്ഞെടുപ്പ് നടക്കാന്‍ ഏതാനും മാസങ്ങള്‍ മാത്രം അവശേഷിക്കവെയാണ് മമത ബാനര്‍ജിയുടെ ശക്തിക്ഷയം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ശാരദാ ചിട്ടി തട്ടിപ്പ് ഉള്‍പ്പെടെയുള്ള വിവിധ കാരണങ്ങളാണ് മമതയുടെ പ്രഭാവം കുറയാന്‍ കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നത്. ശാരദാ ചിട്ടി തട്ടിപ്പില്‍ നടക്കുന്ന സി ബി ഐ അന്വേഷണം ഇതിനകം തൃണമൂല്‍ നേതാക്കളിലേക്കോ പാര്‍ട്ടിയുമായി അടുപ്പമുള്ളവരിലേക്കോ എത്തിയിട്ടുണ്ട്.
സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന ഈ കേസന്വേഷണം സംബന്ധിച്ച് ഇതുവരെ കാര്യമായ പ്രതികരണങ്ങളൊന്നും തന്നെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നോ മമതാ ബാനര്‍ജിയില്‍ നിന്നോ ഉണ്ടായിട്ടില്ല. അടുത്തിടെയാണ് തൃണമൂല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സുഖ്‌ദേവ് പാന്‍ഡയെ സി ബി ഐ സംഘം ശാരദാ ചിട്ടി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് വീണ്ടും ചോദ്യം ചെയ്തത്. പാന്‍ഡയെ പാര്‍ട്ടിയുടെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും നീക്കിക്കൊണ്ടുള്ള തീരുമാനം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസ് ഈ സംഭവത്തോട് പ്രതികരിച്ചത്. ചിട്ടിതട്ടിപ്പുമായി പാര്‍ട്ടിക്ക് യാതൊരുവിധ ബന്ധവുമില്ലെന്ന് സ്ഥാപിക്കാനുള്ള വ്യഗ്രതയാണ് ഇതിന് പിന്നിലെന്നായിരുന്നു ഇതേക്കുറിച്ച് വന്ന രാഷ്ട്രീയ വിലയിരുത്തലുകള്‍. ഇതേ കേസില്‍ ജയിലിലായ ടി എം സി നേതാവ് മദന്‍ മിത്രയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ തയ്യാറായിട്ടില്ലെന്നതും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
അതേസമയം, കേസില്‍ ജയിലില്‍ അയക്കപ്പെട്ട തൃണമൂല്‍ എം പി കുനാല്‍ ഘോഷ് മാത്രമാണ് ശാരദാ ചിട്ടിയില്‍ നിന്ന് മമതാ ബാനര്‍ജിയും നേട്ടമുണ്ടാക്കിയിട്ടുണ്ട് എന്ന് ആരോപിച്ചിട്ടുള്ളത്. എന്നിരുന്നാലും ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ തന്നോട് അടുപ്പമുള്ളവര്‍ ഉള്‍പ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ പാര്‍ട്ടിക്കകത്ത് മമതാ ബാനര്‍ജിയുടെ നില പരുങ്ങലിലാക്കിയിട്ടുണ്ട്. പാര്‍ട്ടിയില്‍ നിന്ന് അകന്നുകഴിയുന്ന മുകുള്‍ റോയിയുമായുള്ള ബന്ധം പുനഃസ്ഥാപിക്കാന്‍ മമത നടത്തുന്ന നീക്കങ്ങള്‍ ഇതിന്റെ ഭാഗമായാണ് കാണുന്നത്. ശാരദാ കേസില്‍ സി ബി ഐ തന്നെ ശല്യം ചെയ്യുന്നു എന്ന് പറഞ്ഞാണ് മുന്‍ കേന്ദ്ര റെയില്‍വേ മന്ത്രിയും മമത കഴിഞ്ഞാല്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവുമായ മുകുള്‍ റോയി ടി എം സിയുമായി അകന്നത്. കേസില്‍ സി ബി അന്വേഷണവുമായി സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ടി എം സി പ്രവര്‍ത്തകരില്‍ നിര്‍ണായക സ്വാധീനമുള്ള റോയി പുതിയ പാര്‍ട്ടിയുണ്ടാക്കുമെന്നും കോണ്‍ഗ്രസിലോ ബി ജെ പിയിലോ ചേരുമെന്നുമൊക്കെയുള്ള പ്രചാരണങ്ങളും ഉണ്ടായിരുന്നു.
സി പി എമ്മിനെതിരെ നന്ദിഗ്രാമില്‍ പ്രതിഷേധം ഉയര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച പാര്‍ട്ടിയുടെ പാര്‍ലിമെന്റ് അംഗം സുഭേന്ദു അധികാരിയില്‍ നിന്ന് യൂത്ത് വിംഗിന്റെ നേതൃസ്ഥാനം എടുത്ത് തന്റെ ബന്ധുവായ അഖിലേഷ് ബാനര്‍ജിക്ക് നല്‍കിയതും സംഘടനാ തലത്തില്‍ മമതക്ക് വെല്ലുവിളിയായിട്ടുണ്ട്.
ദേശീയതലത്തില്‍ പുതിയ സഖ്യം രൂപവത്കരിക്കാനുള്ള മമതയുടെ ആഗ്രഹങ്ങളോട് അനുഭാവം പ്രകടിപ്പിച്ചിട്ടുള്ളത് എ എ പി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ മാത്രമാണ്. ലാലു പ്രസാദ് യാദവോ മുലായം സിംഗ് യാദവോ തങ്ങളുടെ നിലപാട് ഇപ്പോഴും വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മുലായം നടത്തിയ മലക്കംമറിച്ചില്‍ പാര്‍ട്ടിയിലെ പലര്‍ക്കും മറക്കാനായിട്ടുമില്ല. അതുകൊണ്ടുതന്നെ ദേശീയ തലത്തില്‍ സഖ്യമുണ്ടാക്കാന്‍ മാത്രം മമതക്ക് രാഷ്ട്രീയ പക്വത ഉണ്ടായിട്ടില്ലെന്നും നല്ലൊരു വിഭാഗം തൃണമൂല്‍ നേതാക്കളും വിശ്വസിക്കുന്നു.
അതിനിടെ, കൊല്‍ക്കത്തയില്‍ ആരംഭിച്ച സി പി എം പാര്‍ട്ടി പ്ലീനവും മമതയുടെ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് ചിലപ്പോള്‍ തടയിടുന്നതാകും. സംസ്ഥാനത്ത് മമതാ ബാനര്‍ജി യുഗം അവസാനിപ്പിക്കുന്നതിന് കോണ്‍ഗ്രസുമായി സഹകരിക്കാമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പ്ലീനത്തില്‍ നിന്ന് പുറത്തുവരുന്നുണ്ട്.

Latest