Connect with us

Qatar

ഖത്വര്‍ എം ഇ എസ് ഓവറോള്‍ ചാമ്പ്യന്‍മാര്‍

Published

|

Last Updated

സി ബി എസ് ഇ ദേശീയ അത്‌ലറ്റിക്‌സ് മീറ്റില്‍ ഓവറോള്‍ ചാംപ്യന്‍മാരായ
ഖത്വര്‍ എം ഇ എസ് സ്‌കൂള്‍ ടീം

ദോഹ: റായ്പൂരില്‍ നടന്ന സി ബി എസ് ഇ ദേശീയ അത്‌ലറ്റിക് മീറ്റില്‍ ഖത്വര്‍ എം ഇ എസ് സ്‌കൂളിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്. ഇതാദ്യമായാണ് ഒരു ഗള്‍ഫ് ഇന്ത്യന്‍ സ്‌കൂള്‍ സി ബി എസ് ഇ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍മാരാകുന്നത്.
എം ഇ എസ് സ്‌കൂളിന് ആറു സ്വര്‍ണ മെഡലുകളും 10 വെള്ളി, ഒരു വെങ്കലവുമാണ് ലഭിച്ചത്. 57 മീറ്റ് പോയിന്റുകളോടെയാണ് സ്‌കൂള്‍ ഒന്നാമതെത്തിയത്. അണ്ടര്‍ 14, 16 വിഭാഗങ്ങളിലായി 18 ആണ്‍കുട്ടികളാണ് മേളയില്‍ പങ്കെടുത്തത്. ഏതാനും മീറ്റ് റെക്കോര്‍ഡുകളും മേളയില്‍ നിന്നും എം ഇ എസി വിദ്യാര്‍ഥികള്‍ സ്വന്തമാക്കി. പുതിയ റെക്കോര്‍ഡും പിറന്നു.
അഹ്മദ് ഖാലിദ് എന്ന വിദ്യാര്‍ഥിയാണ് അണ്ടര്‍ 16 ഹൈജംപില്‍ മീറ്റ് റെക്കോര്‍ഡ് തിരുത്തിയത്. 1.95 മീറ്ററാണ് പുതിയ ഉയരം. 2010ല്‍ സൃഷ്ടിച്ച റെക്കോര്‍ഡാണ് അഹ്മദ് ഖാലിദ് തിരുത്തിയതെന്ന് എം ഇ എസ് സ്‌കൂള്‍ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. ഫര്‍ഹാന്‍, അഹ്മദ് ഹാശിര്‍, ഫര്‍റാസ്, മുഹമ്മദ് അര്‍ശാദ്, ഉവൈസ് നസ്‌റുല്ല എന്നിവര്‍ പങ്കെടുത്ത അണ്ടര്‍ 19 400 മീറ്റര്‍ റിലേയില്‍ 43.63 സെക്കന്‍ഡ് എന്ന റെക്കോര്‍ഡ് സമയം കൊണ്ടാണ് സ്വര്‍ണം നേടിയത്. ഇതേ സംഘം 1600 മീറ്റര്‍ റിലേയില്‍ 4.27 മിനിറ്റില്‍ റെക്കോര്‍ഡിട്ടു. അണ്ടര്‍ 16 ബോയ്‌സ് 400 മീറ്റര്‍ റിലേയില്‍ നയാഫ് റഹ്മാന്‍, മുഹമ്മദ് അസാം, അവിനാഷ് പി, മിസ്‌നദ് മുനീര്‍ എന്നിവരുടെ സംഘം വെള്ളി നേടി. മുഹമ്മദ് ഹര്‍ഷാദ് ജാവലിന്‍ ത്രോയില്‍ വെങ്കലം നേടി. സി ബി എസ് ഇ ചെയര്‍മാന്‍ വൈ എസ് കെ ശേഷു കുമാര്‍ എം ഇ എസ് ടീമിനെ അഭിനന്ദിച്ചു. ഡിസംബര്‍ 26 മുതല്‍ 30 വരെയാണ് 2,400 അംഗങ്ങള്‍ പങ്കെടുത്ത മത്സരം നടന്നത്.
മേള കഴിഞ്ഞ് ഖത്വറില്‍ തിരിച്ചെത്തിയ ടീമിന് ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ എം ഇ എസ് ഗവേണിംഗ് ബോര്‍ഡ് സ്‌പോര്‍ട്‌സ് ആന്‍ഡ് ഗെയിംഗ്‌സ ഡയറക്ര്‍ അഹ്മദ് ഇശാമിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ അധികൃതര്‍ സ്വീകരണം നല്‍കി. ഫിസിക്കല്‍ എജുക്കേഷന്‍ ഹെഡ് അക്ബര്‍ അലി കെ ടി, അധ്യാപകരായ സ്റ്റീസണ്‍ കെ മാത്യു, മുബശ്ശിര്‍ കെ പി എന്നിവരെയും അഭിനന്ദിച്ചു.

---- facebook comment plugin here -----

Latest