Connect with us

Kerala

സുധീരന്‍ നയിക്കുന്ന ജനരക്ഷായാത്ര ഇന്നുമുതല്‍

Published

|

Last Updated

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ നയിക്കുന്ന ജനരക്ഷാ യാത്രക്ക് ഇന്ന് തുടക്കം. കാസര്‍കോട് കുമ്പളയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി യാത്ര ഉദ്ഘാടനം ചെയ്യും. കോണ്‍ഗ്രസ് കേന്ദ്ര സംസ്ഥാന നേതാക്കളും മന്ത്രിമാരും ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കും. ഫെബ്രുവരി ഒമ്പതിന് തിരുവനന്തപുരത്താണ് യാത്രയുടെ സമാപനം.
യു ഡി എഫിന്റെ തുടര്‍ ഭരണം ഉറപ്പാക്കുകയാണ് യാത്രയുടെ ലക്ഷ്യമെന്നാണ് കെ പി സി സി നേതൃത്വത്തിന്റെ പ്രഖ്യാപനം. പാര്‍ട്ടിയിലെയും മുന്നണിയിലെയും പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ത്ത് ഐക്യസന്ദേശം നല്‍കാന്‍ യാത്രക്കു കഴിയുമെന്നും കെ പി സി സി കണക്കുകൂട്ടുന്നു. ഗ്രൂപ്പ് വ്യത്യാസമില്ലാതെ യാത്രയുടെ വിജയത്തിനായി പ്രവര്‍ത്തിക്കാന്‍ കെ പി സി സി നേതൃത്വം പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി നല്‍കിയ നിര്‍ദേശ പ്രകാരം മുന്നണി പാര്‍ട്ടി നേതൃത്വങ്ങള്‍ ഒറ്റക്കെട്ടായി മുന്നോട്ടുപോവാന്‍ തീരുമാനിച്ചിരുന്നു. നേതാക്കളായ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും വി എം സുധീരനും സംയുക്ത വാര്‍ത്താസമ്മേളനം നടത്തി ഐക്യകാഹളം മുഴക്കുകയും ചെയ്തു. അതേസമയം, പാര്‍ട്ടിയുടെ താഴേത്തട്ടില്‍ ഇപ്പോഴും അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുകയാണ്. ജനരക്ഷാ യാത്രയോടെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടിയുടെ കീഴ്ഘടകങ്ങള്‍ ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായിരിക്കും മുന്‍ഗണന നല്‍കുക. അതേസമയം, സര്‍ക്കാരിനെതിരേ ഉയര്‍ന്നുവന്ന അഴിമതി ആരോപണങ്ങള്‍ക്ക് ജനപക്ഷയാത്രയില്‍ സുധീരന്‍ മറുപടി പറയേണ്ടിവരും.
സുധീരന്റെ യാത്രക്ക് പിന്നാലെ കെഎം മാണിയും പികെ കുഞ്ഞാലിക്കുട്ടിയും കേരള യാത്രക്ക് ഒരുങ്ങുന്നുണ്ട്. ഫെബ്രുവരി പകുതിയോടെ കണ്‍വന്‍ഷനുകളും മാര്‍ച്ചില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ ഓരോ ജില്ലയിലും നാലുയോഗങ്ങള്‍ വീതവും സംഘടിപ്പിക്കും.
നാല് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് വരുന്നുണ്ടെങ്കിലും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് ഏറ്റവും പ്രതീക്ഷയുള്ളത് കേരളത്തിലാണെന്ന സോണിയയുടെ വാക്കുകള്‍ ഉള്‍ക്കൊണ്ടാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രവര്‍ത്തനങ്ങള്‍.

Latest