Connect with us

Sports

കേരള ജൈത്ര യാത്ര

Published

|

Last Updated

കൊച്ചി: സയ്യിദ് മുഷ്താഖ് അലി ട്വന്റി20 മത്സരത്തില്‍ കേരളത്തിന് തുടര്‍ച്ചയായ നാലാം വിജയം. ഇന്നലെ നടന്ന മത്സരത്തില്‍ കേരളം 50 റണ്‍സിന് സൗരാഷ്ട്രയെ തോല്‍പ്പിച്ചു. മികച്ച ഫോം തുടരുന്ന രോഹന്‍ പ്രേമിന്റെ ബാറ്റിംഗ് കരുത്തിലാണ് കേരളം ഇന്ത്യന്‍ താരങ്ങളായ ചേതേശ്വര്‍ പൂജാരയും ജയ്‌ദേവ് ഉനദ്കട്ടും അടങ്ങിയ സൗരാഷ്ട്രക്ക് മേല്‍വിജയം നേടിയത്.
ഇന്ന് നടക്കുന്ന മത്സരങ്ങളില്‍ ജമ്മു കാശ്മീര്‍ ഝാര്‍ഖണ്ഡിനെയും പഞ്ചാബ് ത്രിപുരയെയും രാജസ്ഥാന്‍ സൗരാഷ്ട്രയെയും നേരിടും. 9ന് പഞ്ചാബിനെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം.
കളമശേരി സെന്റ്‌പോള്‍സ് കോളജ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ സൗരാഷ്ട്ര കേരളത്തെ ആദ്യം ബാറ്റിങിനയക്കുകയായിരുന്നു. സഞ്ജു സാംസണിനെ തുടക്കത്തില്‍ നഷ്ടമായ കേരളം രോഹന്‍ പ്രേമിന്റെയും സച്ചിന്‍ ബേബിയുടെയും മികവില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുത്തു. ടൂര്‍ണമെന്റിലെ രണ്ടാം അര്‍ധ ശതകം നേടിയ രോഹന്‍ 56ഉം സച്ചിന്‍ ബേബി 43ഉം റണ്‍സെടുത്തു. റൈഫി വിന്‍സെന്റ് ഗോമസ് പുറത്താകാതെ 25 റണ്‍സ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ സൗരാഷ്ട്രക്കാര്‍ക്ക് 9 വിക്കറ്റ് നഷ്ടപ്പെടുത്തി 115 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളു. കേരളത്തിനായി പ്രശാന്ത് പത്മനാഭന്‍, മനു കൃഷ്ണന്‍ എന്നിവര്‍ മൂന്നു വിക്കറ്റുകള്‍ വീതം നേടി. കേരളത്തിനായി കഴിഞ്ഞ നാലു മത്സരങ്ങളില്‍ നിന്ന് 193 റണ്‍സ് നേടിയ രോഹന്‍ ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ മുന്നിലെത്തി.
ഝാഖണ്ഡ്, ജമ്മുകാശ്മീര്‍, ത്രിപുര ടീമുകള്‍ക്കെതിരെയും നേരത്തേ കേരളം ജയിച്ചിരുന്നു. തോല്‍വിയറിയാതെ മുന്നേറുന്ന കേരളം ബി ഗ്രൂപ്പില്‍ 16 പോയിന്റുമായി സൂപ്പര്‍ ലീഗ് പ്രവേശനം ഏറെക്കുറേ ഉറപ്പിച്ചു. മൂന്നു മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ സൗരാഷ്ട്ര, പഞ്ചാബ്, ഝാര്‍ഖണ്ഡ് ടീമുകള്‍ എട്ടു പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. നാലു ഗ്രൂപ്പുകളിലായി നടക്കുന്ന ടൂര്‍ണമെന്റില്‍ ഓരോ ഗ്രൂപ്പിലും ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടുന്ന രണ്ടു ടീമുകളാണ് 15 മുതല്‍ 20 വരെ മുംബൈയില്‍ നടക്കുന്ന സൂപ്പര്‍ ലീഗ് നോക്കൗട്ട് മത്സരങ്ങള്‍ക്ക് യോഗ്യത നേടുക.
ഇന്നലെ നടന്ന മറ്റു മത്സരങ്ങളില്‍ പഞ്ചാബ് ഝാര്‍ഖണ്ഡിനെയും ത്രിപുര ജമ്മു കാശ്മീരിനെയും തോല്‍പ്പിച്ചു. കൊച്ചി രാജ്യാന്തര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴു വിക്കറ്റിനാണ് പഞ്ചാബ് ജാര്‍ഖണ്ഡിനെ തോല്‍പ്പിച്ചത്. സ്‌കോര്‍: ജാര്‍ഖണ്ഡ്: 104/9, പഞ്ചാബ്: 105/3. നാലു വിക്കറ്റിനായിരുന്നു ത്രിപുര കാശ്മീരിനെ പരാജയപ്പെടുത്തിയത്. സ്‌കോര്‍: ജമ്മു കാശ്മീര്‍-119ന് എല്ലാവരും പുറത്ത്, ത്രിപുര-121/6. കാശ്മീരിന്റെ തുടര്‍ച്ചയായ നാലാം തോല്‍വിയാണിത്.

 

---- facebook comment plugin here -----

Latest