Connect with us

Uae

ഐ സി എഫ് ആരോഗ്യ ബോധവല്‍കരണ കാമ്പയിന്‍ നടത്തുന്നു

Published

|

Last Updated

ദുബൈ: പ്രവാസി ആരോഗ്യം മുഖ്യ ചര്‍ച്ചാവിഷയമാക്കി യു എ ഇ ഐ സി എഫ് ആരോഗ്യ ബോധവല്‍കരണ കാമ്പയിന്‍ നടത്തുന്നു. “മാറുന്ന പ്രവാസം, മറക്കുന്ന ആരോഗ്യം” എന്ന ശീര്‍ഷകത്തില്‍ ജനുവരി 10 മുതല്‍ ഒരു മാസക്കാലമാണ് കാമ്പയിന്‍. ആരോഗ്യ ബോധവല്‍കരണത്തിലൂടെ പ്രവാസികളില്‍ ഗുണപരമായ ജീവിത ശൈലിയും ചിട്ടകളും രൂപപ്പെടുത്തിയെടുക്കുകയാണ് ലക്ഷ്യം. ഇസ്‌ലാമിന്റെ ആരോഗ്യ ദര്‍ശനങ്ങള്‍ സംബന്ധിച്ച് പുതിയ അവബോധം സൃഷ്ടിക്കാനും ശ്രമിക്കും.
അധ്വാനത്തിനിടയില്‍ ആരോഗ്യംമറന്നു രോഗങ്ങളുമായി മല്ലടിക്കേണ്ടി വരികയാണ് മിക്ക പ്രവാസികളും. ശരീരവും ആരോഗ്യവും മറക്കുന്ന പ്രവാസികളില്‍ ഭുരിഭാഗവും രോഗങ്ങളുടെ കൂമ്പാരവുമായാണ് നാട്ടിലേക്ക് മടങ്ങുന്നത്. ശിഷ്ട ജീവിതം അവര്‍ക്ക് യാതനകളുടേതായിരിക്കും. ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്തെന്നു ബോധ്യപ്പെടുത്തുകയും അതനുസരിച്ചുള്ള ജീവിത ശൈലിയും ഭക്ഷണ സംസ്‌കാരവും വളര്‍ത്തിയെടുക്കുകയും ചെയ്യുന്ന വിവിധ പരിപാടികള്‍ കാമ്പയിന്‍ കാലത്ത് നടക്കും.
സെന്‍ട്രല്‍ കമ്മിറ്റികളുടെ കീഴില്‍ വിളംബരം, സെമിനാര്‍, ഫാമിലി പ്രോഗ്രാം, ടേബിള്‍ ടോക്, പ്രഭാഷണം, ഹെല്‍ത് ടിപ്‌സ്, ഡോക്യുമെന്ററി, ഹെല്‍ത് ഡയറി, യുണിറ്റ് കെയര്‍ കണ്‍വിന്‍, മെഡിക്കല്‍ ചെക്കപ്പ്, ബ്ലഡ് ഡൊണേഷന്‍ തുടങ്ങിയവ നടക്കും.
ആരോഗ്യ രക്ഷയുടെ പ്രവാസി പാഠങ്ങള്‍, ജീവിത ശൈലീരോഗങ്ങള്‍ പ്രവാസികളില്‍, ഇസ്‌ലാമിന്റെ ആരോഗ്യ ദര്‍ശനം, ആരോഗ്യം ഇസ്‌ലാം വഴി കാട്ടുന്നു, പ്രവാസികളുടെ ചികിത്സാ പ്രശ്‌നങ്ങള്‍, പ്രവാസികളും മാനസിക പ്രശ്‌നങ്ങളും, തിരുനബി പാഠത്തിലെ ആരോഗ്യ വീക്ഷണം, ആരോഗ്യം നശിക്കരുത് നമുക്ക് ജീവിക്കണം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. വിദഗ്ധ ഡോക്ടര്‍മാര്‍, വൈദ്യശാസ്ത്ര രംഗത്തെ സാങ്കേതിക വിദഗ്ധര്‍ എന്നിവര്‍ എഴുതുന്ന പ്രവാസി വായന സ്‌പെഷ്യല്‍ മാഗസിന്‍ യു എ ഇ യിലെ 25,000 ത്തോളം മലയാളികളില്‍ സൗജന്യ വിതരണം നടത്തും.
പകര അബ്ദുറഹ്മാന്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ നടന്ന നാഷണല്‍ കമ്മിറ്റി യോഗം, കാമ്പയിന്‍ പരിപാടികള്‍ക്ക് അന്തിമരൂപം നല്‍കി. മമ്പാട് അബ്ദുല്‍ അസീസ് സഖാഫി, വി പി എം ഷാഫി, ശരീഫ് കാരശ്ശേരി, അബ്ദുല്‍ റഷീദ് ഹാജി, ഹമീദ് ഈശ്വരമംഗലം, ഹമീദ് പരപ്പ തുടങ്ങിയവര്‍ പങ്കെടുത്തു.

Latest