Connect with us

Gulf

ഗള്‍ഫ് രാജ്യങ്ങളില്‍ ശമ്പള വര്‍ധന താഴും; അലവന്‍സുകളും ആനുകൂല്യങ്ങളും കുറയും

Published

|

Last Updated

ദോഹ: എണ്ണ വിലിയിടിവു സൃഷ്ടിക്കുന്ന സാമ്പത്തിക ആഘാതം ഗള്‍ഫ് നാടുകളില്‍ ഈ വര്‍ഷം ജീവനാക്കാരുടെ ശമ്പള വര്‍ധനയുടെ തോതിനെ ബാധിക്കും. ശമ്പളത്തോതില്‍ ഉയരത്തില്‍ നില്‍ക്കുന്ന യു എ ഇയിലും ഖത്വറിലുമാണ് വര്‍ധനയുടെ തോതിലും കുറവുണ്ടാകുക. ശേഷം സഊദി അറേബ്യ. ഗ്ലോബല്‍ ഹ്യൂമന്‍ റിസോഴ്‌സ് ഏജന്‍സിയായ മെഴ്‌സര്‍ മിഡില്‍ ഈസ്റ്റ് നടത്തിയ “ടോട്ടല്‍ റമ്യൂനറേഷന്‍ സര്‍വേ”യിലാണ് കണ്ടെത്തല്‍. യു എ ഇയിലും ഖത്വറിലും 4.9 ശതമാനത്തിന്റെ വര്‍ധനയാണ് സര്‍വേ പ്രവചിക്കുന്നത്. അഞ്ചു വര്‍ഷത്തിനിടെ ആദ്യമായാണ് ഈ രാജ്യങ്ങളില്‍ ശമ്പള വര്‍ധനയുടെ തോത് അഞ്ചു ശതമാനത്തില്‍ താഴെ വരുന്നത്. എണ്ണവിലക്കുറവ് കൂടുതല്‍ ബാധിക്കുന്ന രാജ്യമായ സഊദി അറേബ്യയില്‍ അഞ്ചു ശതമാനമായിരിക്കും വര്‍ധന. കഴിഞ്ഞ വര്‍ഷങ്ങളില്‍ ആറു ശതമാനമായിരുന്നു സഊദിയിലെ ശമ്പള വര്‍ധന സാധ്യത പ്രവചിക്കപ്പെട്ടിരുന്നത്. അതേസമയം, ഈ വര്‍ഷം പുതിയ നിയമനങ്ങള്‍ക്കും കമ്പനികള്‍ നിയന്ത്രണം വരുത്തുകയാണ്. 2014ല്‍ ഗള്‍ഫിലെ 71 ശതമാനം കമ്പനികളും പുതിയ ജീവനക്കാരെ റിക്രൂട്ട് ചെയ്തപ്പോള്‍ കഴിഞ്ഞ വര്‍ഷം ഇത് 57 ശതമാനമായി ചുരുങ്ങി. സഊദി അറേബ്യയില്‍ 79 ശതമാനം 66 ശതമാനമായാണ് താഴ്ന്നത്. എണ്ണവില ബാരലിന് 100 ഡോളറില്‍നിന്ന് 50 ഡോളറില്‍ താഴെയായി ഇടിഞ്ഞ സാഹചര്യത്തില്‍ 2015 മിഡില്‍ ഈസ്റ്റിലെ സാമ്പത്തിക മേഖലയില്‍ വലിയ മാറ്റങ്ങള്‍ക്കു വിധേയമാക്കിയ വര്‍ഷമാണെന്നും തൊഴില്‍ രംഗത്ത് അത് തീര്‍ച്ചയായും പ്രതിഫലിക്കുമെന്നും മെഴ്‌സര്‍ മിഡില്‍ ഈസ്റ്റ് പ്രിന്‍സിപ്പില്‍ ഇന്‍ഫര്‍മേഷന്‍ സൊലൂഷന്‍സ് ബിസിനസ് ലീഡര്‍ നുനോ ഗോമസ് പറഞ്ഞു. പുതിയ നിയമനങ്ങള്‍ക്കു പകരം നിലവിലുള്ള മനുഷ്യവിഭവങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനാണ് കമ്പനികള്‍ ശ്രമിക്കുക. ജോലിക്കാര്‍ക്ക് അധിക ശമ്പളങ്ങളും അംഗീകാരങ്ങളും നല്‍കി പ്രോത്സാഹിപ്പിക്കാന്‍ ശ്രമിക്കുന്നു. തൊഴില്‍ നഷ്ടത്തെ മറികടക്കുന്നതിനുള്ള ബോധവത്കരണത്തിലൂടെയും ജോലിക്കാരെ ഉത്സാഹിപ്പിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. കമ്പനികള്‍ അലവന്‍സുകള്‍ വെട്ടിക്കുറക്കുന്നതിനും ജീവനക്കാര്‍ക്ക് നല്‍കുന്ന അധിക ആനുകൂല്യങ്ങള്‍ ലയിപ്പിക്കാനും ആലോചിക്കുന്നുണ്ടെന്ന് സര്‍വേ കണ്ടെത്തുന്നു. അലവന്‍സുകള്‍ ഏകീകരിച്ച് നല്‍കുന്ന രീതി സ്വീകരിക്കുന്നതും വര്‍ധിക്കുന്നു. കഴിഞ്ഞ വര്‍ഷം 19 ശതമാനം കമ്പനികള്‍ ഈ രീതി സ്വീകരിച്ചു. മുന്‍വര്‍ഷങ്ങളില്‍ ഈ രീതി തീരേ കുറവായിരുന്നു. ഗള്‍ഫ് കമ്പനികളില്‍ പെന്‍ഷന്‍ സ്‌കീം ഏര്‍പ്പെടുത്തി ജീവനക്കാരെ ആകര്‍ഷിക്കുന്നതിനും കാര്‍ക്കശ്യങ്ങളില്ലാത്ത ജോലി സമയം നിശ്ചയിച്ച് പ്രോത്സാഹിപ്പിക്കാനുമുള്ള ശ്രമങ്ങളും നടന്നു വരുന്നതായി സര്‍വേ കണ്ടെത്തുന്നു. ജീവനക്കാരുടെ തന്നെ വിഹിതം സ്വീകരിച്ചാണ് സേവിംഗ് പ്ലാനുകള്‍ ആവിഷ്‌കരിക്കുന്നത്. യു എ ഇയില്‍ 10 ശതമാനം കമ്പനികള്‍ ഈ രീതി സ്വീകരിച്ചു കഴിഞ്ഞു. 51 ശതമാനം കമ്പനികളും ജോലി സമയത്തിലെ കാര്‍ക്കശ്യം ഒഴിവാക്കുന്നു.