Connect with us

Articles

സി പി എം പഠനം എങ്ങനെയാണ് കോണ്‍ഗ്രസാകുന്നത്?

Published

|

Last Updated

മാറിയ ലോകത്തിനനുസരിച്ച് കേരളത്തെ പുനര്‍നിര്‍മിക്കാനുള്ള ആശയ സൃഷ്ടിക്കായി ആരംഭിച്ച നാലാം അന്താരാഷ്ട്ര പഠന കോണ്‍ഗ്രസ്, ഭാവി സി പി എം എങ്ങനെയുള്ളതായിരിക്കുമെന്നതിന്റെ വ്യക്തമായ സന്ദേശമാണ് പകര്‍ന്നു നല്‍കുന്നത്. 1994-ലെ ഒന്നാം കേരള പഠന കോണ്‍ഗ്രസാണ് 1996-ലെ എല്‍ ഡി എഫ് സര്‍ക്കാറിന്റെ അജന്‍ഡകള്‍ പുനര്‍നിര്‍ണയിച്ചത്. ആഗോളീകരണത്തിന്റെ പുനഃസംഘാടനം എങ്ങനെ നടപ്പാക്കണമെന്ന ദിശ കാണിച്ചതും ആ പഠന കോണ്‍ഗ്രസായിരുന്നു. 2016-ലെ നാലാം പഠന കോണ്‍ഗ്രസ് പുതിയ വികസന നയപ്രഖ്യാപനമാണ് നടത്തുന്നത്.
പ്രമുഖപത്രം ജനുവരി 10-ന് നല്‍കിയ ലീഡ് ന്യൂസിന്റെ തലക്കെട്ട് തന്നെ “മധുരം പുരട്ടി സി പി എം” എന്നായിരുന്നു. വികസനത്തിന്റെ പുതിയ നയരേഖ, വാസ്തവത്തില്‍ പുതിയതല്ലെങ്കിലും വികസനവാദികള്‍ക്ക് അതിമധുരം പ്രദാനം ചെയ്യുന്നുണ്ട്. സ്വകാര്യ മൂലധന നിക്ഷേപം എത്ര വേണമെങ്കിലും സ്വാഗതം ചെയ്യുന്ന വികസന സങ്കല്‍പ്പമാണ് പഠന കോണ്‍ഗ്രസ് മുന്നോട്ടു വെക്കുന്ന മുഖ്യപ്രമേയം. അതാണ് മധുരിക്കാന്‍ കാരണം. എന്നാല്‍, നിക്ഷേപകര്‍ക്ക് മധുരിക്കുമ്പോള്‍, പൊതു സമൂഹത്തിന്റെ അവസ്ഥാവിശേഷങ്ങള്‍ എന്തായിരിക്കുമെന്നാലോചിക്കേണ്ടതുണ്ട്. വികസനത്തിന്റെ ഇരകളുടെ എണ്ണം പതിന്മടങ്ങ് വര്‍ധിക്കുമെന്ന സൂചനയാണ് മധുരോദാരമായ അതിവേഗ റെയില്‍ കോറിഡോര്‍ പദ്ധതിക്കു പച്ചക്കൊടി കാട്ടുന്നതിലൂടെ സി പി എം നല്‍കുന്നത്.
വ്യവസായങ്ങള്‍ക്ക് ഏകജാലക സംവിധാനം വേണമെന്ന നിര്‍ദേശവുമുണ്ടായിരിക്കുന്നു. വ്യവസായികളുടെ മാത്രം താത്പര്യം പരിഗണിച്ചാണ് ഏകജാലക സംവിധാനങ്ങള്‍ കൊണ്ടുവരാറുള്ളത്. കേന്ദ്ര മോദി സര്‍ക്കാര്‍ ഏകജാലകത്തിന്റെയും സ്‌പെഷ്യല്‍ എക്കണോമിക് സോണിന്റെയും വക്താക്കളായി കുത്തകകള്‍ക്ക് പാദസേവ ചെയ്തുകൊണ്ടിരിക്കുമ്പോഴാണ്, കേരളത്തിലും അവക്കു കുട പിടിക്കാന്‍ ഇടതുപക്ഷം തയ്യാറെടുക്കുന്നത്. പുതിയ കേരളം സാധ്യമാക്കും എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് നിക്ഷേപകരുടെ വാഴ്ച സാധ്യമാക്കുമെന്നാണോ? ഭാവി മുഖ്യമന്ത്രിയായി അവതരിപ്പിക്കപ്പെടുന്ന പിണറായി വിജയന്‍ പഠനകോണ്‍ഗ്രസില്‍ നടത്തിയ അധ്യക്ഷ പ്രസംഗം ദിശാസൂചകമായിരുന്നു.
മാറുന്ന കേരളത്തിന്റെ വികസന പരിപ്രേഷ്യമെന്തെന്ന് അദ്ദേഹത്തിന്റെ വാക്കുകള്‍ വെളിവാക്കി. ആറ് മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്തു നിന്ന് കാസര്‍കോട് എത്താനുള്ള അതിവേഗ പാതയെക്കുറിച്ച് അദ്ദേഹം വാചാലനായി. റോഡ് ഗതാഗതത്തിന്റെ സ്വകാര്യവത്കരണത്തിലൂടെ, ബി ഒ ടി വികസന മാതൃകയിലൂടെ മാത്രമേ അത് സാധ്യമാകൂ എന്ന സൂചനയാണ് ആ വാക്കുകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. കാസര്‍കോട് എത്താന്‍ റോഡ്-റെയില്‍ കോറിഡോര്‍ തന്നെ വേണമെന്ന നിര്‍ബന്ധബുദ്ധി ആര്‍ക്കാണുള്ളത്? വിമാന സര്‍വീസ് ആരംഭിച്ചാല്‍ അര മണിക്കൂറിനുള്ളില്‍ കാസര്‍കോട് എത്താമല്ലോ? അതെന്താ വികസനമല്ലേ?
പിന്നെ, ജനപങ്കാളിത്തത്തോടെയുള്ള പുതിയ പി പി പി (പബ്ലിക് പ്രൈവറ്റ് പാര്‍ട്ട്ണര്‍ഷിപ്പ്) യും പഠന കോണ്‍ഗ്രസ് വിഭാവനം ചെയ്യുന്നുവത്രെ! സ്വകാര്യ മൂലധന പങ്കാളിത്തത്തോടെ പൊതുമേഖലകള്‍ നടത്തി, നടത്തി സ്വകാര്യവത്കരണം ത്വരിതപ്പെടുത്തുന്ന ഏര്‍പ്പാടിനെയാണ് പി പി പി എന്നു വിളിക്കുന്നതെന്ന് ആര്‍ക്കാണ് അറിയാത്തത്? അതില്‍ ജനപങ്കാളിത്തത്തിന്റെ പ്രശ്‌നം തന്നെ ഉദിക്കുന്നില്ല. നേരെ മറിച്ച് ജനങ്ങളുടെ പങ്കാളിത്തവും നിലനില്‍പ്പും അപകടത്തിലാക്കുന്ന ചൂഷണ മുഖമാണ് പി പി പിയുടേത്. അതറിയാത്തവരല്ല സി പി എം നേതാക്കള്‍. എന്നാല്‍, വികസനം സ്വകാര്യമൂലധനത്തിലൂടെ എന്ന് തീരുമാനിക്കപ്പെട്ടു കഴിഞ്ഞാല്‍ മൂലധനശക്തികള്‍ക്ക് മധുരം വിളമ്പിയേ അത് അവസാനിക്കൂ.
കോര്‍പറേറ്റുകളോടുള്ള “അയിത്തം” മാറ്റാന്‍ പാര്‍ട്ടി തീരുമാനിച്ചതില്‍ ആഹ്ലാദം പങ്കിടുന്ന വ്യവസായികള്‍ക്ക് വ്യക്തമായ സന്ദേശമാണ് നാലാം പഠന കോണ്‍ഗ്രസ്. ജനകീയാസൂത്രണത്തിലൂടെ വികസനമെന്ന പഴയകാല കാഴ്ചപ്പാടുകളുടെ തുടര്‍ച്ച തന്നെയാണിത്. ലോകബേങ്ക്, ഐ എം എഫ്, എ ഡി ബി തുടങ്ങിയവരോട് ഭരണത്തില്‍ വരുമ്പോള്‍ എല്‍ ഡി എഫിന് അയിത്തം മാറുന്നത് സ്വാഭാവികമാണ്. അങ്ങനെയാണ്, ജപ്പാന്‍ കുടിവെള്ളപദ്ധതിയും, ഡി പിഇ പിയും ഭരണനവീകരണ പരിപാടികളും മറ്റുമൊക്കെ ഇടതു ഭരണകാലത്ത് കടന്നുവന്നത്. ജനകീയാസൂത്രണവും ഒരു ലോകബേങ്ക് പദ്ധതിയായിരുന്നുവെന്ന് പിന്നീട് തിരിച്ചറിയുകയുണ്ടായി.
ഭരണനിര്‍വഹണ സംവിധാനങ്ങളില്‍ അടിമുടി പൊളിച്ചെഴുത്താണ് ഇപ്പോള്‍ പഠനകോണ്‍ഗ്രസ് വ്യക്തമാക്കുന്ന നയം. മെലിയിച്ചെടുക്കല്‍ ആഗോളീകരണത്തിന്റെ ആശയമായിരുന്നു. “ഉദ്യോഗസ്ഥരെ നിലക്കു നിര്‍ത്തി അവരുടെ കടമ ചെയ്യിക്കുമെന്ന് പ്രസ്താവനയില്‍ ജീവനക്കാര്‍ക്കെതിരെ വരാനിരിക്കുന്ന വലിയ ആക്രമണങ്ങളുടെ പദ്ധതി അടങ്ങിയിരിക്കുന്നു. അവകാശ ധ്വംസനങ്ങളുടെ പട്ടികയില്‍ സര്‍ക്കാര്‍ ജീവനക്കാരും ഇരകളാകുമെന്നര്‍ഥം. കേന്ദ്ര ബി ജെ പി സര്‍ക്കാരും മുന്‍ മന്‍മോഹന്‍സിംഗ് സര്‍ക്കാരും ഇതൊക്കെതന്നെയാണ് ചെയ്തതും ചെയ്തുകൊണ്ടിരിക്കുന്നതും.
ജനകീയ വികസനം, ജനാനുകൂലവികസനം തുടങ്ങിയ പദാവലികള്‍ പോലും ഉപേക്ഷിക്കുന്ന മട്ടാണ്. മൃഗസംരക്ഷണം, ഗതാഗതം, തോട്ടം മേഖല, മാലിന്യ നിര്‍മാര്‍ജ്ജനം, ആയുഷ് മേഖല, ആദിവാസി വികസനം, ഉന്നത വിദ്യാഭ്യാസം, ഭൂപ്രശ്‌നം, യുവജനക്ഷേമം, വിവരസാങ്കേതിക വിദ്യ തുടങ്ങിയ നിരവധി മേഖലകളെ സംബന്ധിച്ച് പഠന കോണ്‍ഗ്രസ് ചര്‍ച്ച ചെയ്തിട്ടുണ്ട്. എന്നാല്‍, എല്ലാ രംഗത്തും മേല്‍പ്പറഞ്ഞ പരിപ്രേഷ്യമാണ് പ്രശ്‌നം. മൂലധന വികസനവും ജനവികസനവും രണ്ടും കൂടി ഒരേപോലെ മുന്നോട്ടു പോകില്ലല്ലോ. തോട്ടം മേഖലയിലെ വികസനത്തെക്കുറിച്ച് പറയുമ്പോള്‍, സി പി എം പഠനകോണ്‍ഗ്രസ് എവിടെ നില്‍ക്കുന്നു? പട്ടിണിപ്പാവങ്ങളായ തോട്ടം തൊഴിലാളികളുടെ കൂടെയോ അവിടുത്തെ ഭൂപ്രഭുക്കന്മാരുടെ കൂടെയോ? മൂലധന ശക്തികള്‍ക്ക് പിന്തുണ കൊടുത്താല്‍, പിന്നെ ഇരകളോടൊപ്പം ഓടാന്‍ കഴിയുമോ? സമാനമായ സാഹചര്യമാണ് എല്ലാ രംഗത്തും കാണാന്‍ കഴിയുക.
യു ഡി എഫിന്റെ അഴിമതി ഭരണം അവസാനിച്ചുകാണണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു. ബി ജെ പിയുടെ കോര്‍പറേറ്റു നയങ്ങളും ഇല്ലാതാകണം. പക്ഷേ, അതിനു ബദല്‍ ഇടതുപക്ഷം മുന്നോട്ടുവെക്കുന്ന മൂലധന വികസനമാകാന്‍ കഴിയില്ല. യഥാര്‍ഥ പ്രതിസന്ധി ആരംഭിക്കുന്നത് അവിടെയാണ്. അത് ജനങ്ങളുടെ നിത്യജീവിതവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ നേരിടുന്ന പ്രതിസന്ധിയാണ്. അതിനുകാരണം, മേല്‍പ്പറഞ്ഞ ജനവിരുദ്ധ വികസന ആശയങ്ങള്‍ തന്നെയല്ലേ? ആ അജന്‍ഡകള്‍ക്ക് വരാനിരിക്കുന്ന നാളുകളിലും മാറ്റമുണ്ടാകില്ലെങ്കില്‍, ഭാവി കേരളത്തിന്റെ യഥാര്‍ഥ ഭാവി എന്താകും എന്ന ചോദ്യം വീണ്ടും ഉയര്‍ന്നു വരുന്നു.

Latest