Connect with us

National

ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ പിടികൂടിയതിന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്ന് ഇന്ത്യ

Published

|

Last Updated

ന്യൂഡല്‍ഹി: ഭീകരവാദസംഘടനയായ ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ പാക്കിസ്ഥാന്‍ പിടികൂടിയെന്ന വാര്‍ത്തയ്ക്ക് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്ന് ഇന്ത്യ. വിദേശകാര്യ വക്താവ് വികാസ് സ്വരൂപാണ് ഇക്കാര്യം അറിയിച്ചത്. വിദേശകാര്യമന്ത്രാലയം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വിഷയം ചര്‍ച്ച ചെയ്തതിന് ശേഷം തുടര്‍നടപടികള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
ബുധനാഴ്ച വൈകീട്ടാണ് പത്താന്‍കോട്ട ഭീകരാക്രമണക്കേസില്‍ ബന്ധമുണ്ടെന്ന് ഇന്ത്യ ആരോപിക്കുന്ന ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ പാക്കിസ്ഥാന്‍ കസ്റ്റഡിയെലെടുത്തതായുള്ള വാര്‍ത്ത പാക്ക് മാധ്യമങ്ങള്‍ പുറത്ത് വിട്ടത്. ജെയ്‌ഷെ മുഹമ്മദിലെ രണ്ടാമനും അസ്ഹറിന്റെ സഹോദരനുമായ റഊഫ് അടക്കം പത്തോളം പേര്‍ അറസ്റ്റിലായെന്നാണ് റിപ്പോര്‍ട്ട്.

1994ല്‍ കാശ്മീരില്‍ വെച്ചാണ് ഇന്ത്യ ആദ്യമായി മസൂദ് അസ്ഹറിനെ അറസ്റ്റ് ചെയ്തത്. കൃത്രിമം വരുത്തിയ പോര്‍ച്ചുഗീസ് പാസ്‌പോര്‍ട്ട് ഉപയോഗിച്ച് യാത്ര ചെയ്യുന്നതിനിടെയായിരുന്നു ഇത്. എന്നാല്‍ 1999ല്‍ തെക്കന്‍ അഫഗാനിസ്ഥാനിലെ കാണ്ഡഹാറില്‍ വെച്ച് ഇന്ത്യന്‍ വിമാനം റാഞ്ചിയതിനെ തുടര്‍ന്ന് റാഞ്ചികളുടെ ആവശ്യത്തിന് വഴങ്ങി മസൂദിനെ ഇന്ത്യ വിട്ടയക്കുകയായിരുന്നു. ഇതിന് ശേഷമാണ് അസ്ഹര്‍ ജയ്‌ഷെ മുഹമ്മദ് എന്ന പേരില്‍ തീവ്രവാദ ഗ്രൂപ്പ് ഉണ്ടാക്കി പ്രവര്‍ത്തനം തുടങ്ങിയത്. 2001ലെ പാര്‍ലിമെന്റ് ആക്രമണക്കേസിലും മസൂദിന് പങ്കുണ്ടായിരുന്നു. എന്നാല്‍ കേസിന്റെ അന്വേഷണ ഭാഗമായി മസൂദിനെ ഇന്ത്യക്ക് വിട്ടുനല്‍കാന്‍ പാക്കിസ്ഥാന്‍ തയ്യാറായില്ല

Latest