Connect with us

National

ബീഹാറില്‍ പരീക്ഷാ ക്രമക്കേട് തടയാന്‍ നിരോധനാജ്ഞ

Published

|

Last Updated

ബീഹാറിലെ ഒരു പരീക്ഷാ കേന്ദ്രത്തിന് പുറത്ത് വിദ്യാര്‍ഥികളെ സഹായിക്കാനായി എത്തിയ ആളുകള്‍ (ഫയല്‍ ചിത്രം)

പാറ്റ്‌ന: പത്ത്, പന്ത്രണ്ട് ക്ലാസുകളിലേക്കുള്ള പൊതു പരീക്ഷയില്‍ ആവര്‍ത്തിക്കുന്ന വ്യാപക ക്രമക്കേടുകള്‍ തടയാന്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ ഹൈടെക് സംവിധാനങ്ങളും അധിക സുരക്ഷയും ഏര്‍പ്പെടുത്താന്‍ ഒരുങ്ങുകയാണ് ബീഹാര്‍ സര്‍ക്കാര്‍.
ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ നടക്കുന്ന പൊതുപരീക്ഷയില്‍ നടക്കുന്ന ക്രമക്കേടുകള്‍ സംബന്ധിച്ച് മാധ്യമങ്ങളില്‍ വാര്‍ത്തയും ചിത്രവും പ്രസിദ്ധീകരിക്കുന്നത് പതിവായിട്ടുണ്ട്. പരീക്ഷയെഴുതുന്ന വിദ്യാര്‍ഥിയെ സഹായിക്കാന്‍ ഹാളിന് പുറത്തും ജനലോരത്തും ബന്ധുക്കളും സുഹൃത്തുക്കളും നിലയുറപ്പിക്കുന്നതിന്റെ ചിത്രം ദേശീയ മാധ്യമങ്ങളടക്കം പ്രസിദ്ധീകരിച്ചത് കഴിഞ്ഞ വര്‍ഷം ബീഹാറിന് നാണക്കേടായിരുന്നു. ഇത് തടയുന്നതിനുള്ള മാര്‍ഗങ്ങളാണ് സര്‍ക്കാറും വിദ്യാഭ്യാസ വകുപ്പും തേടുന്നത്. ഇതിനായി പരീക്ഷാ ഹാളിന് പുറത്ത് സി സി ടി വി ക്യാമറകള്‍ സ്ഥാപിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.
ഇത് കൂടാതെ പരീക്ഷാ ഹാളിനകത്ത് വീഡിയോ ചിത്രീകരണവും നടക്കും. പരീക്ഷാ ഹാളിലെ സംഭവവികാസങ്ങള്‍ അപ്പപ്പോള്‍ വെബിലും ലഭ്യമാക്കും. പരീക്ഷാ ഹാളിന് പുറത്ത് അധിക സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്. പരീക്ഷകളില്‍ മുന്‍കാലത്ത് അരങ്ങേറിയ തെറ്റായ സംഭവങ്ങള്‍ ഇനിയും അനുവദിച്ചുകൊടുക്കാന്‍ പറ്റില്ലെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി അശോക് ചൗധരി പറഞ്ഞു. ആരെങ്കിലും പരീക്ഷകളില്‍ കൃത്രിമം കാട്ടാന്‍ ശ്രമിച്ചാല്‍ കര്‍ശന നടപടിക്ക് വിധേയനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
10, 12 ക്ലാസുകളിലായി വരുന്ന ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ 30 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതുകയെന്നാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ കണക്ക്. ഒരു ബെഞ്ചില്‍ മൂന്ന് പേരില്‍ കൂടുതല്‍ ഇരിക്കാന്‍ അനുവദിക്കില്ല. പരീക്ഷാ ഹാളിന് പുറത്ത് ആളുകള്‍ അനധികൃതമായി കൂടിനില്‍ക്കുന്നത് ഒഴിവാക്കാന്‍, പരീക്ഷ തുടങ്ങുന്നതിന് മുമ്പ് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പരീക്ഷയെഴുതുന്ന വിദ്യാര്‍ഥിയുടെ രക്ഷിതാക്കള്‍, ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവര്‍ക്കൊന്നും പരീക്ഷാ ഹാളിന്റെ ഏഴയലത്തും പ്രവേശനമുണ്ടാകില്ല. പരീക്ഷയില്‍ എന്തെങ്കിലും തരത്തിലുള്ള കൃത്രിമം ശ്രദ്ധയില്‍പ്പെട്ടാല്‍ പരീക്ഷ റദ്ദാക്കുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും അധ്യാപകര്‍ക്കുമെതിരെ നടപടിയുണ്ടാകുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Latest