Connect with us

Palakkad

കനാല്‍ വെള്ളം എത്തുന്നില്ല: ആലത്തൂരില്‍ നെല്‍ കൃഷി ഉണങ്ങുന്നു

Published

|

Last Updated

ആലത്തൂര്‍:ചേരാമംഗലം പദ്ധതിക്ക് കീഴില്‍ കാവശ്ശേരി മേഖലയിലെ കൃഷി ഉണക്കത്തിന് കാരണം കനാലുകളിലെ ചോര്‍ച്ചയും കാഡ കനാലുകള്‍ക്ക് ഷട്ടര്‍ ഇല്ലാത്തതിനാലുമാണെന്ന് കര്‍ഷകര്‍. .പുഴയില്‍ നിന്ന് കനാലുകളിലേക്ക് വെള്ളം തുറന്നുവിടുന്നുണ്ടെങ്കിലും വാലറ്റ പ്രദേശമായ കാവശ്ശേരി മേഖലയില്‍ എത്താറില്ല. ഇത്‌കൊണ്ട് എരകുളം, കല്ലംപറമ്പ്, മന്ദംപറമ്പ്, കലാമണി, കഴനി ചുങ്കം പ്രദേശങ്ങളില്‍ നെല്‍കൃഷി ഉണക്കത്തിലേക്കാണ് നീങ്ങുന്നത്. മേലാര്‍കോട് മാക്കപറമ്പ് മേഖലയില്‍ കനാലിനടിയിലൂടെയുള്ള ചോര്‍ച്ച മൂലം വന്‍ തോതിലാണ് വെള്ളം പാഴാകുന്നത്.
പ്രദേശത്തെ പാടങ്ങളില്‍ വെള്ളം നിറഞ്ഞ് നില്‍പ്പുണ്ടെങ്കിലും ചോര്‍ച്ച മൂലം വരുന്ന വെള്ളം ചാലിലൂടെ വീണ്ടും പുഴയിലേക്ക് തന്നെ പോകുന്ന അവസ്ഥയാണ്. ഇത് മൂലം മലക്കുളം മുതലുള്ള പാടങ്ങളിലേക്ക് വെള്ളം എത്താത്ത സ്ഥിതിയുണ്ട്. മേലാര്‍കോട്ടെ പാടങ്ങളില്‍ അധിക വെള്ളം കാരണത്താല്‍ വളമിടാനും തുടര്‍ കൃഷിപണികള്‍ നടത്താനും പറ്റാത്ത അവസ്ഥയിലാണ്. രണ്ടാം വിള ഇറക്കുന്ന സമയത്ത് വെള്ളം മൂലം പാടങ്ങള്‍ ഉഴുത് മറിക്കാനും പറ്റിയിരുന്നില്ല. കൂടാതെ കാഡ കനാലുകള്‍ക്ക് പലയിടത്തും ഷട്ടര്‍ ഇല്ലെന്നും പറയുന്നു. കാഡ കനാലിന് കീഴിലുള്ള കൃഷിയിടങ്ങള്‍ക്ക് വെള്ളം ആവശ്യമില്ലെങ്കിലും കാഡ കനാലിലൂടെ വെള്ളം വന്നു കൊണ്ടിരിക്കും.
ഇതിനാലാണ് മേലാര്‍കോട് ഭാഗങ്ങളില്‍ കനാല്‍ നിറഞ്ഞ് വരുന്ന വെള്ളം ആലത്തൂര്‍ പഞ്ചായത്തിലെത്തുമ്പോഴേക്കും പകുതിയായി കുറയുന്നതും കാവശ്ശേരി പഞ്ചായത്തിലേക്ക് എത്താതിരിക്കാനും കാരണമെന്ന് പാടശേഖര സമിതി ഭാരവാഹികള്‍ പറഞ്ഞു.