Connect with us

Malappuram

വി എം സുധീരന്റെ പ്രസംഗം: കോണ്‍ഗ്രസ് അണികളില്‍ പ്രതിഷേധം

Published

|

Last Updated

വേങ്ങര: ജനപക്ഷ യാത്രയുടെ വേങ്ങര മണ്ഡലം സ്വീകരണ യോഗത്തിലെ കെ പി സി സി പ്രസിഡന്റ് വി എം സുധീരന്റെ പ്രസംഗം കോണ്‍ഗ്രസ് അണികളില്‍ പ്രതിഷേധത്തിനിടയാക്കി. മണ്ഡലത്തിലെ കോണ്‍ഗ്രസ് നേതാക്കളെ പേരെടുത്ത് പൊതുവേദിയില്‍ വിമര്‍ശിച്ചതിലാണ് അണികളില്‍ അസ്വാരസ്യം പടരുന്നത്.
മുസ്‌ലിം ലീഗുമായി സീറ്റ് വിഭജന തര്‍ക്കം പരിഹരിക്കാനാകാത്തതും 2010ല്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മത്സരിച്ച പല വാര്‍ഡുകളിലും പറപ്പൂരിലും വേങ്ങര പഞ്ചായത്തുകളില്‍ മുസ്‌ലിം ലീഗ് റിബലുകള്‍ മത്സരിച്ച് കോണ്‍ഗ്രസിനെ പരാജയപ്പെടുത്തുകയും ചെയ്ത സംഭവത്തിലെ മുറിവുമാണ് സാമ്പാര്‍ മുന്നണിയില്‍ കോണ്‍ഗ്രസിലെ ഭൂരിപക്ഷം പേരും അഭയം കാണാനിടയാക്കിയത്. പ്രവര്‍ത്തകരുടെ ഈ വികാരം മാനിക്കാതെ മുസ്‌ലിം ലീഗ് നേതാക്കളെ സുഖിപ്പിക്കാനാണ് കെ പി സി സി പ്രസിഡന്റിന്റെ പ്രസംഗം ഇടയാക്കിയതെന്നാണ് ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആരോപണം.
ഇതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയകളിലും വി എം സുധീരന്റെ നടപടിയില്‍ അമര്‍ഷം രേഖപ്പെടുത്തി പ്രവര്‍ത്തകരുടെയും പ്രാദേശിക നേതാക്കളുടെ ടെക്സ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നുണ്ട്. എന്നാല്‍ സുധീരന്റെ പ്രസംഗത്തിന്റെ വീഡിയോ മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ വ്യാപകമായി ഷെയര്‍ ചെയ്തും പ്രാദേശിക രാഷ്ട്രീയ വൈര്യം തീര്‍ക്കുന്നുണ്ട്. കെ പി സി സി പ്രസിഡന്റ് വി എം സുധീരന്റെ പ്രസംഗം ഘടക കക്ഷികളെ പ്രീണിപ്പിക്കുവാന്‍ സ്വന്തം നേതാക്കള്‍ക്ക് നേരെയുള്ള കവല പ്രസംഗമാണെന്ന് വേങ്ങര മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി ആരോപിച്ചു. മുന്നണിക്കുള്ളിലെ പ്രശ്‌നങ്ങള്‍ പഠിക്കാതെയും സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകരോട് അന്വേഷിക്കാതെയുള്ള ഈ പ്രസംഗം പാര്‍ട്ടി പ്രവര്‍ത്തകരുടെ വീര്യം കെടുത്തുന്നതായും യോഗം കുറ്റപ്പെടുത്തി. കൈപ്രം അസീസ് അധ്യക്ഷത വഹിച്ചു. സലാം പൂച്ചേങ്ങള്‍, സി എച്ച് അസീസ്, കെ കെ ഷാക്കിര്‍, ടി വി വാസിദ്, ഉസ്മാന്‍ പ്രസംഗിച്ചു. വി എം സുധീരന്റെ പ്രസംഗം നേതാക്കളെ വ്യക്തിഹത്യ നടത്തുന്നതാണെന്ന് യൂത്ത് കോണ്‍ഗ്രസ് ചേറ്റിപുറമാട് യൂനിറ്റ് കമ്മിറ്റി ആരോപിച്ചു. യോഗത്തില്‍ ടി പി അബ്ദുല്‍ അമീര്‍ അധ്യക്ഷത വഹിച്ചു.