Connect with us

Gulf

ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷത്തില്‍ ആയിരങ്ങള്‍ പങ്കെടുക്കും

Published

|

Last Updated

ദുബൈ: ഇന്ത്യന്‍ കോണ്‍സുലേറ്റും ദുബൈ ഇന്ത്യന്‍ ഹൈസ്‌കൂളും സംയുക്തമായി ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിക്കും. രണ്ടു ദിവസം നീളുന്ന പരിപാടികളില്‍ ആയിരങ്ങള്‍ക്ക് പങ്കെടുക്കാന്‍ അവസരം ഒരുക്കുമെന്ന് ദുബൈ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ അനുരാഗ് ഭൂഷണ്‍, ഇന്ത്യന്‍ ഹൈസ്‌കൂള്‍ സി ഇ ഒ അശോക് കുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഈ മാസം 25ന് രാവിലെ ഊദ്‌മേത്ത റോഡിലെ ഇന്ത്യന്‍ ഹൈസ്‌കൂള്‍ റാശിദ് ഓഡിറ്റോറിയത്തില്‍ ദേശീയ പ്രചോദിതമായ ഗാനങ്ങളുടെ അവതരണത്തോടെയായിരിക്കും ആഘോഷ പരിപാടികളുടെ തുടക്കം. യു എ ഇയിലെ വിവിധ ഇന്ത്യന്‍ സ്‌കൂളുകളില്‍ നിന്നുള്ള നൂറുകണക്കിന് വിദ്യാര്‍ഥി പ്രതിഭകള്‍ പങ്കെടുക്കും. രാവിലെ ഒമ്പതു മുതല്‍ ഉച്ച പന്ത്രണ്ടര വരെയാണ് ഈ ചടങ്ങ്.

ജനുവരി 26ന് കാലത്ത് എട്ടിന് കോണ്‍സുലേറ്റില്‍ പതാക ഉയര്‍ത്തും. എട്ടര മുതല്‍ ഉച്ചവരെ ഇന്ത്യന്‍ ഹൈസ്‌കൂള്‍ അങ്കണത്തില്‍ കലാപരിപാടികളും പരേഡും ബാന്റ് വാദ്യവും ഉള്‍പ്പെടെ വിവിധ പരിപാടികള്‍ അരങ്ങേറും. വൈകീട്ട് ഇന്ത്യന്‍ ഹൈസ്‌കൂളില്‍ സാംസ്‌കാരിക പരിപാടികളും കാര്‍ണിവലും നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഇതാദ്യമായാണ് റിപ്പബ്ലിക് ദിന ഭാഗമായി ഇത്തരമൊരു ചടങ്ങ് നടക്കുന്നത്.
രണ്ട് ദിവസങ്ങളിലായി റിപ്പബ്ലിക് ദിനാഘോഷ പരിപാടികള്‍ അരങ്ങേറുന്നതും ഇതാദ്യമാണെന്ന് കോണ്‍സുല്‍ ജനറല്‍ പറഞ്ഞു. ഇന്ത്യന്‍ സമൂഹം താല്‍പര്യത്തോടെ ഇതില്‍ പങ്കാളികളാകണമെന്നും കോണ്‍സുലേറ്റ് അധികൃതര്‍ അറിയിച്ചു.
അതേസമയം പ്രവാസി വകുപ്പിനെ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തില്‍ ലയിപ്പിച്ച നടപടിയില്‍ അപാകതയില്ലെന്ന് ദുബൈ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍. പ്രവാസി പ്രശ്‌നങ്ങളില്‍ കുറേക്കൂടി സജീവമായ ഇടപെടല്‍ നടത്താന്‍ കേന്ദ്ര തീരുമാനം വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. പാസ്‌പോര്‍ട്ട് ഇഷ്യു ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ ബുദ്ധിമുട്ടുകള്‍ വൈകാതെ പരിഹരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
തൊഴിലാളിക്ഷേമം മുന്‍നിര്‍ത്തി ആവിഷ്‌കരിച്ച ആപ്പ് കൂടുതല്‍ മെച്ചപ്പെടുത്താന്‍ നടപടി സ്വീകരിച്ചു വരുന്നതായും അദ്ദേഹം അറിയിച്ചു. തൊഴിലാളികളുടെ പരാതികള്‍ക്കും മറ്റും കോണ്‍സുലേറ്റിന് കൃത്യമായ പരിഹാരം നല്‍കാനുള്ള സൗകര്യം കൂടി ഉള്‍പ്പെടുത്തിയാവും പുതിയ ആപ്പെന്നും കോണ്‍സുല്‍ ജനറല്‍ കൂട്ടിച്ചേര്‍ത്തു.

---- facebook comment plugin here -----

Latest