Connect with us

Kerala

ശനിയാഴ്ച ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം

Published

|

Last Updated

തിരുവനന്തപുരം: കോട്ടയം വഴിയുള്ള റെയില്‍ പാതയില്‍ പിറവം കുറുപ്പന്തറ ഭാഗത്തു പാത ഇരട്ടിപ്പിക്കലും നവീകരണവും നടക്കുന്നതിനാല്‍ ശനിയാഴ്ച ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഏതാനും ട്രെയിനുകള്‍ റദ്ദാക്കിയപ്പോള്‍ ചിലത് വഴിതിരിച്ചുവിടും.

എറണാകുളത്തു നിന്നു രാവിലെ 5.25 നു പുറപ്പെടുന്ന കൊല്ലം മെമു, 7.10 നു പുറപ്പെടുന്ന കോട്ടയം പാസഞ്ചര്‍, കോട്ടയത്തു നിന്ന് വൈകിട്ട് 5.20 നു പുറപ്പെടുന്ന എറണാകുളം പാസഞ്ചര്‍, കൊല്ലത്തു നിന്നു രാവിലെ 11.10 നു പുറപ്പെടുന്ന എറണാകുളം മെമു എന്നിവയാണ് റദ്ദാക്കിയത്.

ചെന്നൈ -തിരുവനന്തപുരം മെയില്‍, എറണാകുളം ജംഗ്ഷന്‍, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് എന്നിവിടങ്ങളില്‍ പ്രത്യേക സ്‌റ്റോപ്പ് നല്‍കി ആലപ്പുഴ വഴി തിരിച്ചുവിടും.

എറണാകുളത്തു നിന്നു രാവിലെ 11.30 നു പുറപ്പെടുന്ന കായംകുളം പാസഞ്ചര്‍, കൊല്ലത്തുനിന്ന് വൈകിട്ട് 4.20 നു പുറപ്പെടുന്ന എറണാകുളം പാസഞ്ചര്‍ എന്നിവ കോട്ടയത്തിനും എറണാകുളത്തിനും ഇടയില്‍ ഭാഗികമായി റദ്ദാക്കി. ബംഗളൂരു- കന്യാകുമാരി എക്‌സ്പ്രസ് ഒരു മണിക്കൂര്‍ പിറവത്തും, ഷോര്‍ണൂരിലേക്കുള്ള വേണാട് എക്‌സ്പ്രസ് കോട്ടയത്തും ഏറ്റുമാനൂരിലുമായി 40 മിനിറ്റും നിര്‍ത്തിയിടാനും സാധ്യതയുണ്ട്.

ബംഗളൂരു-കന്യാകുമാരി എക്‌സ്പ്രസ് വൈകുന്നതിനാല്‍ അതേ റേക്കുപയോഗിച്ച് ഓടുന്ന കന്യാകുമാരി -ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസ് നിശ്ചിത സമയത്തില്‍ നിന്നും 30 മിനിറ്റ് വൈകി വൈകിട്ട് 5.50 നായിരിക്കും കന്യാകുമാരിയില്‍ നിന്നും പുറപ്പെടുക.