Connect with us

Articles

ജന്മം മരണകാരണമായി മാറുന്ന 'രാജ്യദ്രോഹികള്‍'

Published

|

Last Updated

ഇന്ത്യന്‍ ചരിത്രത്തിലാദ്യമായി കേന്ദ്ര സര്‍ക്കാര്‍ ഒരു സര്‍വകലാശാലയുടെ ആഭ്യന്തര അച്ചടക്ക പ്രശ്‌നത്തില്‍ ഇടപെട്ടിരിക്കുന്നു. അതൊരു നിസ്സാര കാര്യമല്ല. സ്മൃതി ഇറാനിയും ബണ്ഡാരു ദത്താത്രേയയും ഇതില്‍ പ്രതികളാണ്. എ ബി വി പി നേതാവ് സുഷീല്‍ കുമാര്‍ നടത്തിയ പ്രകോപനപരമായ ഇടപെടലുകളെ ചെറുത്ത് തോല്‍പ്പിക്കുകയാണ് രോഹിതിന്റെ നേതൃത്വത്തില്‍ ചെയ്തത്. അതിനോടുള്ള പകയായിട്ടാണ് അഞ്ച് ഗവേഷക വിദ്യാര്‍ഥികളെ യൂനിവേഴ്‌സിറ്റി ഹോസ്റ്റലില്‍ നിന്ന് പുറത്താക്കുന്നത്. ഹോസ്റ്റലിന് പുറത്ത് ടെന്റ് കെട്ടിയാണ് പിന്നീട് അവര്‍ കഴിഞ്ഞത്. അവരുടെ ഫെല്ലോഷിപ്പ് തടഞ്ഞുവെച്ചു. ഇവരെ ആന്റി നാഷനല്‍ അഥവാ രാജ്യദ്രോഹികള്‍ എന്ന് വിളിച്ചു, തീവ്രവാദികളെന്ന് ചാപ്പകുത്തി, ഘട്ടംഘട്ടമായിട്ടാണ് അവരുടെ ജീവിതത്തെ ചുരുക്കിക്കൊണ്ടുവന്നത്. ഒരര്‍ഥത്തില്‍ പഴയ ബഹിഷ്‌കരണത്തേക്കാള്‍ ക്രൂരമായ ബഹിഷ്‌കരണമാണ് നടന്നത്. ക്യാമ്പസ് ജീവിതത്തില്‍ നിന്നും ഒറ്റപ്പെടുത്തി വല്ലാത്തൊരു പ്രതിസന്ധിയിലേക്ക് അവരെ നയിച്ചു. ഇതിനെല്ലാം കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കിയെന്നതാണ് ചിന്തിക്കേണ്ട കാര്യം. എന്നാല്‍, രോഹിത് ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികള്‍ക്കെതിരെ കൊണ്ടുവന്ന ആരോപണങ്ങള്‍ അര്‍ഥരഹിതമാണ് എന്ന് ഹൈദരാബാദ് സര്‍വകലാശാല നിയമിച്ച അലോക് പാണ്ഡേ കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട്. അലോക് പാണ്ഡേ കമ്മീഷനെ നിയമിച്ച അന്നത്തെ വി സി ശര്‍മക്ക് അവിടെ തുടരാന്‍ പറ്റാത്ത രീതിയിലുള്ള അന്തരീക്ഷം സൃഷ്ടിച്ച് അദ്ദേഹത്തെ ഒഴിവാക്കി തത്സ്ഥാനത്ത് അപ്പറാവു എന്ന ഒരു സംഘ്പരിവാര്‍ സ്റ്റാമ്പിനെ നിയമിക്കുകയാണുണ്ടായത്. അത് ഏറെക്കുറെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയില്‍ സീരിയല്‍ നടനായ ഗജേന്ദ്ര ചൗഹാനെ നിയമിച്ചതുപോലുള്ള ഒരു നിയമനം തന്നെയാണ്.
അപ്പറാവുവിലൂടെ സ്മൃതി ഇറാനിയെ പോലുള്ള കേന്ദ്രമന്ത്രിമാര്‍ ഇടപെട്ടിട്ടാണ് ഈ ദളിത് പീഡനം നടന്നിട്ടുള്ളത്. അതുകൊണ്ട് തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ധൈഷണികര്‍ ഇതിനെതിരെ പ്രതികരിച്ചു കഴിഞ്ഞു. അശോക് വാജ്പയിയെ പോലുള്ളവര്‍ യൂനിവേഴ്‌സിറ്റി നല്‍കിയ ഡി ലിറ്റ് തിരിച്ചു നല്‍കി. യഥാര്‍ഥത്തില്‍ കേന്ദ്ര ഭരണകൂടം പ്രതിക്കൂട്ടിലാണ്. പക്ഷേ, പതിവുപോലെ നരേന്ദ്ര മോദി മൗനത്തിലായിരുന്നു ഇന്നലെ വരെ. സംഘ്പരിവാര്‍ പറഞ്ഞുകൊണ്ടിരിക്കുന്ന ഹിന്ദു മതം, ജാതി മേല്‍ക്കോയ്മയുടെ താത്പര്യങ്ങള്‍ മറച്ചുവെക്കാന്‍ അവര്‍ നിര്‍മിച്ചിട്ടുള്ള ഒരു മുഖം മൂടി മാത്രമാണ് എന്ന് പൂര്‍ണമായും വ്യക്തമായി കഴിഞ്ഞു.
ബീഫ് പ്രശ്‌നം, ഗോഹത്യാ പ്രശ്‌നം, രോഹിതിന്റെ ആത്മഹത്യ എന്നിവ പരിശോധിച്ചാല്‍ അതിലൊക്കെ സമാനമായ ഒന്നുണ്ട്. അതൊന്നും ഹിന്ദു-മുസ്‌ലിം പ്രശ്‌നമല്ല. അവയൊക്കെ ജാതി മേല്‍ക്കോയ്മയുടെ പ്രശ്‌നമാണ്. രോഹിതിന്റെ മരണത്തിന് മുമ്പ് തന്നെ ഇന്ത്യയില്‍ നടന്നിട്ടുള്ള നിരവധി ദളിത് കൊലപാതകങ്ങളുണ്ട്. അതിലേറ്റവും പ്രധാനപ്പെട്ടതാണ് 2002ല്‍ ഹരിയാനയിലെ ജജ്ജാറില്‍ അഞ്ച് ദളിതുകളെ ചുട്ടുകൊന്നത്. അതിന്റെ കാരണം ചത്ത പശുവിന്റെ തോലുരിച്ചു എന്നതായിരുന്നു. അതവരുടെ കുലത്തൊഴിലായിരുന്നു. ഈയടുത്താണ് ഫരീദാബാദില്‍ രണ്ട് ദളിത് കുഞ്ഞുങ്ങളെ ചുട്ടുകൊന്നത്. ദലിത് പീഡനമെന്നത് ഇന്ത്യന്‍ പശ്ചാത്തലത്തില്‍ നിരന്തരം നടന്നുകൊണ്ടിരിക്കുന്നതാണ്. അതിന്റെ ഒരു തുടര്‍ച്ചയാണിത്. അതോടൊപ്പം ദളിതുകള്‍ക്കിടയില്‍ സംഘ്പരിവാര്‍ ജാതി മേല്‍ക്കോയ്മക്കെതിരെ വളര്‍ന്നുകൊണ്ടിരിക്കുന്ന പ്രതികരണത്തെ ഇല്ലായ്മ ചെയ്യാനുള്ള ആസൂത്രിതമായ സംഘ്പരിവാറിന്റെ ഒരു മര്‍ദന സംവിധാനവുമാണിത്.
രോഹിതിന്റെ ആത്മഹത്യയെ കുറിച്ച് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനും ഹോസ്റ്റല്‍ വാര്‍ഡനുമൊക്കെ കീഴ്ജാതിക്കാരനാണ് എന്ന് പറഞ്ഞ് സംഭവത്തിലെ “ദളിത് വിരുദ്ധത” ഒഴിവാക്കാന്‍ കേന്ദ്രം ശ്രമിക്കുന്നുണ്ട്. ഒരാള്‍ പിന്നാക്കക്കാരനാണെന്നോ മുന്നാക്കക്കാരനാണെന്നോ ഉള്ളതിന്റെ മാനദണ്ഡം സത്യത്തില്‍ ജാതി മേല്‍ക്കോയ്മ നിശ്ചയിച്ചതാണ്. ജന്മമാണതിന്റെ അടിസ്ഥാനം. അങ്ങനെ വരുമ്പോള്‍ ജന്മം കൊണ്ട് പിന്നാക്കക്കാരനായ ഒരാള്‍ അഭിരുചികളിലും ആശയങ്ങളിലും മേല്‍ജാതി മേല്‍ക്കോയ്മക്ക് മുമ്പില്‍ മുട്ടുകുത്തുന്ന ആളാകാം. ബ്രിട്ടീഷുകാരും ചെയ്തത് അതു തന്നെയാണ്. നിറത്തില്‍ ഇന്ത്യക്കാരും ചിന്തയില്‍ ബ്രിട്ടീഷുകാരുമായ ഒരു ജനതയെ സൃഷ്ടിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. ജാതിമേല്‍ക്കോയ്മയുടെ ലക്ഷ്യം, നിറത്തിലും പേരിലും ജാതിയിലുമൊക്കെ കീഴ്ജാതിക്കാരായി നില്‍ക്കുമ്പോഴും കാഴ്ചപ്പാടില്‍ മേല്‍ക്കോയ്മാജാതിയുടെ നിലപാടുകളെ പിന്തുണക്കുന്നവരായ ജനതയെ സൃഷ്ടിക്കുക എന്നതാണ്. ജാതി മേല്‍ക്കോയ്മ നല്‍കുന്ന ആ സന്ദേശത്തോട് പൊരുത്തപ്പെടുന്ന കീഴ്ജാതിക്കാരന്‍ തീര്‍ച്ചയായും മേല്‍ജാതിക്കാരന്റെ കാഴ്ചപ്പാടുകള്‍ നടപ്പിലാക്കുന്ന ചാവേറായിരിക്കും. ഗുജറാത്ത് വംശഹത്യയില്‍ ദളിതുകളെ ചാവേറുകളായി ഉപയോഗിക്കാന്‍ ജാതിമേല്‍ക്കോയ്മക്ക് കഴിഞ്ഞത് അവര്‍ ഒരുക്കിയ കെണിയില്‍ ഈ ദൡതുകള്‍ കുടുങ്ങിയത് കൊണ്ടാണ്. അതായത് മുസ്‌ലിംഹത്യ നടത്തുന്നതിലൂടെ ജാതിയില്‍ ഇപ്പോഴുള്ള പിന്നാക്കാവസ്ഥയില്‍ നിന്ന് തങ്ങള്‍ക്ക് പുറത്ത് കടക്കാന്‍ പറ്റില്ല. എന്നാല്‍, ജാതിമേല്‍ക്കോയ്മയുടെ അമരത്തിരിക്കുന്ന തങ്ങളുടെ യജമാനന്മാര്‍ക്ക് പ്രിയപ്പെട്ട ഒരു കാര്യം ഏറ്റവും സാഹസികമായി ചെയ്താല്‍ തങ്ങള്‍ക്കതിന്റെ പാരിതോഷികം കിട്ടും. അങ്ങനെ ജാതി വ്യവസ്ഥയുടെ താഴ്ന്ന പടവില്‍ നിന്നും ഉയര്‍ന്ന തട്ടിലേക്ക് അതുവഴി കടക്കാം. അതായിരുന്നു അവര്‍ വിചാരിച്ചിരുന്നത്. പക്ഷേ, അത് പൊളിഞ്ഞു പോകുകയാണുണ്ടായത്.
ഇപ്പോള്‍ പ്രധാനമായി പരിഗണിക്കേണ്ടത് രോഹിതിന്റെ ആത്മഹത്യാ കുറിപ്പാണ്. അത് ഇന്ത്യയിലെ എഴുതപ്പെട്ട ഏറ്റവും പ്രാധാന്യമുള്ള ഒരു ചരിത്ര രേഖയാണ്. അതിലെ ഏറ്റവും പ്രധാനപ്പെട്ടത് എന്റെ ജന്മം തന്നെയാണ് എന്റെ മരണകാരണമെന്ന് രോഹിത് പറയുന്ന ഒരു വാക്യമാണ്. അത് വളരെ പ്രധാനപ്പട്ട ഒന്നാണ്. തിലകന്റെ പ്രശസ്തമായ ഒരു വാക്യമുണ്ട്. സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ് എന്ന്. അപ്പോള്‍ ജന്മം എന്നത് സവര്‍ണരെ സംബന്ധിച്ചിടത്തോളം ഒരു അവകാശവും ഒരു ആഘോഷവുമാണ്. പക്ഷേ, ഇന്ത്യയില്‍ ഒരു ദളിതനെ സംബന്ധിച്ചിടത്തോളം അവന്റെ ജന്മം എന്ന് പറയുന്നത് തന്നെ അപഹരിക്കപ്പെട്ട അവകാശങ്ങളുടെ ഒരു ആവിഷ്‌കാരമാണ്. അതായത് ഇന്ത്യയില്‍ നിന്ന് നിങ്ങള്‍ക്ക് മതം മാറാന്‍ പറ്റും. പക്ഷേ, ജാതി മാറാന്‍ പറ്റില്ല. സാധാരണ നമ്മള്‍ പറയാറുള്ളത് ജനിച്ചത് മുതല്‍ മരണം വരെ ജാതി ഉണ്ടാകുമെന്നാണ്. പക്ഷേ, അങ്ങനെയല്ല. ജനിക്കുന്നതിന് മുമ്പും മരണത്തിന് ശേഷവും ജാതിയുണ്ട്. ജനിക്കുന്നതിന് മുമ്പ് തന്നെ ജാതി ജനിക്കുന്നു. മരിച്ചതിന് ശേഷവും ജാതി നിലനില്‍ക്കുകയും ചെയ്യുന്നു. അങ്ങനെയുള്ള ഒരു മതം ലോകത്ത് വേറെയില്ല. സത്യത്തില്‍ ഈ ആത്മഹത്യാ കുറിപ്പ് ഇന്ത്യന്‍ ജാതി വ്യവസ്ഥയുടെ മൂര്‍ധാവില്‍ വന്നു വീണ അടിയാണ്. ജന്മം എന്നത് ഇന്ത്യന്‍ സവര്‍ണന് ഒരാഘോഷമാകുമ്പോള്‍ ഇന്ത്യന്‍ പിന്നാക്ക ദളിത് ജീവിതങ്ങളെ സംബന്ധിച്ചിടത്തോളം അത് ഒരു വലിയ അവഹേളനമാണ്. ഇന്ത്യന്‍ ജനാധിപത്യവാദികള്‍ കണ്ണ് തുറക്കേണ്ട ഒരു കാര്യം ഈ കത്തില്‍ അതേ വാക്യത്തിലുണ്ട്. അതന്തെന്നാല്‍ ജന്മം ഒരു മാനദണ്ഡമല്ല, സത്യത്തില്‍ ഇന്ത്യന്‍ ജാതിമേല്‍ക്കോയ്മയുടെ തത്വചിന്തയുടെ ന്യൂക്ലിയസ് എന്ന് പറയുന്നത് ജന്മമഹത്വ വാദമാണ്. രോഹിത് ഈ ജന്മമഹത്വ വാദത്തിന്റെ ഇര കൂടിയാണ്. ഇത്രയധികം ധൈഷണിക പ്രാപ്തി പ്രകടിപ്പിച്ചിട്ടും ജനിച്ചത് കീഴ്ജാതി കുടുംബത്തിലായത് കൊണ്ടാണ് രോഹിത് അവഗണിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്തത്. സത്യത്തില്‍ എവിടെ, ആര്‍ക്ക്, എപ്പോള്‍, എങ്ങനെ ജനിച്ചു എന്നതല്ല മനുഷ്യജീവിതത്തെ സംബന്ധിച്ചിടത്തോളം പ്രാധാനം. മറിച്ച് എങ്ങനെയാണ് ജീവിക്കുന്നത് എന്നതാണ് ഒരാളുടെ ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ടത്. എന്നാല്‍ ജാതി മേല്‍ക്കോയ്മയുടെ കാര്യത്തില്‍ എങ്ങനെ ജീവിക്കുന്നു എന്നതിനല്ല, നിങ്ങളുടെ ജീവിതത്തിലെ ജനാധിപത്യത്തിനല്ല, മറിച്ച് എവിടെ ജനിച്ചു, ഏത് ജാതിയില്‍ പിറന്നു എന്നുള്ളതാണ് പ്രധാനം. സത്യത്തില്‍ ജന്മമഹത്വ വാദത്തിനെതിരെയുള്ള ജാനധിപത്യത്തിന്റെ കുറ്റപത്രമാണ് രോഹിതിന്റെ ചോരയില്‍ നിന്ന്, കണ്ണീരില്‍ നിന്ന് കിട്ടിയ ഈ കത്ത്. ഇങ്ങനെയാണ് ആ കത്തിനെ സമീപിക്കേണ്ടത്.
രോഹിതിന്റെ മരണത്തില്‍ കേന്ദ്ര സര്‍ക്കാറിന് പങ്കില്ലെങ്കില്‍ എന്തിനാണവര്‍ വളരെ രഹസ്യമായി മൃതദേഹം സംസ്‌കരിച്ചത്. രോഹിതിന്റെ ജന്മനാട്ടില്‍ മൃതദേഹം സംസ്‌കരിക്കുമെന്ന് ആദ്യം പ്രഖ്യാപിക്കുകയും പിന്നീട് അതീവ രഹസ്യമായി മറ്റൊരു സ്ഥലത്ത് ബന്ധുക്കളുടെയാരുടേയും സാന്നിധ്യമില്ലാതെ സംസ്‌കരിക്കുകയുമാണ് ചെയ്തത്. എന്തിനാണിവര്‍ മൃതദേഹത്തെ ഭയക്കുന്നത്? രോഹിതിന്റെ ആത്മഹത്യയില്‍ ഒരു പ്രശ്‌നവും ഇല്ലെങ്കില്‍ മൃതദേഹത്തെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്താല്‍ പോരേ, മൃതദേഹത്തെ പോലും ഇവര്‍ ഭയക്കുന്നുവെന്നതിന് മറ്റെന്തെങ്കിലും തെളിവ് ആവശ്യമുണ്ടോ?
തയ്യാറാക്കിയത്- സഫ്‌വാന്‍ ചെറൂത്ത്
safvancherooth@gmail.com

Latest