Connect with us

Malappuram

തിരൂര്‍ മണ്ഡലത്തില്‍ നാലര വര്‍ഷത്തിനിടെ അഞ്ഞൂറ് കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍

Published

|

Last Updated

തിരൂര്‍: മണ്ഡലത്തില്‍ നാലര വര്‍ഷത്തിനിടെ അഞ്ഞൂറ് കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയതായും ഇതില്‍ 80 ശതമാനവും പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും സ്ഥലം എം എല്‍ എ സി മമ്മൂട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പൂര്‍ത്തിയായ പദ്ധതികളുടെ ഉദ്ഘാടനം ജനുവരി-ഫെബ്രുവരി മാസങ്ങളിലായി നടക്കും.
ജില്ലാ ആശുപത്രിയിലേക്ക് പുതിയതായി അനുവദിച്ച ഓങ്കോളജി ബ്ലോക്കിന്റെ ടെണ്ടര്‍ നടപടിയായതായും തറക്കല്ലിടല്‍ കര്‍മം അടുത്ത മാസം നടക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭരണാനുമതി കിട്ടിയിട്ടും സ്ഥലം ലഭ്യമാകാത്തതിനെ തുടര്‍ന്ന് വൈകിയ 33 കോടി രൂപയുടെ വെട്ടം തലക്കാട് കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനവും അടുത്ത മാസം നടക്കും.
ഡയറ്റ് സ്ഥലം വിട്ടു നല്‍കാമെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് പദ്ധതി യാഥാര്‍ഥ്യമാകുന്നത്. ടാങ്ക് സ്ഥാപിക്കുന്നതിനായി 60 സെന്റ് ഭൂമി ഡയറ്റ് വിട്ടു നല്‍കും. ഇതിന് പകരമായി പതിനായിരം ലിറ്റര്‍ വെള്ളം സൗജന്യമായി നല്‍കാമെന്ന കരാറിലാണ് വിദ്യാഭ്യാസ വകുപ്പ് സ്ഥലം വിട്ടു നല്‍കുന്നത്.
പണി പൂര്‍ത്തിയായ മേല്‍പ്പത്തൂര്‍ ഭട്ടതിരിപ്പാട് ആയുര്‍വേദ ആശുപത്രി കെട്ടിടം 26ന് 12 മണിക്ക് മന്ത്രി വി എസ് ശിവകുമാര്‍ ഉദ്ഘാടനം ചെയ്യും. 28ന് വൈകുന്നേരം മൂന്ന് മണിക്ക് ഗവ. ബോയ്‌സ് ഹൈസ്‌കൂള്‍ കെട്ടിടം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ഒന്നേ മുക്കാല്‍ കോടി രൂപ തീരദേശ ഫണ്ട് ഉപയോഗിച്ച് നിര്‍മിക്കുന്ന പറവണ്ണ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടത്തിന്റെ ശിലാസ്ഥാപനം 28ന് നടക്കും.
അടുത്ത മാസം അഞ്ചിന് മുമ്പായി ഇന്റര്‍നാഷണല്‍ തലത്തിലേക്ക് ഉയര്‍ത്തിയ സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി ഇബ്‌റാഹിം കുഞ്ഞ് നിര്‍വഹിക്കും.15 കോടി 20 ലക്ഷം രൂപ ചെലവഴിച്ച് കൂനൂലിക്കടവ് പാലത്തിന്റെ തറക്കല്ലിടല്‍ കര്‍മവും അടുത്ത മാസം അഞ്ചിന് മുമ്പ് നിര്‍വഹിക്കും.
തിരൂര്‍ പുഴയുടെ വലതു ഭാഗത്ത് കൂടി റെയില്‍വേ റോഡിനോട് ചേര്‍ന്ന് അരക്കിലോമീറ്ററോളം നീളത്തില്‍ ഉദ്യാനവും പെഡല്‍ സംവിധാനത്തിലുള്ള ബോട്ടും അനുബന്ധ സൗകര്യങ്ങളും ഒരുക്കാന്‍ ഒരു കോടി രൂപയുടെ പദ്ധതി ടൂറിസം വകുപ്പ് സില്‍ക്കിനെ ഏല്‍പിച്ചതായും എം എല്‍ എ പറഞ്ഞു.
നാലര വര്‍ഷക്കാലത്തിനിടെ മണ്ഡലത്തിലെ പൊതുമരാമത്ത് റോഡിന് മാത്രം 105 കോടി രൂപയും പാലങ്ങള്‍ക്ക് 93.5 കോടി രൂപയും കുടിവെള്ള പദ്ധതിക്ക് 134.72 കോടി രൂപയും ചിലവഴിച്ചതായി എം എല്‍ എ പറഞ്ഞു.
വിദ്യാഭ്യാസ മേഖലയില്‍ 18.44 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കിയതായും ആവശ്യപ്പെട്ട മുഴുവന്‍ കെട്ടിടങ്ങളും സ്‌കൂളുകള്‍ക്ക് നല്‍കി. 11 സ്‌കൂളുകളുടെ കെട്ടിട നിര്‍മാണം പൂര്‍ത്തിയായി. 47.26 കോടി രൂപ ആരോഗ്യ മേഖലയില്‍ ചെലവഴിച്ചു.