Connect with us

Kozhikode

ദേശീയ സ്‌കൂള്‍ കായികമേള; ആദ്യ സംഘത്തിന് ഉജ്വല വരവേല്‍പ്പ്

Published

|

Last Updated

കോഴിക്കോട്: ജില്ല ആതിഥേയത്വം വഹിക്കുന്ന ദേശീയ സ്‌കൂള്‍ കായികമേളയില്‍ പങ്കെടുക്കാന്‍ എത്തിയ ആദ്യസംഘത്തിന് കോഴിക്കോട് റയില്‍വേ സ്റ്റേഷനില്‍ ഉജ്വല വരവേല്‍പ്പ്. ഉത്തരാഖണ്ഡ് ടീമിന്റെ സഹ കോച്ചുമാരും ടീം മാനേജര്‍മാരും ഉള്‍പ്പെട്ട സംഘമാണ് ഇന്നലെ എത്തിയത്. ടീം ജനറല്‍ മാനേജര്‍ രവീന്ദ്രറാവത്ത്, അണ്ടര്‍ 16 മാനേജര്‍ രാഹുല്‍പവാര്‍, രണ്ട് സഹപരിശീലകര്‍ എന്നിവരുള്‍പ്പെടെ 12 അംഗ സംഘമാണ് എത്തിയത്.

സ്വന്തം നിലയില്‍ ഭക്ഷണം പാകം ചെയ്യാനായി നാല് കുക്കുമാരും സംഘത്തോടൊപ്പമുണ്ട്. 144 പേരാണ് ഉത്തരാഖണ്ഡിനെ പ്രതിനിധീകരിച്ച് ട്രാക്കില്‍ ഇറങ്ങുക. ഇതില്‍ ഏഴോളം പേര്‍ നിലവില്‍ ദേശീയ മെഡല്‍ നേടിയവരാണ്.
ദേശീയ മീറ്റിന് റയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയ ഒഫീഷ്യലുകളെ ബാന്റ്‌മേളത്തിന്റെ അകമ്പടിയോടെ സംഘാടകര്‍ വരവേറ്റു. സ്‌കൂള്‍ മേളയുടെ ലോഗോയുടെ കൂടെയുള്ള കഥകളിമുദ്ര ഡെപ്യൂട്ടിമേയര്‍ മീരാദര്‍ശക് ടീം ജനറല്‍ മാനേജര്‍ രവീന്ദ്രസിംഗ് റാവത്തിന് സമ്മാനിച്ചു. ടീമിലെ താരങ്ങള്‍ ഇന്ന് എത്തും.
സ്വീകരണ കമ്മിറ്റി കണ്‍വീനര്‍ എ പ്രദീപ്കുമാര്‍ എം എല്‍ എ, അക്കമഡേഷന്‍ കമ്മിറ്റി കണ്‍വീനര്‍ സി പി ചെറിയ മുഹമ്മദ്, കണ്‍വീനര്‍ പി കെ സതീശ്, സ്‌കൂള്‍ ഗെയിംസ് കമ്മിറ്റി സെക്രട്ടറി എ കെ മുഹമ്മദ് അഷറഫ്, സി സദാനന്ദന്‍ മുന്‍ കേരള ഫുട്ബാള്‍ താരം ഹാരിസ് റഹ്മാന്‍ സ്വീകരണത്തിന് നേതൃത്വം നല്‍കി.
അതിനിടെ റെയില്‍വേ സ്റ്റേഷനില്‍ ആദ്യസംഘത്തെ സ്വീകരിക്കാന്‍ എത്തിയ സംഘാടകര്‍ ഇന്നലെ ശരിക്കും വെള്ളം കുടിച്ചു. ആദ്യസംഘം രാവിലെ എട്ടരയോടെ എത്തുമെന്ന അറിയിപ്പ് ലഭിച്ചതിനാല്‍ അധ്യാപികമാരും സ്വീകരണ കമ്മിറ്റി ഭാരവാഹികളും തെയ്യംകലാകാരന്‍മാരും ശിങ്കാരിമേളം കലാകാരന്‍മാരും ഇന്നലെ രാവിലെ തന്നെ റയില്‍ വേസ്റ്റേഷനില്‍ എത്തിയിരുന്നെങ്കിലും ടീം നാല് മണിക്കൂറോളം വൈകിയതിനാല്‍ പലരും മടങ്ങി. വീണ്ടും ഉച്ചക്ക് 12 മണിയോടെ സംഘാടകര്‍ സ്റ്റേഷനില്‍ എത്തി. എന്നാല്‍ രണ്ട് മണിയോടെയാണ് ട്രെയിന്‍ എത്തിയതെങ്കിലും സംഘത്തില്‍ താരങ്ങളില്ലെന്ന് അറിഞ്ഞതോടെ വീണ്ടും അങ്കലാപ്പിലായി. ഏതായാലും റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ടീമംഗങ്ങളെ കെ എസ് ആര്‍ ടി സിയുടെ ലോ ഫ്‌ളോര്‍ ബസില്‍ താമസസ്ഥലമായ കാലിക്കറ്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക് കൊണ്ടുപോയി.

---- facebook comment plugin here -----

Latest