Connect with us

Kerala

ചിറ വൃത്തിയാക്കി കലക്ടര്‍ ബ്രോ

Published

|

Last Updated

കോഴിക്കോട്: പുത്തന്‍ ആശയങ്ങളിലൂടെ ജനങ്ങള്‍ക്കൊപ്പം തോളോട് തോള്‍ ചേര്‍ന്ന് അത് നടപ്പിലാക്കുന്നതില്‍ ഏറെ ശ്രദ്ധേയനാണ് കോഴിക്കോട് കളക്ടര്‍ എന്‍ പ്രശാന്ത്. ജലസമ്പത്ത് സംരക്ഷിക്കുന്നതിനെക്കുറിച്ചും നാടുകളില്‍ ഉപയോഗമില്ലാതെ നശിച്ചുകൊണ്ടിരിക്കുന്ന ചിറകളെക്കുറിച്ചും കളക്ടര്‍ എന്‍ പ്രശാന്ത് ദിവസങ്ങള്‍ക്ക് മുന്‍പ് ഫേയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. കുളം വൃത്തിക്കാന്‍ രംഗത്തിറങ്ങുന്നവര്‍ക്ക് സര്‍ക്കാര്‍ ചിലവില്‍ “ബിരിയാണി” വാങ്ങിത്തരുമെന്നും കളക്ടര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു.

ജനകീയ കളക്ടറുടെ ബിരിയാണി വാഗ്ദാനം ഏറ്റെടുത്താണ് കോഴിക്കോട് കൊല്ലം പിഷാരിക്കാവ് നിവാസികള്‍ വര്‍ഷങ്ങളായി പായലും ചെളിയും നിറഞ്ഞ് ഉപയോഗയോഗ്യമല്ലാതായിരുന്ന ചിറ വൃത്തിയാക്കിയത്. 14 ഏക്കര്‍ വിസ്തീര്‍ണ്ണമുളള ചിറയാണ് നാട്ടുകാര്‍ ചേര്‍ന്ന് വൃത്തിയാക്കിയത്. കുളം കോരിയവര്‍ക്ക് മുന്‍പ് പ്രഖ്യാപിച്ചിരുന്നത് പോലെ ബിരിയാണി വാങ്ങിക്കൊടുക്കാന്‍ കളക്ടറും മറന്നില്ല. ചിറക്ക് സമീപം തന്നെ കലവറയൊരുക്കി കുളംകോരാന്‍ നേതൃത്വം നല്‍കിയവര്‍ക്ക് രുചിയൂറുന്ന കോഴിക്കോടന്‍ ബിരിയാണി തന്നെ കലക്ടര്‍ ബ്രോ നല്‍കി.
ഇവരെ അഭിനന്ദിച്ച് കളക്ടര്‍ ഫേയ്‌സ്ബുക്കിലിട്ട പോസ്റ്റ് ഇതിനകം തന്നെ അയ്യായിരത്തിലധികം ലൈക്കും ആയിരത്തോളം ഷെയറും ലഭിച്ചുകഴിഞ്ഞു.