Connect with us

Ongoing News

ഹിമശൈല സൈകത ഭൂമിയില്‍....

Published

|

Last Updated

അവിചാരിതമായ ഒരു യാത്രയായിരുന്നു അത്. തോളത്തൊരു ഭാണ്ഡവുമായി കുടുംബത്തെ സര്‍വ്വശക്തന്റെ കൈകളിലേല്‍പ്പിച്ച് അപരിചിതരായ ഒരു കൂട്ടം തീര്‍ഥാടകരോടൊപ്പം ബദരീനാഥിലേക്കൊരു യാത്ര. എന്തിനായിരുന്നു എന്ന് ചോദിച്ചാല്‍ ഉത്തരം മുട്ടിപ്പോവും. എന്റെയും ഞാന്‍ സ്‌നേഹിക്കുന്നവരുടേയും ആത്മശാന്തിക്കായി എന്നേ പറയാനാവൂ. സമാധാനം തേടിയൊരു യാത്ര.

ഞങ്ങള്‍ 10 പേരടങ്ങുന്ന സംഘമാണ് തീര്‍ഥാടകരായി ഉണ്ടായിരുന്നത്. എല്ലാവരും ദക്ഷിണേന്ത്യക്കാര്‍. ബാംഗ്ലൂര്‍ സ്വദേശികളായ രണ്ട് ദമ്പതിമാര്‍, തമിഴ്‌നാട്ടില്‍ നിന്നും കേരളത്തില്‍ നിന്നുമായി മൂന്നുപേര്‍ വീതം. എന്റെ കൂടെയുള്ള മറ്റു രണ്ട് മലയാളികള്‍ ചരിത്രാന്വേഷകരായി വന്ന ഒരു അധ്യാപികയും മകനുമായിരുന്നു.

e9a7a0d4-6c26-417d-b445-e43075e27147

കഴിഞ്ഞ 25 വര്‍ഷമായി ഹിമാലയന്‍ തീര്‍ഥയാത്ര നടത്തുയാളാണ് ഞങ്ങളുടെ ടൂര്‍ ഗൈഡ് ചൗഹാന്‍ജി. ചൗഹാന്‍ജിക്ക് പുറമെ ഒരു ഡ്രൈവറും അയാളുടെ മകനും പിന്നെ രണ്ട് പാചകക്കാരും ഒരു “കിളി”യും അടങ്ങുന്നതായിരുന്നു വാഹനത്തിലെ ജോലിക്കാര്‍.

പിറ്റേന്ന് പുലര്‍ച്ചെ എപ്പോഴോ ഹരിദ്വാരിനടുത്തുള്ള ഹോട്ടലില്‍ എത്തി. പ്രഭാത ഭക്ഷണത്തിനുശേഷം ഞങ്ങള്‍ ഋഷികേശിലേക്ക് യാത്രയായി. അവിടെയാണ് ഞാന്‍ ആദ്യമായി ഗംഗാനദി കാണുന്നത്. ഇരു കരകളിലും ക്ഷേത്രങ്ങളും കെട്ടിടങ്ങളും ശ്വാസം മുട്ടിപ്പിക്കുമ്പോഴും അവള്‍ ഒരു രാജ്ഞിയുടെ സൗകുമാര്യത്തോടും ഗാംഭീര്യത്തോടും കൂടി അങ്ങനെ വളഞ്ഞൊഴുകുന്നു.

ഞങ്ങള്‍ ലക്ഷമണ്‍ ഝൂല കടന്ന് ജീപ്പിലും പദയാത്രയിലുമായി പല ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചു. അക്കൂട്ടത്തില്‍ മാനസദേവി ക്ഷേത്രവുമുണ്ടായിരുന്നു. ഞങ്ങള്‍ കേബിള്‍ കാറിലാണ് അവിടേക്ക് പോയത്. അവിടന്നുള്ള മടക്കയാത്രയില്‍ ഞാന്‍ പലതും ഓര്‍ത്തുപോയി. കണ്ട സ്ഥലങ്ങള്‍, നഗരങ്ങളുടെ അന്തരങ്ങള്‍, താഴ് വാരങ്ങള്‍, സംസ്‌കാരങ്ങള്‍, വടക്കും തെക്കുമുള്ള ഇന്ത്യക്കാര്‍, ആരാധനാസമ്പ്രദായങ്ങള്‍ പിന്നെ അവയുടെ അന്തര്‍ധാരയിലെ ഏകതാനത…തിരിച്ച് ഹോട്ടലിലെത്തി ഉച്ചഭക്ഷണം കഴിച്ച് വിശ്രമിച്ചു. വൈകുന്നേരം ഞങ്ങള്‍ ഗംഗ ആരതി കാണുവാനായി ഹരിദ്വാരിലെ ബ്രഹ്മകുണ്ട് സന്ദര്‍ശിച്ചു.

dbf9037f-68d4-4342-a496-31c30925b011

ഹരിദ്വാരിലെ ഗംഗ വ്യത്യസ്തമായിരുന്നു. ഋഷികേശില്‍ ശാന്ത ഗംഭീരയായിരുന്ന അവള്‍ ഹരിദ്വാറില്‍ ഉദ്ധതയായ, ശക്തയായ യുവതിയാകുന്നു. ആ തണുത്ത വെള്ളത്തില്‍ അല്‍പം സംശയത്തോടെ കാല്‍വെക്കുന്നതിന് മുമ്പ് തന്നെ അവളുടെ ദൃഢതയാര്‍ന്ന കൈകള്‍ അതിന്റെ ആഴങ്ങളിലേക്ക് എന്നെ വലിച്ചടുപ്പിക്കുന്നതായി തോന്നി. പിന്നീട് ഗംഗയുടെ തീരത്തിരിക്കുമ്പോള്‍, കൗമാരപ്രായത്തില്‍ എന്നെ ആഴത്തില്‍ സ്വാധീനിച്ച എം മുകുന്ദന്റെ ഹരിദ്വാരില്‍ മണികള്‍ മുഴങ്ങുന്നു എന്ന നോവലിനെക്കുറിച്ചോര്‍ത്തുപോയി.

അടുത്ത ദിവസം ഞങ്ങള്‍ കേദാര്‍നാഥിലേക്ക് പുറപ്പെട്ടു. കേദാര്‍നാഥിനെക്കുറിച്ച് പറയുമ്പോഴൊക്കെ സഹയാത്രികരുടെ ശബ്ദം താഴ്ന്നുപോകുന്നത് ഞാന്‍ ശ്രദ്ധിച്ചു. ഒരു പക്ഷേ 2013ലെ വെള്ളപ്പൊക്കവും മലയിടിച്ചിലും നല്‍കിയ ദുരന്തത്തിന്റെ ഓര്‍മ്മകളാവാം. അല്ലെങ്കില്‍ സമുദ്രനിരപ്പില്‍ നിന്നും 11,755 അടി ഉയരത്തില്‍ കയറാന്‍ പോകുന്നതിന്റെ ഭീതിയാവാം. ഫാട്ടവരെ ബസ്സിലും അവിടന്ന് കേദാര്‍നാഥിലേക്ക് ഹെലിക്കോപ്റ്ററിലായിരുന്നു യാത്ര.

കേദാര്‍നാഥിലെ അന്തരീക്ഷം വ്യത്യസ്തമാണ്. ഫാട്ട മുതല്‍ പിന്തുടര്‍ന്നിരുന്ന സൂര്യകിരണങ്ങള്‍ നിലത്തിറങ്ങിയപ്പോള്‍ ഞങ്ങളെ ഉപേക്ഷിച്ചു കടന്നു കളഞ്ഞു. ഹെലിക്കോപ്റ്ററില്‍ നിന്ന് നോക്കുമ്പോള്‍ പച്ചയായി തോന്നിയിരുന്ന മലനിരകള്‍ താഴെ എത്തിയപ്പോള്‍ ഇരുണ്ടതായി തോന്നി. കാലാവസ്ഥ നിമിഷ നേരത്തില്‍ മാറിക്കൊണ്ടേയിരുന്നു. അവിടെയുണ്ടായിരുന്ന ഒരു മണിക്കൂറിനുള്ളില്‍ ഞങ്ങള്‍ സൂര്യപ്രകാശത്തിലും മൂടല്‍മഞ്ഞിലും മഴച്ചാറ്റലിലും മഴയിലും സഞ്ചരിച്ച് ആലിപ്പഴങ്ങളുടെ വര്‍ഷത്തിനും സാക്ഷ്യം വഹിച്ചു.

അത്രയും പൊക്കത്തില്‍ പ്രാണവായുവിന്റെ അളവ് കുറവാണ്. ശ്വാസകോശം പൊട്ടിപ്പോവുന്നതുപോലെ തോന്നിപ്പോയി പലപ്പോഴും. ഞങ്ങളെല്ലാവരും നന്നായി കിതക്കുന്നുണ്ടായിരുന്നു. പുരാതനവും പ്രൗഢവുമായ കേദാര്‍നാഥ് ഞങ്ങള്‍ കണ്ടു. നൂറുകണക്കിന് ജനങ്ങള്‍ ഉണ്ടായിരുന്നിട്ടും ഒരു നിശ്ശബ്ദത അവിടെ തളംകെട്ടി നിന്നിരുന്നു. ആ നിശ്ശബ്ദതയില്‍ സംഭാഷണങ്ങള്‍ മന്ത്രണങ്ങളായി. ആ പ്രൗഢഗംഭീരമായ പ്രദേശത്തിലൂടെ കണ്ണോടിക്കുമ്പോള്‍ നാം എത്ര നിസ്സാരരാണെന്ന് തോന്നിപ്പോയി.

മടക്കയാത്ര മുഴുവന്‍ 2013ലെ വെള്ളപ്പൊക്കവും അതില്‍ ജീവന്‍ നഷ്ടപ്പെട്ടവരെക്കുറിച്ചുള്ള ചര്‍ച്ചയായിരുന്നു. ഇതിനിടെ ചൗഹാന്‍ജി ജലപാനമില്ലാതെ ഒരു കൂട്ടം തീര്‍ഥാടകരുമായി റോഡില്‍ ദിവസങ്ങളോളം നിന്നുപോയ ഭയാനകമായ അനുഭവത്തെക്കുറിച്ചും വിവരിച്ചുകൊണ്ടിരുന്നു. വിജനമായ സീതാപൂര്‍ താഴ്‌വരയിലുള്ള ഹോട്ടലില്‍ എത്തിയപ്പോഴും ഗിരിനിരയും താഴ്‌വരയും നദിയും ഉറപ്പില്ലാത്ത നിരത്തുകളും മാറുന്ന കാലാവസ്ഥകളും കൂടാതെ ഘോരമായ പ്രകൃതിദുരന്തങ്ങളെക്കുറിച്ചുള്ള സ്മരണകളും ഞങ്ങളെ ചൂഴ്ന്നു നിന്നു. മൂകമായ സായാഹ്നത്തില്‍ സൂര്യന്‍ അസ്തമിച്ചു. ശാന്തനായി.

ഹോട്ടലില്‍ നിന്ന് താഴ്‌വര നന്നായി കാണാനാവുമായിരുന്നു. താഴ്‌വരയില്‍ ആളുകളും മൃഗങ്ങളും കൂട്ടന്‍ യന്ത്രങ്ങളും രാപകലില്ലാതെ പണിയെടുക്കുകയാണ്. നല്ല ഒരു ശതമാനം കുട്ടികളും ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നു. കേരളത്തില്‍ ഭൂരിഭാഗം കുട്ടികളും വിദ്യാലയത്തില്‍ പോവുന്നത് കണ്ട് പരിചയിച്ച എനിക്ക് അത് വേദനിപ്പിക്കുന്ന കാഴ്ച്ചയായിരുന്നു. പ്രകൃതിക്ഷോഭത്തില്‍ നാമാവശേഷമായതെല്ലാം വീണ്ടും കെട്ടിപ്പൊക്കുകയാണ് അവര്‍. നഷ്ടപ്പെട്ടവ തിരിച്ചു പിടിക്കാനുള്ള ആവേശം.

പിറ്റേന്ന് ഞങ്ങള്‍ ഒരു ജീപ്പില്‍ കയറി ഗൗരി കുണ്ടിലേക്ക് യാത്ര തിരിച്ചു. കല്ലുപാകിയ നിരത്തിന്റെ അറ്റത്ത് ജീപ്പ് നിര്‍ത്തിയ ശേഷം ഞങ്ങള്‍ ഇറങ്ങി നടന്നു. സിമന്റിട്ട വളരെ ഇടുങ്ങിയ വഴിയായിരുന്നു അത്. ഒരു വശം വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയ വീടുകളുടെ അവശിഷ്ടങ്ങള്‍, മറുവശത്ത് കൂര്‍ത്ത പാറക്കെട്ടുകള്‍, അതിനടിയിലൂടെ അളകനന്ദ ഒഴുകുന്നു. ഒരിക്കല്‍ മനോഹരമായിരുന്ന ഗ്രാമപ്രദേശത്ത് ഇന്ന് ഇരുട്ടും നിശ്ശബ്ദതയും മാത്രം.

പുരാതനമായ ഗൗരി കുണ്ട് ക്ഷേത്രത്തെ ദുരന്തം സ്പര്‍ശിച്ചിട്ടില്ല. എങ്കിലും വളരെ പ്രശസ്തമായിരുന്ന അവിടത്തെ ചൂട് നീരുറവ ഇപ്പോള്‍ ഒരു ചെറിയ നീര്‍ച്ചാലായിത്തീര്‍ന്നിരിക്കുന്നു. എല്ലായിടത്തും പ്രളയം തകര്‍ത്തു തരിപ്പണമാക്കിയ കാഴ്ച്ചകള്‍ കാണാന്‍ സാധിക്കുമായിരുന്നു. നിശ്ശബ്ദരായി ഞങ്ങള്‍ മടങ്ങി.

പ്രഭാത ഭക്ഷണത്തിന് ശേഷം ത്രിഗുണി നാരായണ ക്ഷേത്രത്തിലേക്ക് യാത്രയായി. മനോഹരമായ ആ ഗ്രാമത്തിലെത്തിയപ്പോള്‍ ഒരു പ്രവേശനകവാടത്തിലൂടെ മറ്റൊരു സമയത്തിലേക്ക് കടന്നുപോയതായിത്തോന്നി. അവിടെ നിന്നുള്ള കാഴ്ച്ച അതിമനോഹരമായിരുന്നു. നീലാകാശത്തിന് താഴെ സൂര്യപ്രകാശത്തില്‍ തിളങ്ങി നില്‍ക്കുന്ന മഞ്ഞു മൂടിയ ഉയര്‍ന്ന ഗിരിനിരകള്‍.

അടുത്ത ദിവസം ഞങ്ങള്‍ ബദരീനാഥിലേക്ക് യാത്രയായി. ഞങ്ങളുടെ അവസാന ലക്ഷ്യസ്ഥാനം. പുഴകളും മലകളും ചെറു നഗരങ്ങളും ചെറു ഗ്രാമങ്ങളും എല്ലാം കടന്നുള്ള യാത്ര. എന്റെ യാത്രയിലുടനീളം പലനദികള്‍ എന്നെ അനുഗമിക്കുന്നുണ്ടായിരുന്നു. അളകനന്ദ, മന്ദാകിനി, ഭഗീരഥി, സരസ്വതി, ഗംഗ, ദൗലിഗംഗ പിന്നെ പിങ്ദറും. ഒരു നൂറ് തവണ ഞാന്‍ ഈ പേരുകള്‍ ഉരുവിട്ടിട്ടുണ്ടാവും. നദികളുടെ പേരുകള്‍ അര്‍ഥ സമ്പന്നമാണ്. പാറകളേയും മുള്‍ച്ചെടികളേയും തഴുകി ഒഴുകുന്ന വശ്യമായ ആഴങ്ങളുള്ള ജലസമ്പത്തുപോലെ.

പിന്നീട് ചൗഹാന്‍ജി നദീസംഗമസ്ഥാനങ്ങള്‍ കാണിച്ചു തന്നു. പുരാവൃത്തവും ചരിത്രവും കൂടിക്കലര്‍ന്ന് കിടക്കുന്ന സ്ഥലങ്ങള്‍. വിഷ്ണുപ്രയാഗ, നന്ദപ്രയാഗ, കര്‍മപ്രയാഗ, രുദ്രപ്രയാഗ, ദേവപ്രയാഗ്….ബദരീനാഥില്‍ എത്തിയപ്പോള്‍ നന്നേ ഇരുട്ടിയിരുന്നു. ശേഷിച്ച സായാഹ്നം മുഴുവന്‍ ഞാന്‍ ക്ഷേത്രത്തിനുള്ളില്‍ ചിലവാക്കി.

പ്രഭാതഭക്ഷണത്തിന് ശേഷം ഞങ്ങള്‍ ഇന്ത്യയുടെ അവസാന ഗ്രാമമായ മാനാഗാവിലേക്ക് പുറപ്പെട്ടു. വിശ്വാസത്തിനതീതമായിരുന്നു ആ അപൂര്‍വ ഗ്രാമം. മുകളിലേക്ക് നയിക്കുന്ന ഇടുങ്ങിയ പാതയുടെ വശങ്ങളില്‍ ചെറു വീടുകള്‍. അടുക്കളത്തോട്ടങ്ങളില്‍ കടുക്, കോള്ഫഌര്‍, കാബേജ് എന്നിവ സമൃദ്ധിയായി വളരുന്നു.

ഹിമാലയം അത്ഭുതങ്ങളുടെ ഭൂമിയാണ്. സരസ്വതിയുടേയും അളകനന്ദയുടേയും ഉത്ഭവസ്ഥാനം അത്യപൂര്‍വമായ കാഴ്ചയായിരുന്നു. അതിന്റെ അഭൗമ സൗന്ദര്യം പകര്‍ത്താന്‍ പക്ഷെ എന്റെ ക്യാമറ മതിയാവാതെ പോയി. സാങ്കേതിക മികവുകളെക്കാളും മനുഷ്യമനസ്സുകളുടെ പ്രതീക്ഷകളെക്കാളും എത്രയോ ഉത്കൃഷ്ടമാണ് പ്രകൃതിയുടെ പ്രഭാവം.

തിരിച്ചു മലയിറങ്ങിയ ഞങ്ങള്‍ ആ രാത്രി പിപ്പല്‍കോട്ടിയിലെ ഒരു ഹോട്ടലിലാണ് താമസിച്ചത്. പിറ്റേന്ന് രാവിലെ തുടങ്ങിയ മടക്കയാത്രയിലാണ് ഞങ്ങള്‍ സഹയാത്രികര്‍ പരസ്പരം അറിയാന്‍ ശ്രമിച്ചത്. സ്വന്തം പാതകളിലേക്ക് വഴിപിരിയുന്നതിന് മുമ്പുളള സൗഹൃദം. തിരക്കേറിയ ജീവിതത്തില്‍ നാം കാണാന്‍ മറന്നുപോകുന്ന നമ്മിലേയും നമുക്ക് ചുറ്റും ഉള്ളവരിലേയും നന്മയെ അനാവരണം ചെയ്യാനുള്ള അവസരങ്ങളാണ് യാത്രകള്‍ എന്ന് ഞാന്‍ തിരിച്ചറിഞ്ഞു.

ഈ യാത്ര കൊണ്ട് ഞാന്‍ നേടിയതെന്നാണ് എന്നെനിക്കറിയില്ല. ഒന്ന് മാത്രം വ്യക്തം-മാറ്റത്തിന്റെ ഒരു വിത്ത് ആഴത്തില്‍ നിന്ന് മുളപൊട്ടിയിരിക്കുന്നു, തീര്‍ച്ച പ്രതീക്ഷകള്‍ക്ക് ഒരു പരിണാമമില്ലാതിരിക്കുകയില്ലല്ലോ ഒരിക്കലും….