Connect with us

National

സ്വകാര്യ നഴ്‌സുമാരുടെ ശമ്പളം: നിയമ നിര്‍മാണം നടത്തണമെന്ന് സുപ്രീംകോടതി

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ സേവന വേതന വ്യവസ്ഥയില്‍ ആറ് മാസത്തിനകം നിയമ നിര്‍മാണം നടത്തണമെന്ന് സുപ്രീംകോടതി കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരെ ശമ്പളം നല്‍കാതെ മാനേജ്‌മെന്റുകള്‍ ചൂഷണം ചെയ്യുന്നതിനെതിരെ പ്രൊഫനല്‍ നഴ്‌സസ് അസോസിയേഷനും പ്രവാസി സെല്ലും നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നിര്‍ദേശം.
ഇതുസംബന്ധിച്ച് പഠനം നടത്താന്‍ നാലാഴ്ചക്കകം വിദഗ്ധസമിതിയെ നിയോഗിക്കണമെന്നും, അവര്‍ റിപ്പോര്‍ട്ട് നല്‍കിയാലുടന്‍ അതനുസരിച്ച് നിയമനിര്‍മാണം നടത്തണമെന്നും സുപ്രീംകോടതി കേന്ദ്ര സര്‍ക്കാറിന് നിര്‍ദേശം നല്‍കി.
നഴ്‌സുമാര്‍ക്ക് മിനിമം വേതനം ഉറപ്പാക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചെന്ന കാര്യത്തില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ നേരത്തെ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് സുപ്രീം കോടതി നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ സ്വകാര്യ ആശുപത്രികളിലെ സേവന വേതന വ്യവസ്ഥകളില്‍ ഇടപെടാനുള്ള അധികാരം അതാത് സംസ്ഥാന സര്‍ക്കാറുകള്‍ക്കാണെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ മറുപടി നല്‍കിയിരുന്നത്. ഈ പശ്ചാത്തലത്തിലാണ് ഇക്കാര്യത്തില്‍ വേഗത്തില്‍ നിയമനിര്‍മാണം നടത്തണമെന്ന് സുപ്രീം കോടതി കേന്ദ്രസര്‍ക്കാറിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സ്വകാര്യ ആശുപത്രികളില്‍ നഴ്‌സുമാര്‍ക്കുളള സേവനവേതനവ്യവസ്ഥകള്‍ സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്ന് നിര്‍ദേശിച്ച കോടതി പലയിടത്തും തീരെ കുറഞ്ഞ വേതനത്തിലാണ് നഴ്‌സുമാരും നഴ്‌സിംഗ് ഹോം ജീവനക്കാരും ജോലി ചെയ്യുന്നതെന്നും നിരീക്ഷിച്ചു.
സ്വകാര്യ ആശുപത്രികളില്‍ നഴ്‌സുമാരുടെയും നഴ്‌സിംഗ് ജീവനക്കാരുടെയും ശമ്പളം ദേശീയ മിനിമം വേതനനിയമത്തിനനുസരിച്ചാണോ എന്ന കാര്യത്തില്‍ പരിശോധന ആവശ്യമുണ്ട്. ഇക്കാര്യം പഠിക്കാന്‍ എത്രയും പെട്ടെന്ന് ഒരു വിദഗ്ധ സമിതിയെ നിയോഗിക്കാന്‍ സുപ്രീംകോടതി കേന്ദ്ര ആരോഗ്യമന്ത്രാലയത്തോട് ആവശ്യപ്പെട്ടു. വിദഗ്ധ സമിതി റിപ്പോര്‍ട്ട് നല്‍കിയാല്‍ ആറുമാസത്തിനകം നഴ്‌സുമാരുടെ സേവനവേതനവ്യവസ്ഥയെക്കുറിച്ച് നിയമനിര്‍മാണം നടത്തണമെന്നും കോടതി കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.