Connect with us

Gulf

നടപ്പാതയില്‍ പാര്‍ക്ക് ചെയ്താല്‍ ഷാര്‍ജയില്‍ 500 ദിര്‍ഹം പിഴ

Published

|

Last Updated

ഷാര്‍ജ: നടപ്പാതയില്‍ വാഹനം പാര്‍ക്ക് ചെയ്താല്‍ പിഴ 500 ദിര്‍ഹമാണെന്നു നഗരസഭ. പൊതുപാര്‍ക്കിങ്ങുകള്‍ കയ്യേറി അശാസ്ത്രീയമായി പാര്‍ക്ക് ചെയ്യുക, നടപ്പാതകളിലും പാര്‍ക്കിങ് നിരോധിച്ച സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്കു സമീപവും വാഹനം നിര്‍ത്തുക തുടങ്ങിയ നിയമ ലംഘനങ്ങള്‍ എമിറേറ്റില്‍ കൂടുതലാണെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. ചരക്കുവാഹനങ്ങള്‍ വരെ നടപ്പാതകളില്‍ കയറ്റിയിടുന്നുണ്ട്. മാര്‍ഗതടസ്സവും അപകടവുമുണ്ടാക്കുന്ന ഈ നിയമലംഘനങ്ങള്‍ക്ക് അടുത്തയാഴ്ച മുതല്‍ 500 ദിര്‍ഹം പിഴചുമത്തും.
പൊതുവഴികളിലും വീടുകള്‍ക്കു മുന്നിലും വാഹനം കഴുകുന്ന പതിനായിരം നിയമലംഘനങ്ങള്‍ രേഖപ്പെടുത്തിയതായി മുനിസിപ്പാലിറ്റി സെന്റേഴ്‌സ് ഡയറക്ടര്‍ ഫൈസല്‍ അല്‍മുല്ല അറിയിച്ചു. എമിറേറ്റില്‍ 17 കമ്പനികള്‍ക്കു വാഹനം കഴുകാനുള്ള കരാര്‍ നഗരസഭ നല്‍കിയിട്ടുണ്ട്. ഇതിനു പുറമേ ശാസ്ത്രീയമായി വാഹനങ്ങള്‍ കഴുകാനായി വ്യാപാര, വ്യവസായ മേഖലകളില്‍ സവിശേഷ സംവിധാനങ്ങളുണ്ട്. ഇന്ധന സ്‌റ്റേഷനുകളിലെ കാര്‍ കഴുകല്‍ കേന്ദ്രങ്ങള്‍ക്കു പുറമെയാണിത്. ഈ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്താതെ വാഹനങ്ങള്‍ കഴുകാന്‍ തൊഴിലാളികളേയോ പാറാവുകാരേയോ ഏല്‍പ്പിച്ചാല്‍ പിഴ ഈടാക്കുക വാഹന ഉടമകളില്‍ നിന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Latest