Connect with us

Kerala

ടി പി ശ്രീനിവാസന്‍ സംഭവം: നിഷ്‌ക്രിയരായ ഉദ്യോഗസ്ഥരെ പിരിച്ചുവിടണമെന്ന് ഡിജിപി

Published

|

Last Updated

തിരുവനന്തപുരം: കോവളത്ത് ഗ്ലോബല്‍ എജ്യുക്കേഷന്‍ മീറ്റിനിടയില്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ടി പി ശ്രീനിവാസന്‍ ആക്രമിക്കപ്പെട്ടപ്പോള്‍ നടപടി എടുക്കാതിരുന്ന പോലീസുദ്യോഗസ്ഥര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് ഐ ജിക്ക് സംസ്ഥാന പോലിസ് മേധാവി നിര്‍ദ്ദേശം നല്‍കി.
കേരള പോലീസിന്റെ സമീപകാല ചരിത്രത്തില്‍ നാണക്കേടുണ്ടാക്കിയ സംഭവമാണ് ടിപി ശ്രീനിവാസന്‍ ആക്രമിക്കുന്നതും ആക്രമണത്തിന് ശേഷവും തികഞ്ഞ പോലീസ് അനാസ്ഥയും നിസംഗതയും പ്രകടിപ്പിച്ച് നിരവധി പോലിസുദ്യോഗസ്ഥര്‍ നില്‍ക്കുന്നതും കാണേണ്ടിവന്നതെന്ന് ഡിജിപി ഫേസ് ബുക്ക് പോസ്റ്റില്‍ കുറിച്ചു. കോവളത്ത് മുഖ്യമന്ത്രി തന്നെ പങ്കെടുക്കുന്ന ചടങ്ങ് പ്രതീക്ഷിച്ച് ആവശ്യത്തിന് ശക്തമായ പോലിസ് സുരക്ഷ ഏര്‍പ്പെടുത്തുന്നതിനും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ആവശ്യമായ അധിക പോലിസ് സേനയെ നല്‍കുകയും നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ ശരിയായ നിര്‍ദേശങ്ങള്‍ നല്‍കിയില്ല.
അദ്ദേഹത്തെ വളരെയധികം സമരക്കാര്‍ ഉപദ്രവിക്കുന്നതു കണ്ടിട്ടും സമീപമുണ്ടായിരുന്ന പോലീസുദ്യോഗസ്ഥര്‍ ഇടപെടാന്‍ ശ്രമിച്ചില്ല. ഒടുവില്‍ ഒരുകൂട്ടം പോലീസുദ്യോഗസ്ഥരുടെ ഇടയിലേക്ക് നടന്നുവന്ന അദ്ദേഹത്തെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ നിരവധി കേസുകളില്‍ അറസ്റ്റ് ചെയ്യപ്പെടേണ്ട ഒരാള്‍ പോലീസുദ്യോഗസ്ഥരുടെ മധ്യത്തില്‍വച്ച് ആക്രമിക്കുമ്പോള്‍ അത് തടയുന്നതിനോ അക്രമിയെ പിടികൂടുന്നതിനോ യാതൊരു ശ്രമവും നടത്തിക്കണ്ടില്ല. മര്‍ദനമേറ്റയാളെ സഹായിക്കുന്നതിനുപോലും അവിടെയുണ്ടായിരുന്ന പോലീസുദ്യോഗസ്ഥര്‍ ശ്രമിച്ചില്ല. രണ്ട് പോലിസ് സബ് ഇന്‍സ്‌പെക്ടര്‍മാരും മറ്റ് പോലീസുദ്യോഗസ്ഥരും തികച്ചും ലജ്ജാകരമായ സാമാന്യമര്യാദപോലുമില്ലാത്തവിധമാണ് പെരുമാറിയത്. ഇവര്‍ക്കെതിരേ പിരിച്ചുവിടല്‍ അടക്കമുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കണം.
ഒരു സസ്‌പെന്‍ഷനില്‍ നില്‍ക്കുന്നതുകൊണ്ട് ഇത്തരം ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനരീതികളില്‍ കാര്യമായ മാറ്റങ്ങളുണ്ടാവില്ല. കര്‍ത്തവ്യബോധം, മനുഷ്യാവകാശ സംരക്ഷണം, പോലിസുദ്യോഗസ്ഥര്‍ എന്ന നിലയിലുള്ള പ്രവര്‍ത്തനം എന്നിവയിലൂന്നി തുടര്‍പരിശീലനം നല്‍കുന്നതിനായി കേരള പോലീസ് അക്കാദമിയില്‍ ഒരുവര്‍ഷത്തെ തുടര്‍പരിശീലനത്തിനായി അയക്കേണ്ടതാണെന്നും ഡിജിപി ഫേസ്ബുക്കില്‍ കുറിച്ചു. അവിടെ റിപോര്‍ട്ട് ചെയ്തതിന്റെ രേഖകളുടെ അടിസ്ഥാനത്തില്‍ മാത്രമെ ഇനിയുള്ള ഇവരുടെ ശമ്പളവും പോലീസ് അടിസ്ഥാനത്തിലുള്ള മറ്റ് സൗകര്യങ്ങളും നല്‍കേണ്ടതുള്ളൂ.
ഈ സംഭവം നടക്കുന്ന സമയം കോവളത്ത് ചാര്‍ജിലുണ്ടായിരുന്ന പോലീസ് അസിസ്റ്റന്റ് കമ്മീഷണറുടെ കൈയില്‍നിന്നും എന്തുകൊണ്ട് കൃത്യവിലോപത്തിനും, മനുഷ്യാവകാശ ലംഘനത്തിനും നടപടി സ്വീകരിക്കാതിരിക്കണം എന്നതിനുള്ള വിശദീകരണം വാങ്ങേണ്ടതാണെന്നും നിര്‍ദേശമുണ്ട്.

---- facebook comment plugin here -----

Latest