Connect with us

Kerala

മെട്രോ പദ്ധതി: നിലവില്‍ 500 കോടി ലാഭമെന്ന് ഡി എം ആര്‍ സി

Published

|

Last Updated

കൊച്ചി: മെട്രോ പദ്ധതി പൂര്‍ത്തിയാകും മുമ്പെ തന്നെ ഇതുവരെ 500 കോടിയോളം രൂപ നിലവില്‍ ലാഭമുണ്ടായിട്ടുണ്ടെന്ന് ഡി എം ആര്‍ സി. കോച്ചുകള്‍ കുറഞ്ഞ വിലക്ക് ലഭിച്ചതോടെയാണ് 500 കോടിയോളം രൂപ ഇതുവരെ ലാഭമുണ്ടാക്കാനായതെന്ന് അധികൃതര്‍ പറയുന്നു.
പദ്ധതി തുകയില്‍ നിന്നും 13.2 കോടി രൂപ കുറവില്‍ പച്ചാളത്ത് മേല്‍പാലം നിര്‍മിച്ചു നല്‍കി മാതൃകയായ ഡി എം ആര്‍ സി മെട്രൊ നിര്‍മാണത്തിലും സര്‍ക്കാര്‍ ഖജനാവിന് ലാഭമുണ്ടാക്കുകയാണ്. മെട്രൊയുടെ ആദ്യഘട്ടമായ ആലുവ മുതല്‍ മഹാരാജാസ് വരെയുള്ള 18 കിലോമീറ്റര്‍ ഭാഗത്തെ നിര്‍മാണമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. 4300 കോടി രൂപയാണ് ഇവിടേക്കായി വകയിരിത്തുയിരിക്കുന്നത്. അടുത്ത മാസം മെട്രൊ കോച്ചുകള്‍ യാര്‍ഡിന് പുറത്തേക്ക് പരീക്ഷണ ഓട്ടം നടത്താനിരിക്കെയാണ് ലാഭ വിഹിതത്തിന്റെ കണക്കുകള്‍ ഡിഎം ആര്‍ സി പുറത്തു വിട്ടത്.
കോച്ചുകള്‍ കുറഞ്ഞ വിലക്ക് ലഭിച്ചതിന് പുറമേ നിര്‍മാണ കരാറിനുള്ള തുക 25 ശതമാനം കുറഞ്ഞതും നേട്ടമായെന്ന് കൊച്ചി മെട്രൊ റെയില്‍ കോര്‍പ്പറേഷനും ചൂണ്ടിക്കാട്ടുന്നു. ആന്ധ്രയിലെ ശ്രീസിറ്റിയിലെ ആല്‍സ്‌റ്റോമിന്റെ പ്ലാന്റിലാണ് മെട്രൊക്ക് ആവശ്യമായ കോച്ചുകള്‍ നിര്‍മിക്കുന്നത്. ആദ്യ ട്രെയ്‌നിനുള്ള മൂന്ന് കോച്ചുകളാണ് നിലവില്‍ മുട്ടം യാര്‍ഡില്‍ പരീക്ഷണ ഓട്ടത്തിനായി എത്തിച്ചിരിക്കുന്നത്.
ഒരു കോച്ചിന് 12 കോടി രൂപയാണ് ഹുണ്ടായി റോട്ടം കമ്പനി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ആല്‍സ്‌റ്റോം നിര്‍മിച്ചു നല്‍കിയ കോച്ചിന് 8.4 കോടി രൂപ മാത്രമാണ് ചിലവായത്. ഇതേ കോച്ചുകള്‍ ലെക്‌നോ മെട്രൊക്ക് ആല്‍സ്‌റ്റോം 10.8 കോടി രൂപക്കാണ് നിര്‍മിച്ചു നല്‍കിയത്. നിശ്ചയിച്ചിരുന്നതിലും 233 കോടി രൂപ കുറവാണിത്. 2010ല്‍ ചെന്നൈ മെട്രൊ കോച്ചുകള്‍ വാങ്ങിയത് ഇതിലും 38 ലക്ഷം രൂപ അധികം നല്‍കിയാണെന്നും കെ എം ആര്‍എല്‍ അധികൃതര്‍ പറയുന്നു. വിശദമായ പദ്ധതി രേഖയില്‍ മെട്രൊ കോച്ചുകള്‍ വാങ്ങാന്‍ സാധിച്ചുവെന്നതാണ് കൊച്ചി മെട്രൊയുടെ നേട്ടം.
അത്യാധുനിക രീതിയില്‍ നിര്‍മിക്കുന്ന കോച്ചുകള്‍ക്കുള്ളിലെ ഇലക്ട്രിക്കല്‍, സിഗ്‌നലിംഗ് ജോലികളും കുറഞ്ഞ ചെലവില്‍ നടത്താനായി. എല്‍ ആന്‍ഡ് ടി ഉള്‍പ്പെടെയുള്ള വന്‍കിട കമ്പനികളില്‍ നിന്നും കുറഞ്ഞ നിരക്കിലാണ് കൊച്ചി മെട്രൊക്ക് കരാര്‍ ലഭിച്ചത്. വന്‍കിട പദ്ധതികള്‍ പദ്ധതി തുകയിലും കൂടുതല്‍ തുക ചിലവഴിക്കുമ്പോഴാണ് കുറഞ്ഞ ചിലവില്‍ പണികള്‍ പൂര്‍ത്തിയാക്കി ഡിഎംആര്‍സി മാതൃകയാകുന്നത്. ഡി എം ആര്‍ സിയുടെ വിശ്വാസ്യതയും ബില്ലുകള്‍ വേഗത്തില്‍ മാറി നല്‍കുന്നതും ലാഭത്തിനു കാരണമാകുന്നുണ്ട്.
ആലുവ മുതല്‍ പേട്ട വരെ വിഭാവനം ചെയ്തിരിക്കുന്ന കൊച്ചി മെട്രൊ പദ്ധതിക്ക് 5180 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

---- facebook comment plugin here -----