Connect with us

Malappuram

ജൈവ പച്ചക്കറി കൃഷിയില്‍ പൊന്നുവിളയിച്ച് കൃഷ്ണന്‍

Published

|

Last Updated

കോട്ടക്കല്‍:ജൈവ പച്ചക്കറി കൃഷിയില്‍ മൂന്നര പതിറ്റാണ്ടായി നൂറുമേനി വിളയിക്കുകയാണ് ചങ്കുവെട്ടികുണ്ട് സ്വദേശി വടക്കന്‍ കൃഷ്ണന്‍. നാടന്‍ വളം മാത്രം ചേര്‍ത്ത് എട്ടടി പടവലം വിളയിപ്പിച്ചത് മുതല്‍ നന്നായി നോക്കിയാല്‍ കോളിഫഌവറും നൂറുമേനി വിളവെടുക്കാമെന്ന് തെളിയിക്കുകയാണ് ഈ കര്‍ഷകന്‍.

ആര്യവൈദ്യശാലയുടെ 50 സെന്റ് സ്ഥലത്താണിദ്ദേഹം കഴിഞ്ഞ 35 വര്‍ഷമായി ജൈവ പച്ചക്കറി വിളയിപ്പിച്ചു വരുന്നത്. കോവല്‍, പാവക്ക, വഴുതന, പച്ചമുളക്, തക്കാളി, നേന്ത്രപ്പഴം, ചെങ്കദളി, അമ്പലക്കതലി, വെണ്ട, തുടങ്ങി ഒട്ടേറെ ഇനങ്ങളാണ് ഇദ്ദേഹം കൃഷി ചെയ്യുന്നത്. കുട്ടിപ്രായത്തില്‍ കൗതുകത്തിന് തുടങ്ങിയ കൃഷി പിന്നീട് ഉപജീവന മാര്‍ഗമായി സ്വീകരിക്കുകയായിരുന്നു. വിഷമില്ലാത്ത പച്ചക്കറി എന്ന ആശയം ആദ്യമെ കൊണ്ട് നടന്ന ഇദ്ദേഹം തന്റെ കൃഷിയിടത്തില്‍ അത് വിജിയിപ്പിച്ചെടുക്കുക തന്നെ ചെയ്തു. കുറച്ച് കാലമായി കോളിഫഌവര്‍ കൃഷി ഇറക്കി വരികയാണ്. ഇപ്പോള്‍ 45 മുരടുകളാണ് ഇദ്ദേഹം കൃഷി ചെയ്തിരിക്കുന്നത്. നല്ല വിളക്കിട്ടാന്‍ പരിചരണത്തിനൊപ്പം കാലാവസ്ഥയും അനുകൂലമാണെങ്കിലെ വിജയിപ്പിക്കാനാവൂ. ഒക്ടോബര്‍- ജനുവരി മാസമാണ് ഇതിന് അനുയോജ്യം. ഇതറിഞ്ഞാണ് വിത്തിറക്കിയത്. നന്നായി വിളവെടുക്കാനായെന്ന് കൃഷ്ണന്‍.

ജൈവ വളങ്ങള്‍ കൊണ്ട് തന്നെ നല്ല വിളവെടുക്കാന്‍ കഴിയുമെന്നാണ് ഇദ്ദേഹത്തിന്റെ പക്ഷം. നന്നായി നോക്കണമെന്ന് മാത്രം. ചായികളും മറ്റും ആക്രമിക്കുന്നതില്‍ നിന്നും സംരക്ഷണം നല്‍കണം. ആനക്കയം വിത്തുത്പാദക കേന്ദ്രത്തില്‍ നിന്നുള്ള വിത്തുകളാണിദ്ദേഹം കൃഷിക്കായി ഉപയോഗിക്കുന്നത്. ഇതിന് പുറമെ മറ്റ് നാടന്‍ വിളകളുടെ വിത്തുകളും ഉപയോഗിക്കും. ആട്ടിന്‍ കാഷ്ടം, കോഴിക്കാഷ്ടം എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രധാന വളങ്ങള്‍. തന്റെ വിളകളൊന്നും ഇന്ന് വരെ മാര്‍ക്കറ്റില്‍ വിറ്റഴിച്ചിട്ടില്ലെന്നതാണ് ഇദ്ദേഹത്തിന്റെ കൃഷിയുടെ പ്രത്യേകത. എല്ലാം ആര്യവൈദ്യശാലയിലേക്കും അവിടെത്തെ ജീവനക്കാര്‍ക്കുമാണ് നല്‍കുന്നത്. കൂടുതല്‍ വരുന്നത് ആര്യവൈദ്യശലയുടെ തന്നെ ഭക്ഷണ ശാലയിലേക്ക് നല്‍കും.