Connect with us

Wayanad

സൗജന്യ മണ്ണ് പരിശോധന ക്യാമ്പയിന്‍

Published

|

Last Updated

കല്‍പ്പറ്റ: കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ സൗജന്യ മണ്ണ് പരിശോധന ക്യാമ്പയിന്‍ നാളെ രാവിലെ 10 മുതല്‍ നടത്തും. മണ്ണ് സാമ്പിളുമായി രാവിലെ 9.30 ന് കല്‍പ്പറ്റ ടൗണ്‍ ഹാളില്‍ എത്തണമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു.
പരിശോധനക്കായി എടുക്കുന്ന സാമ്പിള്‍, കൃഷിസ്ഥലത്തെ മുഴുവന്‍ പ്രതിനിധീകരിക്കുന്നതായിരിക്കണം. മണ്ണ് സാമ്പിള്‍ എടുക്കുന്ന സ്ഥലം പുല്ലും ഇലകളും നീക്കം ചെയത് വൃത്തിയാക്കിയ ശേഷം മണ്‍വെട്ടി ഉപയോഗിച്ച് ഇംഗ്ലീഷിലെ “വി” അക്ഷരത്തിന്റെ മാതൃകയില്‍ മണ്ണ് വെട്ടിയെടുക്കുക. നെല്‍പാടങ്ങളില്‍ 15 സെന്റിമീറ്ററും മറ്റ് സ്ഥലങ്ങളില്‍ 25 സെന്റിമീറ്ററും ആഴത്തിലാണ് കുഴിയെടുക്കേണത്. വെട്ടിമാറ്റിയ കുഴിയില്‍നിന്നും മുകളറ്റം മുതല്‍ താഴെ വരെ 2 സെ മീ കനത്തില്‍ മണ്ണ് അരിഞ്ഞെടുക്കണം. കൃഷി സ്ഥലത്തിന്റെ വിസ്തീര്‍ണ്ണം അനുസരിച്ച് 8 മുതല്‍ 16 സ്ഥലങ്ങളില്‍ നിന്നും ഇങ്ങനെ സാമ്പിള്‍ ശേഖരിക്കണം. ശേഖരിച്ച മണ്ണ് നന്നായി കൂട്ടികലര്‍ത്തി അതില്‍ നിന്നും കല്ലുകളും ചെടിയുടെ അവശിഷ്ടങ്ങളും മറ്റും നീക്കികളയുക. മണ്ണ് നിരത്തിയിട്ട ശേഷം നെടുകെയും കുറുകെയും ഓരോ വരവരച്ച് നാല് ഭാഗങ്ങളാക്കണം. ഇതില്‍നിന്നും കോണോടുകോണ്‍ വരുന്ന രണ്ട് ഭാഗങ്ങള്‍ മാത്രം എടുത്ത് വീണ്ടും കൂട്ടിക്കലര്‍ത്തി ഈ പ്രക്രിയ തുടരണം. ഏകദേശം 1/2 കി.ഗ്രാം മണ്ണ് ആകുമ്പോള്‍ അത് വൃത്തിയുള്ള കടലാസില്‍ നിരത്തി തണലത്ത് ഉണക്കിയെടുക്കണം. ഉണങ്ങിയ മണ്ണ് സാമ്പിള്‍ തുണിസഞ്ചിയിലോ പ്ലാസ്റ്റിക്ക് കവറിലോ നിറച്ച് പരിശോധനക്ക് അയക്കാം. സാമ്പിളിന്റെ കൂടെ കൃഷിക്കാരന്റെ പേര്, മേല്‍വിലാസം, സര്‍വ്വെ നമ്പര്‍, വിസ്തീര്‍ണ്ണം, വിളകളുടെ വിവരം എന്നിവ കൂടി രേഖപ്പെടുത്തിയിരിക്കണം മണ്ണ് സാമ്പിള്‍ എടുക്കുമ്പോള്‍ വരമ്പിനോട് ചേര്‍ന്നുകിടക്കുന്ന ഭാഗങ്ങള്‍, പുതുതായി വളം ചേര്‍ത്ത സ്ഥലങ്ങള്‍, പഴയ കുഴികള്‍, വെള്ളം കെട്ടിനില്‍ക്കുന്ന സ്ഥലങ്ങള്‍, വളക്കുഴിക്കടുത്ത പ്രദേശങ്ങള്‍ എന്നിവ ഒഴിവാക്കണം. വളം, കുമ്മായം എന്നിവ ചേര്‍ത്ത് 3 മാസമെങ്കിലും കഴിയാത്ത പ്ലോട്ടുകളില്‍ നിന്നും സാമ്പിള്‍ എടുക്കരുത്. ശേഖരിച്ച് 6 മാസം കഴിഞ്ഞ മണ്ണ് പരിശോധനക്ക് അയക്കാന്‍ പാടുള്ളതല്ല.

Latest