Connect with us

Gulf

ഇന്ത്യന്‍ പാഠപുസ്തകങ്ങള്‍ക്ക് തീവില; തീരുമാനിക്കുന്നത് ഉത്തരേന്ത്യന്‍ ലോബികള്‍

Published

|

Last Updated

അജ്മാന്‍: ഒരേ സിലബസ്, ഒരേ പാഠപുസ്തകം. എന്നിട്ടും വില തോന്നിയപോലെ. യു എ ഇയിലെ ഇന്ത്യന്‍ സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്കായി നല്‍കുന്ന പാഠപുസ്തകവിലയും തീരുമാനിക്കുന്നത് ഉത്തരേന്ത്യന്‍ ലോബി.
വന്‍ തുകയാണ് പല കമ്പനികളും പാഠപുസ്തകങ്ങള്‍ക്കായി കുട്ടികളില്‍ നിന്ന് ഈടാക്കുന്നത്. സ്‌കൂള്‍ മാനേജ്‌മെന്റുകളും സ്വകാര്യ പുസ്തക പ്രസാധന കമ്പനികളും ചേര്‍ന്ന് നടത്തുന്ന ഈ കച്ചവടത്തില്‍ വലിയ സാമ്പത്തിക ബാധ്യതയാണ് രക്ഷിതാക്കള്‍ക്ക് നേരിടേണ്ടി വരുന്നത്. സി ബി എസ് ഇ, ഐ സി എസ് ഇ സിലബസുകളില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളിലാണ് പാഠപുസ്തകത്തിന്റെ പേരില്‍ ഈ ദുരവസ്ഥ നടക്കുന്നത്.
സി ബി എസ് ഇ സിലബസുകളില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് എന്‍ സി ഇ ആര്‍ ടി തയ്യാറാക്കിയ പാഠപുസ്തകങ്ങളാണ് അംഗീകരിച്ചിട്ടുള്ളത്. ഇവക്ക് വില കുറവാണ്. എന്നാല്‍ ഒമ്പത്, പത്ത് ക്ലാസുകളില്‍ മാത്രമാണ് സ്‌കൂളുകള്‍ ഈ പുസ്തകങ്ങള്‍ ഉപയോഗിക്കാറുള്ളത്. മറ്റുള്ള ക്ലാസുകളിലേക്കുള്ള പുസ്തകങ്ങളും എന്‍സി ഇ ആര്‍ ടി തയ്യാറാക്കിയിട്ടുണ്ടെങ്കിലും മിക്ക സ്‌കൂളുകളും ഇവ ഉപയോഗിക്കാറില്ല. പകരം സ്വകാര്യ പ്രസാധകര്‍ തയ്യാറാക്കിയ പുസ്തകങ്ങളാണ് പഠനോപാധി. ഇവയുടെ ഉള്ളടക്കമാവട്ടെ എന്‍ സി ഇ ആര്‍ ടി പുസ്തകങ്ങള്‍ക്ക് സമാനവുമാണ്. എന്നിട്ടും എന്‍ സി ഇആര്‍ ടി പുസ്തകങ്ങളുടെ പത്തിരട്ടിയോളം വിലയാണ് സ്വകാര്യ പ്രസാധകരുടെ പുസ്തകങ്ങള്‍ക്ക്.
എന്‍ സി ആര്‍ ടി തയ്യാറാക്കിയ അഞ്ചാം തരത്തിലെ ഗണിതശാസ്ത്രത്തിന്റെ വില 30 രൂപയാണ്. ഇതേ ക്ലാസിലെ സ്വകാര്യ പ്രസാധരുടെ വില 250 മുതല്‍ 280 വരെയാണ്. 45 രൂപ വിലയുള്ള ആറാം തരത്തിലെ സയന്‍സ് പാഠപുസ്‌കത്തിന് സ്വകാര്യ പുസ്തക പ്രസാധകര്‍ 285 മുതല്‍ 350 രൂപവരെയാണ് ഈടാക്കുന്നത്. ഇന്ത്യന്‍ രൂപയുടെ വില മാത്രമാണ് പുസ്തകങ്ങളില്‍ അച്ചടിച്ചിട്ടുള്ളത്. അതെസമയം യു എ ഇയിലേക്ക് ഇറക്കുമതി ചെയ്യുന്നതോടെ മറ്റ് പുസ്തകങ്ങളുടെ കാര്യത്തിലെന്നപ്പോലെ ദിര്‍ഹത്തിന്റെ കാര്യത്തില്‍ വില കൂട്ടുകയാണ് ചെയ്യാറുള്ളത്.
നിലവില്‍ പാഠപുസ്തക വിതരണത്തിന്നായി രണ്ട് ഡസനിലേറെ കമ്പനികളുടെ വിവിധ പുസ്തകങ്ങളാണ് മാര്‍ക്കറ്റിലുള്ളത്. സ്‌കൂളുകളില്‍ അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശന നടപടികള്‍ പുരോഗമിക്കുന്നതിന്റെ ഭാഗമായി പാഠപുസ്തകങ്ങളുടെ പരിഷ്‌ക്കരണവും നടന്നുവരികയാണ്. വിവിധ പ്രസാധകരുടെ മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവുകള്‍ സ്‌കൂളുകളെ സമീപിച്ച് വ്യവഹാരം ഉറപ്പിക്കാനുള്ള ശ്രമവും സക്രിയമാണ്. ഇതിനായി വന്‍ ഓഫറുകളും കമ്മീഷനുകളുമാണ് പുസ്തക കമ്പനികള്‍ സ്‌കൂളുകള്‍ക്കായി നല്‍കുന്നത്.
തങ്ങളുടെ പുസ്തകങ്ങളുടെ വ്യവഹാരം ഉറപ്പിക്കാന്‍ അധ്യാപകര്‍ക്കായി സിഡികളും കൈപുസ്തകങ്ങളും ചില കമ്പനികള്‍ നല്‍കിവരുന്നുണ്ട്. കൂടാതെ പോര്‍ട്ടല്‍ വഴി ഓണ്‍ലൈന്‍ പഠന വിഭവങ്ങളും പങ്കുവെക്കുമെന്ന് വാഗ്ദാനം ചെയ്യാറുണ്ടെങ്കിലും ഇവയില്‍ പലതും പിന്നീട് കാര്യക്ഷമമായി പ്രവര്‍ത്തിക്കാറില്ല.
അടുത്ത അധ്യയന വര്‍ഷത്തില്‍ ക്ലാസ് കയറ്റം കിട്ടുന്ന കുട്ടികള്‍ക്ക് കഴിഞ്ഞ വര്‍ഷം ഇതേ ക്ലാസില്‍ ഉപയോഗിച്ചിരുന്ന പാഠപുസ്തകങ്ങളും ഇതുവഴി ഉപയോഗിക്കാനാവില്ല. ഫലത്തില്‍ ഓരോ വര്‍ഷവും കുട്ടികള്‍ക്ക് പാഠപുസ്തകങ്ങളും മാറ്റി വാങ്ങേണ്ട ഗതികേടാണ്. ഉള്ളടക്കങ്ങളില്‍ തുടര്‍ച്ച നഷ്ടപ്പെടാനും ഇത് കാരണമാകുന്നു. ഓരോ വര്‍ഷവും പുസ്തകം മാറ്റുന്ന നടപടി രക്ഷിതാക്കള്‍ക്ക് സാമ്പത്തിക ബാധ്യതയേറാനും കാരണമാകുയാണെന്ന് രക്ഷിതാക്കള്‍ പറയുന്നു.

---- facebook comment plugin here -----

Latest