Connect with us

International

മുസ്‌ലിം അഭയാര്‍ഥികളുടെമേല്‍ ആസ്‌ത്രേലിയയില്‍ പരിശോധന കര്‍ശനമാക്കുന്നു

Published

|

Last Updated

സിഡ്‌നി: സിറിയയില്‍ നിന്നും ഇറാഖില്‍ നിന്നും വരുന്ന മുസ്‌ലിം അഭയാര്‍ഥികളെ തിരഞ്ഞുപിടിച്ച് കര്‍ശന പരിശോധനക്ക് വിധേയമാക്കണമെന്ന് കാണിച്ച് ആസ്‌ത്രേലിയന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. അതീവ രഹസ്യമായി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ ഉത്തരവ് മാധ്യമങ്ങള്‍ക്ക് ലഭിക്കുകയായിരുന്നു.

പല തലത്തിലുള്ള പരിശോധന നടത്തിയ ശേഷം മാത്രമേ ഇവരെ രാജ്യത്തേക്ക് കടത്താവൂ എന്നും ഇപ്പോള്‍ എത്തിച്ചേര്‍ന്നവരെ പുതിയ മാനദണ്ഡങ്ങള്‍ ചുമത്തി പുറത്താക്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. അന്താരാഷ്ട്ര സമ്മര്‍ദത്തെ തുടര്‍ന്ന് 12,000 അഭയാര്‍ഥികള്‍ക്ക് കൂടി രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കുമെന്ന് ആസ്‌ത്രേലിയന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചതിന് പിറകെയാണ് രഹസ്യ ഉത്തരവ് പുറത്ത് വന്നിരിക്കുന്നത്. പരിശോധനകള്‍ക്ക് പുതിയ കര്‍ശന മാനദണ്ഡങ്ങള്‍ വെക്കുന്നതാണ് ഉത്തരവ്. “അഭയാര്‍ഥികളില്‍ ചിലര്‍ സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുന്ന വിശ്വാസങ്ങള്‍, സംഘടനാ ബന്ധങ്ങള്‍, പ്രശ്‌നങ്ങള്‍ എന്നിവയുമായാണ് എത്തുക. ഇത്തരക്കാരെ കണ്ടെത്തി തിരിച്ചയക്കണം.
ആസ്‌ത്രേലിയയില്‍ ജീവിക്കാന്‍ അവര്‍ അനുയോജ്യരാണോ എന്ന് എല്ലാ അര്‍ഥത്തിലും പരിശോധിച്ചിരിക്കണം” -ഉത്തരവില്‍ പറയുന്നു. ആസ്‌ത്രേലിയയിലെ പ്രധാന പരമ്പരാഗത നിവാസികളായ ലബനീസ് സമൂഹത്തെ വിവാദ രേഖ കടന്നാക്രമിക്കുന്നുണ്ട്. രാജ്യത്തെ തീവ്രവാദ ഗ്രൂപ്പുകളില്‍ മിക്കവരും ഈ സമൂഹത്തില്‍ നിന്നാണെന്ന് രേഖയില്‍ പറയുന്നു.
സന്നദ്ധ സംഘടനകളുടെ ഭാഗമായെത്തുന്നവരെയും പരിശോധനക്ക് വിധേയമാക്കണമെന്നും കുടിയേറ്റ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നുണ്ട്.

അതേസമയം, അത്തരം ഒരു ഉത്തരവും തങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്ളും കുടിയേറ്റ മന്ത്രി പീറ്റര്‍ ഡറ്റണും പറഞ്ഞു. ആസ്‌ത്രേലിയയെ സുരക്ഷയെ മുന്‍നിര്‍ത്തിയുള്ള തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്ന് മാല്‍ക്കം വ്യക്തമാക്കുകയും ചെയ്തു.
എന്നാല്‍ തികച്ചും പ്രതിലോമകരമായ ചുവടുവെപ്പാണ് സര്‍ക്കാര്‍ നടത്തിയിരിക്കുന്നതെന്ന് പ്രതിപക്ഷ ലേബര്‍ പാര്‍ട്ടി വക്താവ് റിച്ചാര്‍ഡ് മാറല്‍സ് പറഞ്ഞു. തികച്ചും വിവേചനപരമായ കുടിയേറ്റ നയമാണ് ഇത്. ഇതാണ് ആസ്‌ത്രേലിയന്‍ ജനതയുടെ ആഗ്രഹമെന്ന് സര്‍ക്കാര്‍ കരുതരുതെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. പ്രതിപക്ഷത്തെ ചെറു പാര്‍ട്ടിയായ ഗ്രീന്‍ പാര്‍ട്ടി കുറച്ചു കൂടി ശക്തമായ ആക്രമണമാണ് നടത്തിയത്. അഭയം തേടിയെത്തുന്നവരെ അടിച്ചോടിക്കുന്നതിന് തുല്യമാണ് ഈ ഉത്തരവെന്ന് ഗ്രീന്‍സ് സെനറ്റര്‍ സാറാ ഹാന്‍സണ്‍ യംഗ് പറഞ്ഞു. ഈ ഉത്തരവ് മുസ്‌ലിം സമൂഹത്തെ ഒറ്റപ്പെടുത്തുന്നതിനും കൂടുതല്‍ തീവ്രവാദികളെ സൃഷ്ടിക്കുന്നതിനും മാത്രമേ ഉപകരിക്കൂ എന്ന് ലബനീസ് മുസ്‌ലിം അസോസിയേഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

---- facebook comment plugin here -----

Latest