Connect with us

National

നാഷനല്‍ ഹെറാള്‍ഡ് കേസ്: വെബ്‌സൈറ്റിലൂടെ വിശദീകരണവുമായി കോണ്‍ഗ്രസ്

Published

|

Last Updated

ന്യൂഡല്‍ഹി: നാഷനല്‍ ഹെറാള്‍ഡ് കേസില്‍ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ പാര്‍ട്ടിയുടെ നിലപാട് വിശദീകരിച്ച് കോണ്‍ഗ്രസ് രംഗത്ത്.
പാര്‍ട്ടിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ ഐ എന്‍ സി ഡോട്ട് ഇന്നിലാണ് ചോദ്യോത്തരങ്ങളിലൂടെ പാര്‍ട്ടി നിലപാട് വിശദീകരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ബി ജെ പി ഉയര്‍ത്തുന്ന ആരോപണങ്ങളെയെല്ലാം തള്ളിക്കളയുന്ന പോസ്റ്റില്‍ പാര്‍ട്ടി നേതാവും കേസില്‍ ആരോപണ വിധേയര്‍ക്കായി ഹാജരാകുന്ന അഭിഭാഷകനുമായ കപില്‍ സിബല്‍, ബി ജെ പി ഉയര്‍ത്തുന്ന ആരോപണങ്ങള്‍ക്ക് മറുപടി പറയുന്ന വീഡിയോകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പാര്‍ട്ടിയേയും നേതാക്കളെയും അപകീര്‍ത്തിപ്പെടുത്തുക എന്ന രാഷ്ട്രീയ ലക്ഷ്യമാണ് ബി ജെ പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ കേസിന്റെ പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു
അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡ് (എ ജെ എല്‍) സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ട സമയത്ത് രൂപവത്കരിച്ച യംഗ് ഇന്ത്യന്‍ ലിമിറ്റഡ് എന്ന കമ്പനി റിയല്‍ എസ്റ്റേറ്റ് കമ്പനിയായിരുന്നെന്നും ഇത് രൂപവത്കരിച്ചത് എ ജെ എല്ലിന്റെ ആസ്തികള്‍ കൈക്കലാക്കാനാണെന്നുമുള്ള ആരോപണങ്ങള്‍ തെറ്റാണെന്ന് പാര്‍ട്ടി വ്യക്തമാക്കുന്നു.
രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലോണ്‍ കൊടുക്കുന്നതിന് നിയമപരമായി വിലക്കൊന്നുമില്ല. ഇക്കാര്യം സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ 2012ല്‍ വ്യക്തമായ ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. ലോണ്‍ നല്‍കിയ കാര്യം ചൂണ്ടിക്കാണിച്ച് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അംഗീകാരം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുബ്രഹ്മണ്യം സ്വാമി സമര്‍പ്പിച്ച ഹരജി തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഫുള്‍ ബഞ്ച് തള്ളുകയായിരുന്നെന്നും വെബ്‌സൈറ്റിലൂടെ വ്യക്തമാക്കുന്നു. 1956ലെ കമ്പനീസ് ആക്ടിലെ സെക്ഷന്‍ 25 പ്രകാരം രൂപം നല്‍കിയ ലാഭേച്ഛയില്ലാത്ത കമ്പനിയായ യംഗ് ഇന്ത്യന്‍ ലിമിറ്റഡിന്റെ ഡയറക്ടര്‍മാര്‍, ഓഹരിയുടമകള്‍ എന്ന നിലയില്‍ ആര്‍ക്കും കമ്പനിയില്‍ നിന്ന് എന്തെങ്കിലും സാമ്പത്തിക നേട്ടങ്ങള്‍ സ്വീകരിക്കാനാകില്ല. ഇത് നിയമപരമായി നിരോധിക്കപ്പെട്ടിട്ടുണ്ട്. അതിനാല്‍ സോണിയാ ഗാന്ധിക്കോ രാഹുല്‍ ഗാന്ധിക്കോ കമ്പനിയില്‍ നിന്നും യാതൊരു സാമ്പത്തിക നേട്ടവും ലഭിച്ചിട്ടില്ല. എ ജെ എല്ലിന്റെ ആസ്തികളെല്ലാം കമ്പനിയുടേത് തന്നെയാണ്. അതില്‍ നിന്ന് ഒരു പൈസ പോലും യംഗ് ഇന്ത്യന്‍ ലിമിറ്റഡിനോ അതിന്റെ ഓഹരിയുടമകള്‍ക്കോ ലഭിച്ചിട്ടില്ലെന്നും വെബ്‌സൈറ്റില്‍ ചോദ്യോത്തരങ്ങളിലൂടെ പറയുന്നു.
യംഗ് ഇന്ത്യന്‍ ലിമിറ്റഡ് റിയല്‍ എസ്റ്റേറ്റ് കമ്പനിയാണെന്ന കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റിലിയുടെ പ്രസ്താവന തെറ്റാണ്. എല്ലാ ആസ്തികളും എ ജെ എല്ലിന്റെ ഉടമസ്ഥതയിലാണ്. ഭൂമി പോലുള്ള സ്ഥാവര സ്വത്തുക്കളൊന്നും യംഗ് ഇന്ത്യ ലിമിറ്റഡിനില്ലാത്തതിനാല്‍ ഈ ആരോപണം വാസ്തവവിരുദ്ധമാണെന്നും പാര്‍ട്ടി പറയുന്നു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രസിദ്ധീകരണം അവസാനിപ്പിച്ച നാഷണല്‍ ഹെറാള്‍ഡ് ദിനപത്രത്തിന്റെ ഉടമകളായ എ ജെ എല്ലിനെ 2010ലാണ് സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ബോര്‍ഡ് അംഗങ്ങളായ യംഗ് ഇന്ത്യന്‍ ലിമിറ്റഡ് എന്ന കമ്പനി ഏറ്റെടുത്തത്. ഈ ഇടപാട് എ ജെ എല്ലിന്റെ ആസ്തികള്‍ കൈവശപ്പെടുത്താനായിരുന്നെന്നും ഇതിലൂടെ 5000 കോടി രൂപയുടെ വെട്ടിപ്പ് നടന്നെന്നും ആരോപിച്ചാണ് ബി ജെ പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി 2012ല്‍ കേസ് ഫയല്‍ ചെയ്തത്.
കേസ് റദ്ദാക്കാനും കേസില്‍ നേരിട്ട് ഹാജരാകുന്നതില്‍ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ആഴ്ച സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും സുപ്രീം കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു.

---- facebook comment plugin here -----

Latest