Connect with us

Gulf

യു എ ഇയുടെ ചരിത്രം വിവരിക്കുന്നത് ഒമ്പത് സര്‍വകലാശാലകളിലെ 300 വിദ്യാര്‍ഥികള്‍

Published

|

Last Updated

അബുദാബി:ഉത്സവ നഗരിയിലെത്തുന്ന സന്ദര്‍ശകര്‍ക്ക് യു എ ഇയുടെ പുരാതന ചരിത്രം വിവരിച്ചുനല്‍കുന്നത് പുതുതലമുറയിലെ വിദ്യാര്‍ഥി സംഘം. അബുദാബി ഖസ്‌റുല്‍ ഹുസ്ന്‍ ഉത്‌സവത്തിനെത്തുന്നവര്‍ക്കാണ് വിവിധ സര്‍വകലാശാലകളിലെ വിദ്യാര്‍ഥി സംഘം രാജ്യത്തിന്റെ പഴമയുടെ കഥകള്‍ വിശദീകരിച്ചുകൊടുക്കുന്നത്. 300 വിദ്യാര്‍ഥികളാണ് ഇതിനായി നിയമിക്കപ്പെട്ടിട്ടുള്ളത്.
യു എ ഇയുടെ സംസ്‌കാരവും പാരമ്പര്യവും പകര്‍ന്നുകൊടുക്കാനും അതുപോലെ സന്ദര്‍ശകരുടെ അനുഭവം മെച്ചപ്പെടുത്താനുമാണ് ഉത്സവ നഗരിയില്‍ വിദ്യാര്‍ഥി വിദ്യാര്‍ഥിനികളെ ഒരുക്കിയിട്ടുള്ളത്. കഴിഞ്ഞ മൂന്നിന് തുടങ്ങിയ ഉത്സവം 13ന് അവസാനിക്കും.
മരുഭൂമി, തീരദേശം എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളായാണ് ഉത്സവ നഗരിയെ ഒരുക്കിയിട്ടുള്ളത്. ഇവിടങ്ങളിലെ സംവേദനാത്മക അനുഭവങ്ങള്‍, പ്രവര്‍ത്തനങ്ങള്‍, തത്സമയ പ്രകടനങ്ങള്‍ എന്നിവ വിശദീകരിച്ച് കൊടുക്കുന്ന വിദ്യാര്‍ഥികള്‍ സന്ദര്‍ശകരുടെ പ്രശംസ ഏറെ പിടിച്ചുപറ്റിക്കഴിഞ്ഞു.
യുവതലമുറയെ പഴയ തലമുറയുമായി ബന്ധിപ്പിക്കുന്നതിനും ഇമാറാത്തിന്റെ ചരിത്രവും പാരമ്പര്യവും പൈതൃകവും പുതുതലമുറക്ക് മനസ്സിലാക്കുവാനുമാണ് അബുദാബി സാംസ്‌കാരിക വകുപ്പ് ഖസ്ര്‍ അല്‍ ഹുസ്ന്‍ ഫെസ്റ്റിവല്‍ ഒരുക്കിയിട്ടുള്ളത്.
യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് യൂനിവേഴ്‌സിറ്റി, സായിദ് യൂനിവേഴ്‌സിറ്റി ആന്റ് ടെക്‌നോളജി, പെട്രോളിയം ഇന്‍സ്റ്റിറ്റിയൂട്ട്, ഖലീഫ യൂണിവേഴ്‌സിറ്റി, അബുദാബി യൂണിവേഴ്‌സിറ്റി, എമിറേറ്റ്‌സ് കോളജ്, അബുദാബി അല്‍ ഹുസ്ന്‍ യൂണിവേഴ്‌സിറ്റി തുടങ്ങിയ സര്‍വകലാശാലകളിലെ വിദ്യാര്‍ഥികളാണ് പങ്കെടുക്കുന്നത്.

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി