Connect with us

Gulf

മിനയിലെ പക്ഷി കമ്പോളം വ്യതിരിക്തം

Published

|

Last Updated

അബുദാബി:വളര്‍ത്തു മൃഗങ്ങളുടെയും പക്ഷികളുടെയും വ്യത്യസ്തമായ ലോകമാണ് മിനയിലെ പക്ഷി കമ്പോളം. വളര്‍ത്തുമൃഗങ്ങളുടെ മനോഹര ലോകവുമാണിത്.
കേരളത്തില്‍ അന്യമായ മൃഗങ്ങളും പക്ഷികളും ഇവിടെ കാണാന്‍ കഴിയുന്നു. ധാരാളം സന്ദര്‍ശകര്‍ എത്തുന്നുണ്ട്.
സ്വദേശികളുടെ ഉടമസ്ഥതയിലുള്ള മാര്‍ക്കറ്റ് നടത്തുന്നവരിലധികവും മലയാളികളാണ്. ആയിരം ദിര്‍ഹം വിലയുള്ള സമ്പ്ര മുതല്‍ ലക്ഷം വിലയുള്ള മക്കാവോ പക്ഷികള്‍ വരെ ഇവിടെയുണ്ട്. സ്വദേശികളെപോലെ തന്നെ വിദേശികളും മൃഗങ്ങളെയും പക്ഷികളെയും വാങ്ങാന്‍ മാര്‍ക്കറ്റില്‍ എത്താറുണ്ട്. സ്വദേശികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട കനാരി പക്ഷികള്‍ക്കാണ് ആവശ്യക്കാര്‍ ഏറെ.
ഹോളണ്ട്, സിറിയ, ആഫ്രിക്ക എന്നീ രാജ്യങ്ങളില്‍നിന്നും പക്ഷികളും എലികളുമെത്തുമ്പോള്‍ പാക്കിസ്ഥാനില്‍ നിന്നും ബട്ജി ഇനത്തിലുള്ള പക്ഷികളെത്തുന്നു. ആഫ്രിക്കന്‍ ഭൂഖണ്ഡങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന പക്ഷികള്‍ക്കാണ് വിലകൂടുതല്‍.
മനുഷ്യനെപ്പോലെ സംസാരിക്കുകയും സലാം പറയുകയും ചെയ്യുന്ന ആഫ്രിക്കന്‍ ഇനത്തില്‍പ്പെട്ട കാസകോ പക്ഷികള്‍ക്കാണ് ആവശ്യക്കാര്‍ കൂടുതല്‍. ആവശ്യമായ പരിശീലനം നല്‍കിയാല്‍ മനുഷ്യരോട് ഏറ്റവും അടുത്ത് ഇടപഴകുന്ന വിഭാഗമാണ് കാസകോ പക്ഷികളെന്ന് പക്ഷിമാര്‍ക്കറ്റില്‍ 16 വര്‍ഷമായി ജോലിചെയ്യുന്ന തിരുവനന്തപുരം കണിയാപുരം സ്വദേശി സവാദ് പറഞ്ഞു. കനാരി പക്ഷികള്‍ക്കും ആവശ്യക്കാര്‍ കൂടുതലുണ്ടെങ്കിലും പക്ഷിയുടെ ശബ്ദം നോക്കിയാണ് പക്ഷിയുടെ വിലനിര്‍ണയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
യു എ ഇയിലെ പക്ഷിമാര്‍ക്കറ്റുകളില്‍ വെച്ച് ഏറ്റവും വലിയതാണ് മിനായിലേത്. പക്ഷികള്‍ക്കും, മൃഗങ്ങള്‍ക്കും പുറമെ ഇവകള്‍ക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കളും വീട്ടുപകരണങ്ങളും മാര്‍ക്കറ്റില്‍ വില്‍പനക്കുണ്ട്. മേഖലയില്‍ പ്രാവിണ്യം തെളിയിച്ചവരാണ് മാര്‍ക്കറ്റിലെ ജീവനക്കാരിലധികവും.

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി

Latest